MRI സ്‌കാനർ തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ്; പ്രവർത്തനച്ചെലവ് കുറയും

രാജ്യത്ത് ആദ്യമായി തദ്ദേശീയ എംആർഐ (മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിംഗ്) സ്‌കാനർ വികസിപ്പിച്ചെടുത്ത് സോഹോ പിന്തുണയ്ക്കുന്ന സ്റ്റാർട്ടപ്പായ വോക്‌സൽഗ്രിഡ്‌സ്. സ്റ്റാർട്ടപ്പ് സ്ഥാപകനായ അർജുൻ അരുണാചലം റെയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും 12 വർഷത്തെ ഗവേഷണങ്ങളുടെ ഫലമാണ് നേട്ടം. സുപ്രധാന രോഗനിർണയ ഉപകരണമായ എംആർഐ സംവിധാനം നിലവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാറാണുള്ളത്.
നാഗ്പൂരിനടുത്തുള്ള ചന്ദ്രപൂർ കാൻസർ കെയർ ഫൗണ്ടേഷനിലാണ് നിലവിൽ ഈ എംആർഐ സ്‌കാനർ സ്ഥാപിച്ചിട്ടുള്ളത്.സീമെൻസ്, ജിഇ ഹെൽത്ത്കെയർ പോലുള്ള ലോകോത്തര കമ്പനികളുടെ എംആർഐകളുടെ പ്രാദേശിക പതിപ്പല്ല ഇതെന്ന് നിർമാതാക്കൾ പറയുന്നു. സാങ്കേതികമായി അവയെക്കാൾ മുന്നിലാണിത്. ദ്രാവക ഹീലിയം ഉപയോഗിക്കാത്തിനാൽ വോക്‌സൽഗ്രിഡ്സ് എംആർഐ സ്‌കാനറുകൾ നിർമിക്കാൻ ഏകദേശം 40 ശതമാനം ചിലവ് കുറവാണ്. ഊർജ ഉപയോഗം കുറവായതിനാൽ പ്രവർത്തന ചെലവും കുറയും.
രാജ്യത്തെ ആശുപത്രികളിലടക്കം എംആർഐ സ്‌കാനറുകളുടെ ലഭ്യത ഗണ്യമായി വർധിപ്പിക്കാൻ ഈ കണ്ടെത്തൽ സഹായകമായകുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ ഏകദേശം 5,000 എംആർഐ മെഷീനുകൾ മാത്രമാണുള്ളതെന്നാണ് സമീപകാല കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പത്ത് ലക്ഷം പേർക്ക് ഏകദേശം 3.5 മെഷീനുകൾ എന്ന നിലയിലാണ് രാജ്യത്തെ എംആർഐ മെഷീനുകളുടെ ലഭ്യത. സീമെൻസ്, ജിഇ, ഫിലിപ്‌സ്, യുണൈറ്റഡ് ഇമേജിംഗ്, ഹിറ്റാച്ചി എന്നീ വിദേശ കമ്പനികളാണ് ഇന്ത്യയിലെ എംആർഐ വിപണിയിൽ വരുമാനത്തിന്റെ കാര്യത്തിൽ 91 ശതമാനത്തിലധികവും കൈയാളുന്നത്.
വോക്‌സൽഗ്രിഡ്‌സിന്റെ ബെംഗളൂരുവിലെ യൂണിറ്റിന് പ്രതിവർഷം 20-25 സ്‌കാനറുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. നിരവധി ആശുപത്രികൾ തദ്ദേശീയ എംആർഐ സ്‌കാനറിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ഈ സാമ്പത്തിക വർഷാവസാനത്തോടെ അത് വിപണിയിലിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു. എംആർഐ മെഷീനുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിലാണ് വോക്‌സൽഗ്രിഡ്സ് ടീം.
കണ്ടെയ്നറൈസ്ഡ് മൊബൈൽ പതിപ്പ് വികസിപ്പിക്കാനുള്ള പരിശ്രമവും കമ്പനി നടത്തുന്നുണ്ട്. നിലവിൽ ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയിൽ കയറ്റുമതിക്കുള്ള സാധ്യതയും തേടുന്നുണ്ട്. കമ്പനി സൊഹോയിൽ നിന്ന് 5 മില്യൺ (50 ലക്ഷം) ഡോളർ ഫണ്ടിങ് നേടിയിട്ടുണ്ട്. വൻതോതിലുള്ള ഉത്പാദനത്തിലേക്ക് നീങ്ങുന്നതോടെ കൂടുതൽ നിക്ഷേപം ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Content Highlights: Zoho-backed VoxelGrids unveils India`s first indigenously designed MRI scanner, offering advanced features & cost savings. Revolutionizing medtech in India