ഡിജിറ്റൽ യുഗത്തിലെ സുരക്ഷയും പൗരാവകാശങ്ങളുടെ ഭാവിയും

#കെ. അന്‍വര്‍ സാദത്ത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായിമാറിയ ഈ കാലഘട്ടത്തിൽ അവയിലൂടെ നിർമിക്കപ്പെടുന്ന ഉള്ളടക്കങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026-ലെ വിവരസാങ്കേതികവിദ്യ ഭേദഗതി ചട്ടങ്ങൾ ഫെബ്രുവരി 20 മുതൽ നിലവിൽവരുന്ന രൂപത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും സിന്തറ്റിക്കലി ജനറേറ്റഡ് ഇൻഫർമേഷൻ (എസ്.ജി.ഐ.) എന്ന വിഭാഗത്തെ നിർവചിക്കുകയും അവയ്ക്ക് കർശനമായ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തുകയുമാണ് ഈ ഭേദഗതിയുടെ അന്തഃസത്ത. ഡിജിറ്റൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുക എന്ന ലക്ഷ്യം സർക്കാർ ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും ഡിജിറ്റൽ പൗരാവകാശ സംരക്ഷകർ ഈ നിയമങ്ങളിലെ പ്രായോഗികതയെയും അവ പൗരന്റെ സ്വകാര്യതയിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും ഏൽപ്പിക്കുന്ന ആഘാതങ്ങളെയുംകുറിച്ച് ഗൗരവകരമായ ആശങ്കകളാണ് പങ്കുവെക്കുന്നത്.

എസ്.ജി.ഐ.: നിർവചനവും ഒഴിവാക്കലുകളും

പുതിയ നിയമപ്രകാരം കംപ്യൂട്ടർ സാങ്കേതികവിദ്യയോ അൽഗൊരിതങ്ങളോ ഉപയോഗിച്ച് നിർമിച്ചതോ മാറ്റംവരുത്തിയതോ ആയ (എ.ഐ.) ഓഡിയോ വിഷ്വൽ വിവരങ്ങളാണ് എസ്.ജി.ഐ. യഥാർഥമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ ഒരു വ്യക്തിയെയോ സംഭവത്തെയോ ചിത്രീകരിച്ച, സത്യമേതെന്ന് തിരിച്ചറിയാൻ കഴിയാത്തവിധമുള്ള വിവരങ്ങളാണിവ. എങ്കിലും 'ടെക്സ്റ്റിനെ'യും സദുദ്ദേശ്യത്തോടെയുള്ള എ.ഐ. ഉള്ളടക്കമാറ്റങ്ങളെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഒരു ഉള്ളടക്കം സദുദ്ദേശ്യത്തോടെയാണോ നിർമിച്ചത് എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം പ്ലാറ്റ്ഫോമുകൾക്ക് നൽകുന്നത് ദുരുപയോഗത്തിനിടയാക്കും.

പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം

നിലവിലെ ഐ.ടി. നിയമങ്ങളിൽ സ്വന്തമായി ഉള്ളടക്കം നിർമിക്കാതെ വിവരങ്ങൾ കൈമാറുന്ന പ്ലാറ്റ്ഫോമുകളെയാണ് 'മധ്യവർത്തികൾ' എന്ന് നിർവചിച്ചിട്ടുള്ളതെങ്കിൽ പുതിയ ചട്ടങ്ങളിൽ ചാറ്റ് ജി.പി.ടി., ഡീപ്സീക് തുടങ്ങിയ എ.ഐ. ചാറ്റ്‌ബോട്ടുകളും ഈ പരിധിയിൽവരുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഉള്ളടക്കം നിർമിക്കുന്നവരും വെറും ഇടനിലക്കാരായി പ്രവർത്തിക്കുന്നവരും തമ്മിലുള്ള വ്യത്യാസം നിയമപരമായി വ്യക്തമാക്കേണ്ടതുണ്ട്. യഥാർഥത്തിൽ യൂറോപ്യൻ യൂണിയൻ നടപ്പാക്കിയ സമഗ്രമായ എ.ഐ. ആക്ട് രൂപത്തിൽ എ.ഐ.ക്ക് പൊതുവായി പ്രത്യേക നിയമം പുറത്തിറക്കുകയായിരുന്നു സർക്കാർ ചെയ്യേണ്ടത്. അല്ലെങ്കിൽ എ.ഐ. പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ ഐ.ടി. ആക്ട് 2000-ൽത്തന്നെ ആവശ്യമായ ഭേദഗതികൾ വരുത്തണമായിരുന്നു. ഇത്തരം ഗൗരവകരമായ നിയമഭേദഗതികൾ പാർലമെന്റിൽ ചർച്ചചെയ്ത് നടപ്പാക്കുന്നതിനുപകരം സബ്‌സിഡിയറി നിയമങ്ങളിലൂടെ നടപ്പാക്കുന്നത് 'എക്‌സിക്യുട്ടീവ് ഓവർറീച്ച്' ആയി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഉൾപ്പെടെ പല ഡിജിറ്റൽ അവകാശപ്രവർത്തകരും വിമർശിക്കുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള 'ചില്ലിങ് എഫക്ട്'

പുതിയ നിയമമനുസരിച്ച് ഉപയോക്താക്കളുടെ പരാതികളിൽ മറുപടിനൽകാനുള്ള സമയം 15 ദിവസത്തിൽനിന്ന് ഏഴുദിവസമായി ചുരുക്കിയത് നല്ലകാര്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാനുള്ള സമയവും ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത്രയുംകുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായ പരിശോധനനടത്താൻ പ്ലാറ്റ്ഫോമുകൾക്ക് കഴിയണമെന്നില്ല എന്നതിനാൽ ഇത് 'മനുഷ്യപരിശോധന' ഒഴിവാക്കി എ.ഐ. ടൂളുകൾ വഴി പരാതികൾ തീർപ്പാക്കാൻ അവരെ പ്രേരിപ്പിക്കും. തെറ്റാണോ ശരിയാണോ എന്ന് ആലോചിക്കുന്നതിനുമുൻപേ 'ആദ്യം നീക്കം ചെയ്യുക, പിന്നീട് ചോദിക്കുക' എന്ന നയം പ്ലാറ്റ്ഫോമുകൾ ഇതുമൂലം സ്വീകരിച്ചേക്കാം. കാരണം നടപടിയെടുക്കാൻ വൈകിയാൽ കമ്പനികൾക്ക് ഐ.ടി. നിയമത്തിലെ വകുപ്പ് 79 പ്രകാരം ലഭിക്കുന്ന നിയമപരിരക്ഷ (സേഫ് ഹാർബർ) നഷ്ടപ്പെടുമെന്ന ഭീഷണി അവർക്കുണ്ട്. രാഷ്ട്രീയ കാർട്ടൂണുകൾ, ആക്ഷേപഹാസ്യം എന്നിവയൊക്കെ ഇതുമൂലം സെൻസർ ചെയ്യപ്പെടാം. ഈ പുതിയ ചട്ടം പുറത്തിറക്കുന്നതിന്റെ തലേദിവസം ദി വയറിൽ പ്രധാനമന്ത്രിയുടെ അരമിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ കേന്ദ്രസർക്കാർ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടതനുസരിച്ച് മെറ്റാ പ്ലാറ്റ്ഫോമുകൾ നീക്കംചെയ്തതിനെ എഡിറ്റേഴ്സ് ഗ്രിഡ് ഉൾപ്പെടെ വിമർശിച്ചകാര്യം ഓർക്കണം. 2015-ലെ ശ്രേയാ സിംഗാൾ കേസിൽ ഐ.ടി. നിയമത്തിലെ 66-ാം വകുപ്പ് റദ്ദാക്കി അഭിപ്രായസ്വാതന്ത്ര്യം നിലനിർത്താനായി സുപ്രീംകോടതി വിധിച്ച കാര്യങ്ങൾ ഇവിടെ വീണ്ടും ചോദ്യംചെയ്യപ്പെടുകയാണ്. കൃത്യമായ നോട്ടീസോ കോടതി ഉത്തരവോ ഇല്ലാതെ ഉള്ളടക്കം നീക്കംചെയ്യുന്നത് ജനാധിപത്യപരമായ സംവാദങ്ങളെ തടസ്സപ്പെടുത്തും. .

സ്വകാര്യതയും ഭരണകൂടനിരീക്ഷണവും

2026-ലെ പുതിയ ചട്ടങ്ങൾ പ്രകാരം 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള മെറ്റ, എക്‌സ് പോലുള്ള വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നാം ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾത്തന്നെ അത് എ.ഐ. നിർമിതമാണോ അല്ലയോ എന്ന് നമ്മൾ വെളിപ്പെടുത്തണം. ഇത് ശരിയാണോ എന്ന് പരിശോധിക്കാനുള്ള സാങ്കേതികവിദ്യകൾ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണം. അങ്ങനെയാണെന്നു കണ്ടാൽ അതിൽ ലേബൽ പതിപ്പിക്കുകയും വേണം.

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലാണ് മറ്റൊരു വലിയ ചതിക്കുഴി ഒളിഞ്ഞിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുടെ വിവരങ്ങൾ കൃത്യമായ നടപടിക്രമങ്ങളില്ലാതെ പരാതിക്കാരന് (ഇരയ്ക്ക്) നേരിട്ട് കൈമാറുന്നത് സ്വകാര്യതയെസംബന്ധിച്ച വലിയ ഭീഷണിയാണ്. ഇത്തരം വിവരങ്ങൾ കൈമാറുന്നതിനുമുൻപ് കോടതി ഉത്തരവ് വേണമെന്ന നിബന്ധന പുതിയ നിയമത്തിലില്ലാത്തത് ഭരണകൂടനിരീക്ഷണത്തിനും വ്യക്തിവേട്ടയ്ക്കും വഴിതുറക്കുമെന്ന് ആശങ്കയുണ്ട്.

കോടതിയിൽ നിലനിൽക്കുമോ?

കേന്ദ്രസർക്കാർ 'വ്യാജം' എന്ന് മുദ്രകുത്തുന്ന വാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കംചെയ്യാൻ സർക്കാർ രൂപവത്കരിക്കുന്ന ഫാക്ട് ചെക്ക് യൂണിറ്റിന് അധികാരം നൽകിയ 2023-ലെ ഐ.ടി. ചട്ട ഭേദഗതി കുനാൽ കമ്ര കേസിൽ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാരിനെതിരേയുള്ള വാർത്തകളിൽ സർക്കാർതന്നെ വിധികർത്താവാകുന്നത് സ്വാഭാവികനീതിക്ക് വിരുദ്ധമാണെന്നും 'വ്യാജം', 'തെറ്റിദ്ധരിപ്പിക്കുന്നത്' തുടങ്ങിയ പദപ്രയോഗങ്ങൾ കൃത്യമായി നിർവചിക്കാത്തത് ഉദ്യോഗസ്ഥർക്ക് അധികാരം ദുരുപയോഗംചെയ്യാൻ അവസരം നൽകുമെന്നും ഇത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഡേറ്റാ സംരക്ഷണ നിയമത്തിൽ (ഡി.പി.ഡി.പി. ആക്ട് 2023) വിവരാവകാശനിയമത്തെ ദുർബലപ്പെടുത്തിയതിനെതിരേയുള്ള കേസും സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്.

ചുരുക്കത്തിൽ എ.ഐ.യുമായി ബന്ധപ്പെട്ട 2026-ലെ ഈ ഭേദഗതികളും അടുത്തകാലത്തെ എല്ലാ സൈബർ നിയമങ്ങളെയുംപോലെ ഡിജിറ്റൽ കുറ്റകൃത്യങ്ങളെ നേരിടാൻ ഒരുക്കിവെച്ചിട്ടുള്ള ആയുധമായാണ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അതിന്റെ മൂർച്ച പൗരന്മാരുടെ മൗലികാവകാശങ്ങൾക്കുനേരേയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന്റെ തൊട്ടുമുൻപ് നിലവിൽവരുന്ന ഈ നിയമം രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണസ്വാതന്ത്ര്യത്തെയുൾപ്പെടെ എങ്ങനെ സ്വാധീനിക്കും എന്ന് താമസിയാതെ കാണാനാകും. നിയമങ്ങൾ നടപ്പാക്കുമ്പോൾ സാങ്കേതിക പ്രായോഗികതയും പൗരാവകാശങ്ങളും തുല്യമായി പരിഗണിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് ലേഖകൻ)

Content Highlights: ndia`s IT Amendment Rules 2026 regulate AI-generated content (SGI). Understand the new guidelines, platform responsibilities, and concerns.