പരിമിത ബജറ്റ്, ദൗത്യങ്ങള്‍; ഓരോ രൂപയില്‍നിന്നും ISRO ഉണ്ടാക്കുന്ന നേട്ടം വിവരിച്ച് മുന്‍ ചെയര്‍മാന്‍

1. എസ്. സോമനാഥ് 2. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം | Photo - Mathrubhumi archives
1. എസ്. സോമനാഥ് 2. പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം | Photo - Mathrubhumi archives

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നതായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആര്‍ഒ) ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.54 രൂപയുടെ മൂല്യം തിരികെ ലഭിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഓക്‌സ്ഫഡ് ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കവെ ആയിരുന്നു ഇത്. പരിമിതമായ ബഡ്ജറ്റുകള്‍ക്കിടയിലും ആഗോള അംഗീകാരം നേടിയ ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ ശ്രദ്ധേയമായ കാര്യക്ഷമതയും സ്വാധീനവും സോമനാഥ് ചടങ്ങില്‍ വിശദീകരിച്ചു.

'ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.54 രൂപയാണ് ഐഎസ്ആര്‍ഒയ്ക്ക് വരുമാനമായി ലഭിക്കുന്നത്. അനുവദിക്കപ്പെടുന്ന തുക എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. വന്‍തോതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും, ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു' - സോമനാഥ് വിശദീകരിച്ചു.

ചന്ദ്രയാന്‍-3, ആദിത്യ എല്‍-1 എന്നിവയുള്‍പ്പെടെയുള്ള ഐഎസ്ആര്‍ഒയുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ശക്തിക്ക് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ വ്യവസായ മേഖലയുടെ അതിവേഗ വളര്‍ച്ചയെക്കുറിച്ചും സോമനാഥ് വിശദീകരിച്ചു. 2014-ന് മുന്‍പ് ബഹിരാകാശ മേഖലയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 250-ല്‍ അധികം കമ്പനികള്‍ റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നു. അവര്‍ ദൗത്യങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നു. ഈ സാഹചര്യം ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ 25 വര്‍ഷത്തെ ദീര്‍ഘകാല പദ്ധതികളും സോമനാഥ് വിശദീകരിച്ചു. ഒരു ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയച്ച് അവിടെനിന്ന് തിരിച്ചെത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വികസിപ്പിക്കുക, ഒരു ഭാരതീയ ബഹിരാകാശ നിലയം സ്ഥാപിക്കുക, ബഹിരാകാശത്ത് മനുഷ്യ സാന്നിധ്യം കൂടുതല്‍ കാലം നിലനിര്‍ത്തുക, ചന്ദ്രനെയും ചൊവ്വയെയും പര്യവേക്ഷണം ചെയ്യുക എന്നിവയാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.

ഭാരതീയ ബഹിരാകാശ നിലയം ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തിന് പ്രയോജനകരമാകുമെന്ന് ഉറപ്പാക്കും. മൈക്രോഗ്രാവിറ്റി ഗവേഷണത്തിനായി പങ്കാളികളെ തേടുകയാണ്. നേപ്പാള്‍, ഭൂട്ടാന്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ആസിയാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ബഹിരാകാശ ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാനും വികസിപ്പിക്കാനും ഇന്ത്യ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ബഹിരാകാശ സാങ്കേതികവിദ്യയിലുള്ള അറിവ് വികസിപ്പിക്കാന്‍ ഇന്ത്യ സഹായിക്കും. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇന്ത്യയെ ഒരു ആഗോള നേതൃസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഐഎസ്ആര്‍ഒയുടെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
 

Content Highlights: ISRO`s former chairman reveals India`s space program generates ₹2.54 for every rupee spent