ജിപിടി-5 ഇന്ത്യന്‍ ഐടി വ്യവസായത്തിന് ഭീഷണിയോ? വരുമാന നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്

ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്ജിപിടിയുടെ ഏറ്റവും നൂതന പതിപ്പായ ജിപിടി-5 ഇന്ത്യയുടെ 283 ബില്യണ്‍ ഡോളറിന്റെ ഐടി സേവന വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ പഠനത്തെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. ജിപിടി-5-ന്റെ മെച്ചപ്പെട്ട കോഡിംഗ് കഴിവുകളാല്‍ ശക്തിപ്രാപിച്ച ജനറേറ്റീവ് എഐയുടെ ഉപയോഗം അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് 2-3 ശതമാനം വരെ വരുമാന നഷ്ടത്തിലേക്ക് നയിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സോഫ്റ്റ്‌വെയര്‍ സേവനങ്ങളെയും കസ്റ്റമര്‍ സര്‍വീസ് ഔട്ട്സോഴ്സിംഗ് മേഖലകളെയും ഇത് ഒരുപോലെ ബാധിച്ചേക്കും. വന്‍തോതില്‍ സോഫ്റ്റ്വെയര്‍ കോഡര്‍മാരെ നിയമിക്കുന്നതിനെ ആശ്രയിക്കുന്ന ഇന്ത്യന്‍ ഐടി വ്യവസായം എഐ മൂലമുള്ള പ്രതിസന്ധി തരണംചെയ്യുന്നതിനിടെയാണ് ജിപിടി-5ന്റെ വരവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മിതബുദ്ധി (എഐ) ഉത്പാദനക്ഷമത 20-40 ശതമാനം വര്‍ധിപ്പിച്ചതായും എന്‍ജിനീയര്‍മാരുടെ ആവശ്യം കുറച്ചതായും പരമ്പരാഗത ബില്ലിംഗ് രീതികളില്‍ നിന്ന് വ്യവസായം മാറുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോഡിംഗ്, ഗണിതം, എഴുത്ത് തുടങ്ങിയ മേഖലകളില്‍ കാര്യമായ മെച്ചപ്പെടുത്തലുകളുള്ള ജിപിടി-5 നെ ഇതുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും മികച്ച എഐ സിസ്റ്റം എന്നാണ് ഓപ്പണ്‍എഐ വിശേഷിപ്പിക്കുന്നത്.
ജിപിടി-5 ഹ്രസ്വകാല വെല്ലുവിളികള്‍ ഉയര്‍ത്തുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. തുടക്കത്തില്‍ ജെന്‍എഐയുടെ ഉപയോഗം വരുമാനത്തില്‍ തിരിച്ചടിയുണ്ടാക്കിയേക്കാമെങ്കിലും എഐ സഹായത്തോടെയുള്ള പുതിയ അവസരങ്ങള്‍ കാലക്രമേണ ഈ നഷ്ടം നികത്തുമെന്ന് കോട്ടക്കിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഈ നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതില്‍ കാലതാമസം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlights: GPT-5`s enhanced coding may impact India`s IT sector, causing revenue decline says report