ജിപിടി 5 അത്ര പോര ! കൂട്ടത്തോടെ സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് ചാറ്റ്ജിപിടിക്ക് ഭീഷണി

വ്യാഴാഴ്ചയാണ് ഓപ്പണ്‍ എഐയുടെ ജിപടി 5 എന്ന എഐ മോഡല്‍ അവതരിപ്പിച്ചത്. കോഡിങ്, റീസണിങ്, കൃത്യത, എഴുത്ത്, മള്‍ടി മോഡല്‍ കഴിവുകള്‍ എന്നിവയിലെല്ലാം പഴയ മോഡലുകളേക്കാള്‍ ജിപിടി 5 മികച്ചതാണെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്. എന്നാല്‍ ഏറെനാളായി ചാറ്റ് ജിപിടിയുടെ ഉപഭോക്താക്കളായിരുന്നവര്‍ ഈ നവീകരണ പ്രക്രിയയില്‍ അത്ര സംതൃപ്തരല്ല. കാരണം GPT-4o, GPT-4.1, GPT-4.5, GPT-4.1-mini, o4-mini, o4-mini-high, o3, and o3-pro ഉള്‍പ്പടെയുള്ള പഴയ മോഡലുകള്‍ ഓപ്പണ്‍ എഐ നിര്‍ത്തലാക്കുകയാണ്.
കമ്പനിയുടെ ഈ തീരുമാനത്തിലുള്ള അമര്‍ഷം ഉപഭോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ തുറന്നടിക്കുകയാണ്. ഊഷ്മളതയും വൈകാരിക ബുദ്ധിയുമില്ലാത്ത ഹ്രസ്വവും കൃത്യവുമായ മറുപടികള്‍ മാത്രവും നല്‍കുന്ന ജിപിടി 5 മോഡലിന് ജിപിടി-4ഒ മോഡല്‍ കാണിച്ചിരുന്ന വ്യക്തിത്വം ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജിപിടി 5 നേക്കാള്‍ ജിപിടി-4ഒ മികച്ചതാണെന്നാണാണ് പൊതുവില്‍ ചാറ്റ് ജിപിടി വരിക്കാരുടെ അഭിപ്രായം. റെഡ്ഡിറ് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഇതാണ് ചര്‍ച്ച. എതിര്‍പ്പുള്ള ഉപഭോക്താക്കള്‍ ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന ഭീഷണി ഉയര്‍ത്തുകയാണ്. പഴയ മോഡലുകള്‍ തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യം.
പ്രതിഷേധം തിരിച്ചറിഞ്ഞ ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഉപഭോക്താക്കളെ ശാന്തരാക്കാന്‍ ചില വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ചാറ്റ് ജിപിടി പ്ലസിന്റെ (സ്റ്റാന്റേര്‍ഡ് മോഡല്‍) റേറ്റ് ലിമിറ്റ് കമ്പനി വര്‍ധിപ്പിക്കും. ഒപ്പം ജിപിടി-4ഒ മോഡല്‍ ഉടന്‍ പിന്‍വലിക്കില്ല. കുറച്ച് നാളുകള്‍ കൂടി ഉപയോഗിക്കാനാവും.
Content Highlights: OpenAI`s new GPT-5 model replaces older versions, causing backlash from users