ഇന്ത്യ കയറ്റി അയച്ചത് 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണ്‍

മുംബൈ: പെട്രോളിയം ഉത്പന്നങ്ങളെ മറികടന്ന് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം കയറ്റുമതിചെയ്യുന്ന ഉത്പന്നമായി സ്മാര്‍ട്ട്‌ഫോണ്‍. സര്‍ക്കാരിന്റെ പുതിയ കണക്കുകളിലാണ് 2024-'25 സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ മുന്നിലെത്തിയത്. ആപ്പിള്‍, സാംസങ് കമ്പനികളുടെ കയറ്റുമതിയില്‍ 55 ശതമാനം വര്‍ധനയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം രേഖപ്പെടുത്തിയത്. ആകെ 2,414 കോടി ഡോളറിന്റെ സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയച്ചു. 2023-24-ല്‍ ഇത് 1,557 കോടി ഡോളറും 2022-23-ല്‍ 1,096 കോടി ഡോളറുമായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഗണ്യമായി കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതി 2022-23-ല്‍ 216 കോടി ഡോളറായിരുന്നത് 2024-25-ല്‍ 1,060 കോടി ഡോളറായി ഉയര്‍ന്നു. അഞ്ചുമടങ്ങാണ് വര്‍ധന. ജപ്പാനിലേക്കുള്ളത് ഇതേകാലയളവില്‍ 12 കോടി ഡോളറില്‍നിന്ന് 52 കോടി ഡോളറായി ഉയര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ ഉത്പാദന അനുബന്ധ പദ്ധതിയാണ് ഈ മുന്നേറ്റത്തിനു പിന്നില്‍.
കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് എന്ന അനാലിസിസ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയുടെ 94 ശതമാനവും ആപ്പിളും സാംസങ്ങും ചേര്‍ന്നാണ്. 2025 ജനുവരി-മാര്‍ച്ച് കാലത്ത് 30 ലക്ഷം ഐഫോണുകള്‍ ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചതായി ഐഡിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതില്‍ കൂടുതലും ഐഫോണ്‍ 16 ആയിരുന്നു.
Content Highlights: India`s smartphone exports soared to $2414 crore in 2024-25, exceeding petroleum products.