2026-ഓടെ നിങ്ങളുടെ വാട്‌സാപ്പും ഇൻസ്റ്റഗ്രാമും അടക്കം IT ഉദ്യോഗസ്ഥർക്ക് സുഗമമായി തുറന്ന്നോക്കാനാകും

പ്രതീകാത്മ ചിത്രം | Photo: AFP
പ്രതീകാത്മ ചിത്രം | Photo: AFP

വ്യവസ്ഥകള്‍ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ മാസം പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി നിലവിലുള്ള ആദായ നികുതി നിയമത്തിന് പകരമാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. എന്നാല്‍ പുതിയ ബില്ലില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നികുതിദായകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്കടക്കം കയറി ചെല്ലാന്‍ സാധിക്കുന്ന ഭേദഗതികള്‍ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിരിക്കുകയാണ്.

ട്രേഡിങ് അക്കൗണ്ടുകള്‍, ഇ-മെയിലുകള്‍, വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി അവതരിപ്പിച്ച ബില്‍ നിലവില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ് ഉള്ളത്. നികുതി വ്യവസ്ഥകള്‍ ലളിതമാക്കുക എന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന ബില്ലിലെ ഇത്തരം വ്യവസ്ഥകള്‍ ചില നികുതിദായകരില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

നിലവിലെ നികുതി നിയമത്തില്‍ ഡിജിറ്റല്‍ രേഖകളെ വ്യക്തമായി പരാമര്‍ശിക്കാത്തതിനാല്‍, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ഇ-മെയിലുകള്‍ എന്നിവയിലേക്ക് ആക്സസ് ആവശ്യപ്പെടുമ്പോള്‍ പലപ്പോഴും നിയമപരമായ തിരിച്ചടികള്‍ നേരിട്ടിരുന്നു. പുതിയ നിയമത്തില്‍ നികുതി അധികാരികള്‍ക്ക് ഡിജിറ്റല്‍ ആസ്തികളിലേക്ക് ആക്‌സസ് ആവശ്യപ്പെടാം. ഒരു നികുതിദായകന്‍ ഇത് നല്‍കാന്‍ വിസമ്മതിക്കുക ആണെങ്കില്‍, ഉദ്യോഗസ്ഥര്‍ക്ക് പാസ്വേഡുകള്‍ മറികടക്കടന്ന് ഇത്തരം അക്കൗണ്ടുകളേക്ക് കയറാന്‍ അനുമതി നല്‍കുന്നുമുണ്ട്.

പുതിയ ആദായനികുതി ബില്ലിന്റെ 247-ാം വകുപ്പ് അനുസരിച്ച്, നികുതിവെട്ടിപ്പ് അല്ലെങ്കില്‍ നികുതി അടയ്ക്കാത്ത ആസ്തികള്‍ വെളിപ്പെടുത്താത്ത ചില കേസുകളില്‍ 2026 ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങളുടെ ഇ-മെയിലുകള്‍, സോഷ്യല്‍ മീഡിയ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, നിക്ഷേപ അക്കൗണ്ടുകള്‍ എന്നിവ ആക്സസ് ചെയ്യാന്‍ ഇന്ത്യയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്ന് ബില്‍ രേഖകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുരുക്കി പറഞ്ഞാല്‍ നികുതിദായകന്റെ 'വെര്‍ച്വല്‍ ഡിജിറ്റല്‍ സ്പെയ്സില്‍' സംഭരിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വതന്ത്രമായി കയറിച്ചെല്ലാമെന്നര്‍ത്ഥം.

Content Highlights: Income tax officials can access your email, social media accounts from next year