ആപ്പ് തുറക്കുമ്പോള്‍ റീല്‍സ് മാത്രം, ചരിത്രത്തിലെ വലിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം, ഇന്ത്യയില്‍ പരീക്ഷണം

Photo: Adam Mosseri
Photo: Adam Mosseri

ഇന്‍സ്റ്റഗ്രാമിന്റെ സജീവ ഉപഭോക്താക്കളുടെ എണ്ണം 300 കോടി കവിഞ്ഞതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്. കേവലം ഫോട്ടോഷെയറിങ് ആപ്പ് എന്നതിലുപരി ഇന്‍സ്റ്റഗ്രാം ഒരു ഷോര്‍ട്ട് വീഡിയോ അധിഷ്ടിത സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായി ഇതിനകം പരിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്ലാറ്റ്‌ഫോമിന്റെ ഈ നേട്ടത്തിൽ മുഖ്യ പങ്കുവഹിക്കുന്നത് റീല്‍സും ഡയറക്ട് മെസേജ് സേവനവുമാണെന്ന് ഇന്‍സ്റ്റഗ്രാം സിഇഒ ആദം മൊസേരി വ്യക്തമാക്കുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം അതിന്റെ ചരിത്രത്തിലെ വലിയൊരു പരിവര്‍ത്തനത്തിനൊരുങ്ങുകയാണ്. റീല്‍സിനും ഡയറക്ട് മെസേജിനും പ്രാമുഖ്യം നല്‍കി ഇന്‍സ്റ്റഗ്രാമിന്റെ ഡിഫോള്‍ട്ട് പേജ് മാറ്റുകയാണ് കമ്പനി. അതായത് ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ ആദ്യം കാണുന്ന ഡിഫോള്‍ട്ട് ടാബ് ആയി റീല്‍സിനെ കൊണ്ടുവരുന്നു. നിലവില്‍ ഉപഭോക്താവിന്റെ പ്രൊഫൈലും പങ്കുവെച്ച പോസ്റ്റുകളുടെ ഗാലറി ഗ്രിഡുമാണ് കാണുക. ഇന്ത്യയിലാണ് ഈ മാറ്റം പരീക്ഷിക്കുന്നത്. ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും വിധമായിരിക്കും ഈ ഫീച്ചര്‍.

ഈ ഫീച്ചര്‍ തിരഞ്ഞെടുത്താല്‍, ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ കാണുന്ന ഡിഫോള്‍ട്ട് പേജില്‍ മുകളിലായി ഇപ്പോഴുള്ളത് പോലെ സ്‌റ്റോറീസ് ഉണ്ടാവും. എന്നാല്‍, പോസ്റ്റുകള്‍ക്ക് പകരം റീല്‍സ് ആണ് കാണുക. ഈ സ്‌ക്രീന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അത് റീല്‍സിന്റെ ഫുള്‍ സ്‌ക്രീന്‍ ആയി മാറുകയും വീഡിയോകള്‍ കാണുകയും ചെയ്യാം. ഇതോടെ ടിക് ടോക്കിനും മറ്റ് ഷോര്‍ട്ട് വീഡിയോ ആപ്പുകള്‍ക്കും സമാനമായി ഇന്‍സ്റ്റഗ്രാമിന്റെ ലേഔട്ട് മാറും.

ഈ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് താഴെയുള്ള നാവിഗേഷന്‍ ബാറില്‍നിന്ന് വളരെ എളുപ്പത്തില്‍ ഡയറക്ട് മെസേജുകള്‍ എടുക്കാനും സാധിക്കും. ഇതിന് പുറമെ പ്രത്യേക ഫോളോയിങ് ടാബും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റുകള്‍ കാണാം. ഉപഭോക്താവ് പങ്കുവെക്കുന്ന ചിത്രങ്ങള്‍ പഴയതുപോലെ ഹോം പേജില്‍ തന്നെയാണുണ്ടാവുക. ഇതിനായി നാവിഗേഷന്‍ ബാറിലെ ഹോം ബട്ടനില്‍ ടാപ്പ് ചെയ്യാം. പുതിയ ലേ ഔട്ട് താത്പര്യമില്ലെങ്കില്‍ അത് ഒഴിവാക്കുകയും ചെയ്യാം. നിലവില്‍ ഇന്ത്യയിലെ പരിമിതമായ എണ്ണം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓപ്ഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.

Content Highlights: Instagram is testing a major redesign in India where the app opens directly to Reels as the default tab, prioritizing short videos and DMs, with an opt-in option and a new customizable Following tab for enhanced user engagement.