സെമികണ്ടക്ടർ മേഖലയിൽ കുതിക്കാൻ ഇന്ത്യ; 7,503 കോടി രൂപയുടെ 12 പദ്ധതികൾക്ക് കേന്ദ്ര അനുമതി

#സ്വന്തം ലേഖകന്‍
പ്രതീകാത്മകചിത്രം | AP
പ്രതീകാത്മകചിത്രം | AP

ന്യൂഡൽഹി: ഇലക്ട്രോണിക്‌സ് നിർമാണമേഖലയിലും സെമികണ്ടക്ടർ രംഗത്തും രാജ്യം സ്വയംപര്യാപ്തതയിലേക്കു കുതിക്കുന്നു. ഇലക്ട്രോണിക് ഘടക നിർമാണ പദ്ധതി (ഇ.സി.എം.എസ്.) പ്രകാരം 7,503 കോടി രൂപയുടെ പുതിയ 12 പദ്ധതികൾക്ക് കേന്ദ്രം അനുമതി നൽകി. 1.27 ലക്ഷം കോടി രൂപയുടെ 'സെമികോൺ 2.0' പദ്ധതിയിലെ അപേക്ഷകൾക്ക് പോർട്ടലും തുറന്നു.

ഇവയിലൂടെ 29,000 കോടിയിലേറെ രൂപയുടെ ഉത്പാദനവും ഏഴായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി. മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു. ബാറ്ററി നിർമാണമേഖലയിലെ വിദേശ ആശ്രയത്വം കുറയ്ക്കാൻ രാജ്യത്ത് ആദ്യമായി കാഥോഡ് മെറ്റീരിയൽ നിർമാണ യൂണിറ്റ് സ്ഥാപിക്കും. ഇ.സി.എം.എസ്. ബജറ്റ് 22,000 കോടിയിൽനിന്ന് 40,000 കോടി രൂപയായി ഉയർത്തി.

ഇ.സി.എം.എസിനു കീഴിൽ 16 സംസ്ഥാനങ്ങളിലായി 118 അപേക്ഷകൾക്ക് അംഗീകാരം നൽകി. യഥാർഥ ലക്ഷ്യമായിരുന്ന 59,350 കോടി രൂപ മറികടന്ന്, 77,051 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് അനുമതിയായി. ഉത്പാദനലക്ഷ്യം 4.56 ലക്ഷം കോടിയിൽനിന്ന് 5.73 ലക്ഷം കോടിയായി ഉയർന്നു. 81,755 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

പദ്ധതി പൂർണമാവുന്നതോടെ ലക്ഷ്യമിട്ട 91,600 തൊഴിലവസരം നേടാനാകുമെന്ന് കൃഷ്ണൻ വ്യക്തമാക്കി. പദ്ധതിയിൽ കേരളത്തിൽനിന്ന് അപേക്ഷകരൊന്നുമില്ല. അതേസമയം, കേരളത്തിലെ സംരംഭകരായ നെസ്റ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള എസ്.എഫ്.ഒ. ടെക്‌നോളജീസിന് തമിഴ്‌നാട്ടിലെ കമ്പത്ത് പി.സി.ബി. നിർമാണ യൂണിറ്റിന് അനുമതി ലഭിച്ചതായി സി.ഇ.ഒ. മുജീബ് റഹ്‌മാൻ 'മാതൃഭൂമി'യോടു പറഞ്ഞു.

പഞ്ചാബുമുതൽ തമിഴ്നാടുവരെയുള്ള സംസ്ഥാനങ്ങളിലേക്ക് ഇലക്ട്രോണിക്‌സ് നിർമാണശൃംഖല വ്യാപിപ്പിക്കാൻ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അപ്സ്ട്രീം ഘടക ഉത്പാദനത്തിൽ ഉത്തർപ്രദേശും മധ്യപ്രദേശും മുന്നേറ്റം നടത്തുന്നുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.

സെമികോൺ 2.0 പദ്ധതിയുടെ കീഴിലുള്ള പ്രധാന മൂന്ന് സ്തംഭങ്ങൾക്കായി അപേക്ഷ ക്ഷണിക്കുന്ന വെബ് പോർട്ടൽ മന്ത്രി അശ്വിനി വൈഷ്ണവ് തുറന്നു. സെമികണ്ടക്ടർ എക്യുപ്മെന്റ് ആൻഡ് മെറ്റീരിയൽസ്, സെമികണ്ടക്ടർ ഫാബുകൾ, അഡ്വാൻസ്ഡ് പാക്കേജിങ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

Content Highlights: Centre approved 12 new electronics projects worth ₹7,503 crore under ECMS., Application portal opened for the ₹1.27 lakh crore 'Semicon 2.0' scheme., First-ever cathode material manufacturing unit to be established to reduce battery import dependence., Expected to generate over 29,000 crore in production and 7,000+ jobs., NEST Group's SFO Technologies approved for a PCB manufacturing unit in Tamil Nadu.