GTA 6 കാത്തിരിക്കുന്നവർക്ക് സർപ്രൈസ്! 34 പാട്ടുകളുമായി ഒഫിഷ്യൽ സൗണ്ട്‌ട്രാക്ക് ആൽബം പ്രഖ്യാപിച്ചു; പ്രീ-ഓർഡർ ആരംഭിച്ചു

#ടെക്നോളജി ഡെസ്ക്
ജിടിഎ 6 മ്യൂസിക് ആൽബം | Photo: Rockstar Games
ജിടിഎ 6 മ്യൂസിക് ആൽബം | Photo: Rockstar Games

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6-ന്റെ (GTA 6) ഔദ്യോഗിക സൗണ്ട് ട്രാക്ക് റോക്ക്സ്റ്റാർ ഗെയിംസ് പ്രഖ്യാപിച്ചു. ഗെയിം റിലീസ് ചെയ്യുന്ന 2026 നവംബർ 19-നു തന്നെയാണ് 'Grand Theft Auto 6: The Album' എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബവും പുറത്തിറങ്ങുന്നത്.

ട്രാവിസ് സ്കോട്ട്, മോർഗൻ വാളൻ, യങ് ലീൻ, റൗ അലക്സാന്ദ്രോ, കീത്ത് റിച്ചാർഡ്സ്, ഫ്യൂച്ചർ, മെട്രോ ബൂമിൻ, പിങ്ക് പാന്തറസ്, ഫ്രെഡ് എഗെയ്ൻ തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ ഗാനങ്ങളുൾപ്പെടെ ആകെ 34 പാട്ടുകളാണ് ഈ ആൽബത്തിലുള്ളത്.

ഇതിൽനിന്നുള്ള ആറ് പുതിയ സിംഗിൾ ട്രാക്കുകൾ ഇപ്പോൾത്തന്നെ സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, യൂട്യൂബ്, ആമസോൺ മ്യൂസിക്, ടൈഡൽ, ഡീസർ തുടങ്ങിയ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഡിജിറ്റൽ സ്ട്രീമിങ്ങിനു പുറമേ, ആൽബത്തിന്റെ വിനൈൽ, സിഡി രൂപങ്ങളുടെ പ്രീ-ഓർഡറും ആരംഭിച്ചിട്ടുണ്ട്. നീല ദ്രാവകം നിറച്ച രണ്ട് സുതാര്യമായ മജന്ത ഡിസ്കുകളും പ്രത്യേക ആർട്ട്‌വർക്കുകളും അടങ്ങിയ ലിമിറ്റഡ് എഡിഷൻ വിനൈൽ പതിപ്പും പുറത്തിറക്കുന്നുണ്ട്; ഇതിന് 124.98 ഡോളറാണ് വില. സ്റ്റാൻഡേഡ് വിനൈലിന് 49.98 ഡോളറും സിഡിക്ക് 19.98 ഡോളറുമാണ് വില.

ഔദ്യോഗിക വെബ്‌സൈറ്റായ www.gtavi-thealbum.com വഴിയോ ബെസ്റ്റ് ബൈ, വാൾമാർട്ട്, ബാർനെസ് & നോബിൾ തുടങ്ങിയ റീട്ടെയിലർമാർ വഴിയോ ഇവ പ്രീ-ഓർഡർ ചെയ്യാൻ സാധിക്കും.

ഗെയിം റിലീസ്

2026 നവംബർ 19-ന് GTA 6 ഗെയിം PlayStation 5, Xbox Series S/X കൺസോളുകളിൽ എത്തും. എന്നാൽ, മ്യൂസിക് ആൽബത്തിന് ഫിസിക്കൽ സിഡി/വിനൈൽ പതിപ്പുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും ഗെയിമിന് ഫിസിക്കൽ ഡിസ്ക് റിലീസ് ഉണ്ടായിരിക്കില്ല. കടകളിൽ ലഭിക്കുന്ന ഫിസിക്കൽ ഗെയിം ബോക്സിനുള്ളിൽ ഡിജിറ്റൽ ഡൗൺലോഡ് കോഡ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഗെയിമിന്റെ സ്റ്റാൻഡേഡ് (Standard), അൾട്ടിമേറ്റ് (Ultimate) എഡിഷനുകൾ പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാണ്.

Content Highlights: Rockstar Games has announced 'Grand Theft Auto 6: The Album' featuring 34 tracks from artists like Travis Scott and Metro Boomin, launching alongside the game on November 19, 2026, with vinyl, CD, and streaming pre-orders now live.