ഐടി ആക്ട് വ്യവസ്ഥകൾ ദുർബലം; മുറിവേൽപ്പിക്കുന്ന ട്രോളുകൾക്കും നിർമിതബുദ്ധിക്കും നിയന്ത്രണമില്ല

കൊച്ചി: രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി ആക്ടിലെ (ഐടി ആക്ട് 2000) വ്യവസ്ഥകള്‍ ദുര്‍ബലമായതിനാല്‍ മുറിവേല്‍പ്പിക്കുന്ന ട്രോളുകള്‍ നിയന്ത്രിക്കുന്നതിനും എഐ ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിനും വെല്ലുവിളി. ഐടി ആക്ടിന് പകരമായി ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കുമെന്ന പ്രഖ്യാപനം നീളുകയാണ്. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റൂള്‍സും (ഡിപിഡിപി) വൈകുന്നു. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ വിവരം അറിയിച്ചതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ മാത്രമല്ല, മകള്‍ക്കെതിരെയും വലിയ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സൈബര്‍ ഇടങ്ങളില്‍ വ്യക്തികളുടെ അവകാശം സംരക്ഷിക്കുന്നതില്‍ ഐടി ആക്ടിന്റെ പോരായ്മ തുറന്നുകാണിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്.
എഐ ടൂളുകളാല്‍ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ വരെ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വെല്ലുവിളി നേരിടാനും ഐടി ആക്ടിലെ വ്യവസ്ഥകള്‍ പര്യാപ്തമല്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. ഐടി ആക്ടിന് പകരമായുള്ള ഡിജിറ്റല്‍ ഇന്ത്യ ആക്ട് നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ 2023 മുതല്‍ തുടങ്ങിയിരുന്നു. മുറിവേല്‍പ്പിക്കുന്ന ട്രോളുകളെ സൈബര്‍ ബുള്ളിയിങായാണ് കണക്കാക്കുന്നത്. എന്നാല്‍, ഇത് തടയുന്ന കൃത്യമായ വകുപ്പുകള്‍ ഐടി നിയമത്തില്‍ ഇല്ല. മുറിവേല്‍പ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടാലും സേവനദാതാക്കള്‍ തയ്യാറാകില്ല. ഐടി ആക്ട് വകുപ്പ് 79 നല്‍കുന്ന സംരക്ഷണമാണ് തുണയാകുന്നത്.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളെ, ഇ-കൊമേഴ്‌സ് കമ്പനികളെ, ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ എന്നിവ ഫലപ്രദമായി നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് ഡിജിറ്റല്‍ ഇന്ത്യ ആക്ട് എന്നാണ് വിവരം. എന്നാല്‍, ആക്ടിന്റെ കരട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം നിലവില്‍ വരുമെന്ന് കരുതുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റൂള്‍സ് (ഡിപിഡിപി) വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് വിലക്കുന്നുണ്ട്.
എഐ ഭീഷണി ഇങ്ങനെ
ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് എഐയുടെ സഹായത്തോടെ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭീതിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (എന്‍സിആര്‍പി) ലഭ്യമായ വിവരപ്രകാരം 2024 ഏപ്രില്‍ വരെ ചൈല്‍ഡ് പോര്‍ണോഗ്രാഫിയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 1.94 ലക്ഷം കേസുകളാണ്. ഐടി ആക്ടിലെ വകുപ്പ് 67 ബി പ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇതിനു പുറമെ പോക്‌സോ ആക്ടിലെയും ബിഎന്‍എസിലെയും വകുപ്പുകളും ഉണ്ട്. എന്നാല്‍, എഐയിലൂടെ സൃഷ്ടിക്കുന്ന ദൃശ്യങ്ങളുടെ കാര്യത്തില്‍ ഈ വകുപ്പുകള്‍ എങ്ങനെ ബാധകമാകുമെന്നതാണ് വെല്ലുവിളിയായി മാറുന്നത്.
സമഗ്ര നിയമത്തിന്‍റെ ആവശ്യകത
- ഐടി നിയമം നിലവില്‍ വന്നത് 2000-ല്‍
- അന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നത് അരക്കോടിയിലധികം ജനങ്ങള്‍
- ഇന്ന് ഉപയോഗിക്കുന്നത് 85 കോടിയിലധികം പേര്‍
- മുന്‍പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ തീര്‍ത്തും കുറവ്
- ഇപ്പോള്‍ ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മീഡിയ, സോഷ്യല്‍ മീഡിയ, എഐ, ഒടിടി, ഗെയിമിംഗ് എന്നിങ്ങനെ ഒട്ടേറെ സേവനദാതാക്കള്‍
- ഡോക്‌സിങ്, സൈബര്‍ സ്റ്റോക്കിങ്, സൈബര്‍ ട്രോളിങ്, ഫിഷിങ്, വിദ്വേഷ പ്രസംഗം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, വ്യാജ വാര്‍ത്തകള്‍... ഡിജിറ്റല്‍ ഇടത്തിലെ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുന്നു.
അതിശക്തമായ നിയമം അനിവാര്യം
വ്യക്തികളെ ആത്മഹത്യയിലേക്ക് വരെ തള്ളിവിടുന്ന ആള്‍ക്കൂട്ട സൈബര്‍ ആക്രമണങ്ങളെ തടയാനും ശിക്ഷിക്കാനുമുള്ള അതിശക്തമായ നിയമം നിലവില്‍ വന്നില്ലെങ്കില്‍, ഡിജിറ്റല്‍ യുഗത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പിക്കുന്ന ഭരണഘടനയുടെ 21-ാം വകുപ്പ് അപ്രസക്തമാകും.- അഡ്വ. എം.ആര്‍. അഭിലാഷ്, സുപ്രീം കോടതി അഭിഭാഷകന്‍
Content Highlights: Outdated Indian IT Act struggles to combat cyberbullying, AI-generated child sexual abuse material