ഇന്ത്യ, ചൈന, ഇറാൻ, റഷ്യ..; ടെലഗ്രാമിന് ഇത്രയധികം തിരിച്ചടികൾ നേരിടേണ്ടിവരുന്നത് എന്തുകൊണ്ട്?

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനെതിരേ ഭീകരതക്കുറ്റം ചുമത്തിയിരിക്കുകയാണ് റഷ്യ. അന്താരാഷ്ട്ര കുറ്റവാളിപ്പട്ടികയിൽപ്പെടുത്തി ദുറോവിനെ അറസ്റ്റുചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് റഷ്യയുടെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബി. പറയുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്‌തെന്നാരോപിച്ചാണ് നീക്കം.
യുക്രൈൻ രഹസ്യാന്വേഷണ ഏജൻസികൾ, ഭീകരർ, തീവ്രവാദ സംഘടനകൾ എന്നിവ ടെലഗ്രാമിലെ പല ചാനലുകളും ഗ്രൂപ്പുകളും ബോട്ടുകളും ദുരുപയോഗപ്പെടുത്തുകയാണെന്ന് റഷ്യ ആരോപിക്കുന്നു. സമാനമായ ആരോപണം ഇന്ത്യയിലും ടെലഗ്രാം നേരിട്ടിരുന്നു. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ടല്ല, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടായിരുന്നു അത്. ചോദ്യപേപ്പർ ചോർത്താനും തുടർന്ന് അവ വിൽക്കാനുമടക്കം ടെലഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെത്തുടർന്ന് കേന്ദ്രം ടെലഗ്രാമിന് താത്കാലിക വിലക്കേർപ്പെടുത്തി. നീറ്റ് യുജി പുനഃപരീക്ഷ പൂർത്തിയായ ശേഷമാണ് ടെലഗ്രാം രാജ്യത്ത് പുനസ്ഥാപിച്ചത്. കേന്ദ്ര നീക്കത്തിനെതിരെ ടെലഗ്രാം സിഇഓ അന്ന് ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യയോ റഷ്യയോ മാത്രമല്ല, നിരവധി രാജ്യങ്ങൾ ടെലഗ്രാമിനെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
കടുത്ത തിരിച്ചടി നേരിട്ടത് ദുറോവിന്റെ സ്വന്തം രാജ്യത്തുനിന്ന്
ഒരു ഭരണകൂടവുമായുള്ള ടെലിഗ്രാമിന്റെ ഏറ്റവും ശക്തമായ ഏറ്റുമുട്ടലുകളിലൊന്ന് നടന്നിട്ടുള്ളത് റഷ്യയിലാണ്. ടെലഗ്രാം സ്ഥാപകൻ പാവൽ ദുറോവിന്റെ ജന്മനാടാണ് റഷ്യ. എൻക്രിപ്ഷൻ കീകൾ അധികാരികൾക്ക് കൈമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് സർക്കാർ ഈ മെസേജിങ് ആപ്ലിക്കേഷൻ തടഞ്ഞു.
തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്ക് എൻക്രിപ്ഷൻ കീ കൈമാറ്റം അത്യാവശ്യമാണെന്ന് റഷ്യൻ ഭരണകൂടം വാദിച്ചു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് ടെലിഗ്രാം നിലപാടെടുത്തു. നിരോധനം രണ്ട് വർഷത്തിലേറെ നീണ്ടുനിന്നെങ്കിലും VPN-കളും പ്രോക്‌സി സേവനങ്ങളും ഉപയോഗിച്ച് ഉപയോക്താക്കൾ നിയന്ത്രണങ്ങൾ മറികടന്നതിനാൽ ഇത് ഫലപ്രദമായില്ല. 2020-ൽ റഷ്യ നിരോധനം പിൻവലിച്ചു.
2026 ഏപ്രിലിൽ റഷ്യയിൽ ഇലക്ട്രോണിക് പേയ്മെന്റ്, ബാങ്കിങ് സേവനങ്ങളിൽ വലിയ തടസ്സം നേരിട്ടു. റഷ്യ VPN-കൾ തടയുന്നതിനും ടെലിഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനും വേണ്ടി നടത്തിയ നീക്കങ്ങളാണ് ഈ തടസത്തിന് പിന്നിലെന്ന ആരോപണവുമായി ദുറോവ് രംഗത്തെത്തി. റഷ്യൻ നീക്കങ്ങൾ നിർണായക ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചുവെന്നും പേയ്മെന്റ് സിസ്റ്റം തകരാറുകൾക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തകരാർ വാണിജ്യ ഇടപാടുകൾ നടത്തുന്നവർക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. മെട്രോ സ്റ്റേഷനുകളിലേക്ക് ടിക്കറ്റില്ലാതെ പ്രവേശനം അനുവദിക്കാൻ മോസ്‌കോ മെട്രോ നിർബന്ധിതരായി. പല സ്ഥലങ്ങളിലും ഉപയോക്താക്കൾക്ക് നേരിട്ട് പണം നൽകേണ്ടിവന്നു. ഇത്തരത്തിൽ വലിയ തലവേദനയാണ് ദുറോവിന്റെ ടെലഗ്രാം റഷ്യൻ ഭരണകൂടത്തിന് സൃഷ്ടിച്ചത്.
ദുറോവിനെ അറസ്റ്റുചെയ്ത് ഫ്രഞ്ച് അധികൃതർ
ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിയമപാലകരുമായി സഹകരിക്കാത്തതിന്റെ പേരിൽ 2024 ഓഗസ്റ്റിൽ ഫ്രഞ്ച് അധികാരികൾ Paris-Le Bourget വിമാനത്താവളത്തിൽനിന്ന് ദുറോവിനെ അറസ്റ്റ് ചെയ്തിരുന്നു. ടെലഗ്രാം ചാനലുകൾ ക്രമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്. എന്നാൽ അദ്ദേഹത്തിന്റെ അറസ്റ്റ് മോസ്‌കോയിൽ പ്രതിഷേധം ഉയർന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ പാശ്ചാത്യ നീക്കമായി റഷ്യ അറസ്റ്റിനെ അന്ന് ചിത്രീകരിച്ചിരുന്നു.
എന്നാൽ റഷ്യയിൽ ജനിച്ച ശതകോടീശ്വരനായ ദുറോവ് ഫ്രാൻസ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ പൗരത്വം നേടിയിട്ടുണ്ട് എന്നതാണ് കൗതുകകരം. നിലവിൽ അദ്ദേഹം ദുബായിലാണ് താമസിക്കുന്നത്. ടെലഗ്രാമിന്റെ ആസ്ഥാനവും അവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഇറാനിലും ടെലഗ്രാമിന് നിരോധനം
സർക്കാർ വിരുധ പ്രക്ഷോഭങ്ങൾക്ക് ശേഷം 2018 ഏപ്രിലിൽ ഇറാൻ ടെലിഗ്രാം നിരോധിച്ചു. കലാപം പ്രചരിപ്പിക്കുകയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിച്ചായിരുന്നു നടപടി. ഇറാനിലെ ഏറ്റവും പ്രചാരമുള്ള മെസേജിങ് ആപ്ലിക്കേഷനായിരുന്നു ടെലഗ്രാം. ലക്ഷക്കണക്കിന് ഇറാനികൾ അത് ഉപയോഗിച്ചിരുന്നു. അധികാരികൾ ആഭ്യന്തര ബദലുകൾ പ്രോത്സാഹിപ്പിച്ചെങ്കിലും പല ഉപയോക്താക്കളും VPN-കളും മറ്റ് പരിഹാര ഉപകരണങ്ങളും ഉപയോഗിച്ച് ടെലിഗ്രാം തുടർന്നും ഉപയോഗിച്ചുകൊണ്ടിരുന്നു.
ചൈനയിലും പ്രശ്‌നങ്ങൾ
ചൈനീസ് സർക്കാരിന്റെ വിശാലമായ ഇന്റർനെറ്റ് സെൻസർഷിപ്പ് നീക്കങ്ങളുടെ ഭാഗമായി 2015-ൽ ടെലിഗ്രാം തടഞ്ഞിരുന്നു. ആക്ടിവിസ്റ്റുകൾ, അഭിഭാഷകർ, മനുഷ്യാവകാശ ഗ്രൂപ്പുകൾ എന്നിവർ സർക്കാർ നിയന്ത്രിത പ്ലാറ്റ്ഫോമുകൾക്ക് പുറത്ത് സംഘടിക്കാനും ആശയവിനിമയം നടത്താനും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
2024 ഏപ്രിലിൽ ചൈനീസ് സർക്കാരിന്റെ നിർദ്ദേശത്തെത്തുടർന്ന് ആപ്പിൾ തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു. ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ദുറോവ് രംഗത്തെത്തി. തന്റെ കാൽ മുറിച്ചുമാറ്റുന്നതിന് സമാനമായ നടപടിയാണ് ആപ്പിൾ സ്വീകരിച്ചതെന്ന് അന്ന് ദുറോവ് ആരോപിച്ചിരുന്നു.
ബ്രസീൽ
സുരക്ഷാ ആശങ്കകളെത്തുടർന്ന് ബ്രസീൽ രണ്ട് തവണ ടെലഗ്രാം നിരോധിച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച അന്വേഷണത്തോട് ടെലിഗ്രാം സഹകരിച്ചില്ലെന്ന് ആരോപിച്ച് ബ്‌സീലിലെ സുപ്രീം കോടതി രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താൻ ഉത്തരവിട്ടു. കോടതി ഉത്തരവുകൾക്ക് കമ്പനി അനുസരിച്ചതോടെ നിരോധനം പിന്നീട് പിൻവലിച്ചു.
2023-ൽ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന നിയോ-നാസി ഗ്രൂപ്പുകളെക്കുറിച്ചുള്ള ക്രിമിനൽ അന്വേഷണത്തെത്തുടർന്ന് വീണ്ടും താത്കാലിക നിരോധനം വന്നു. അന്വേഷണം നേരിടുന്ന വ്യക്തികളെക്കുറിച്ചുള്ള ഡാറ്റാ ടെലിഗ്രാം അധികാരികൾക്ക് നൽകാൻ തയ്യാറാകാതിരുന്നതോടെ ആയിരുന്നു ഇത്.
പാകിസ്താൻ
സുരക്ഷാ ആശങ്കകളും ഉള്ളടക്ക നിയന്ത്രണ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പാകിസ്താൻ പലതവണ ടെലഗ്രാം നിരോധിച്ചിട്ടുണ്ട്. തടസങ്ങളില്ലാതെ പാകിസ്താനിൽ പ്രവർത്തിക്കാൻ വർഷങ്ങളോളം ടെലഗ്രാമിന് സാധിച്ചിട്ടില്ല. ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ നിരോധനങ്ങളും സേവന തടസങ്ങളും നേരിടേണ്ടിവന്നു.
2017-ൽതന്നെ പാകിസ്താൻ ഈ മെസ്സേജിങ് ആപ്ലിക്കേഷനന് നിയന്ത്രണം കൊണ്ടുവന്നിരുന്നു. രാജ്യ സുരക്ഷ, ഉള്ളടക്ക നിയന്ത്രണങ്ങളുമായി സഹകരിക്കാത്തത്, തീവ്രവാദ ആശങ്കകൾ എന്നിവയാണ് പാക് ഭരണകൂടം ചൂണ്ടിക്കാണിച്ചത്. ടെലിഗ്രാമിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ശക്തമായ സ്വകാര്യത ഫീച്ചറുകളും പാക് അധികൃതർക്ക് സ്വീകാര്യമായിരുന്നില്ല. ഈ ആപ്ലിക്കേഷനുള്ള നിയന്ത്രണങ്ങൾ പാകിസ്താനിൽ ഇപ്പോഴും തുടരുകയാണ്.
തായ്‌ലാൻഡ് (2020)
രാജ്യത്തെ ജനാധിപത്യവാദികളുടെ പ്രതിഷേധത്തിനിടെ റാലികൾ സംഘടിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചതിനെത്തുടർന്ന് തായ് അധികാരികൾ ടെലിഗ്രാം തടയാൻ ശ്രമിച്ചിരുന്നു.
ക്യൂബ (2021)
2021 ജൂലായിലെ സർക്കാർ വിരുദ്ധ പ്രകടനങ്ങൾക്കിടെ ക്യൂബയിൽ ടെലിഗ്രാമിലേക്കുള്ള പ്രവേശനം തടയപ്പെട്ടു. മറ്റ് സോഷ്യൽ മീഡിയ - മെസേജിങ് സേവനങ്ങളെയും ഇത് ബാധിച്ചു. ക്രമസമാധാനം നിലനിർത്താൻ ഈ നടപടികൾ ആവശ്യമാണെന്ന് അധികൃതർ വാദിച്ചു.
യുക്രെയ്ൻ (2024)
യുക്രെയ്ൻ ടെലിഗ്രാം പൂർണമായും നിരോധിച്ചിട്ടില്ല. എന്നാൽ ഔദ്യോഗിക സർക്കാർ- സൈനിക സംവിധാനങ്ങളിൽ അതിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ ചാരപ്പണിക്കും വിവരശേഖരണത്തിനും വേണ്ടി പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്ക അധികാരികൾക്കുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾ പൊതുജനങ്ങളെ ബാധിക്കാതെ ഔദ്യോഗിക സംവിധാനങ്ങളിൽ മാത്രമായി യുക്രെയ്ൻ പരിമിതപ്പെടുത്തിയിട്ടുണ്ട്.
Content Highlights: India implements a week-long Telegram ban to prevent NEET-UG 2026 cheating., The restriction is effective until June 22, 2026., Telegram CEO Pavel Durov criticizes the move, citing the impact on 150 million Indian users., Historical context provided on Telegram bans in Russia, Iran, China, Brazil, and other nations., Ongoing global tension between Telegram's privacy-first encryption and government security mandates.