കച്ചവടക്കാര്‍ക്ക് ഇനിയെല്ലാം ഓണ്‍ലൈനില്‍ വില്‍ക്കാം; സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് വെല്ലുവിളിയോ?

Photo: MBI
Photo: MBI

ഇന്ത്യയിലെ ചെറുകിട സംരംഭകര്‍ക്കും, വില്‍പനക്കാര്‍ക്കുമെല്ലാം അവരുടെ എല്ലാവിധ ഉല്‍പന്നങ്ങളും സേവനങ്ങളും വില്‍പനയ്‌ക്കെത്തിക്കാനും ആളുകള്‍ക്ക് അവ വാങ്ങാനും സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ വാണിജ്യ പ്ലാറ്റ്‌ഫോമിന് തുടക്കമിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 

ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒ.എന്‍.ഡി.സി.)എന്ന പേരില്‍ ഡല്‍ഹി, ബംഗളുരു, ഭോപ്പാല്‍, ഷില്ലോങ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഈ പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പദ്ധതി. 

എന്താണ് ഒ.എന്‍.ഡി.സി ?

ഇന്ത്യയിലെ ചെറു സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായിരിക്കും ഒ.എന്‍.ഡി.സി.. പ്ലാറ്റ്‌ഫോമിന്റെ പേര് ഇത് തന്നെ ആയിരിക്കുമോ എന്ന് പറയാനാവില്ല. 

ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ സ്വന്തമായൊരു ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് തുടങ്ങുന്നതിനേക്കാള്‍ ലാഭകരമായിരിക്കും ഇത്. കാരണം ചെറുസ്ഥാപനങ്ങള്‍ വെബ്‌സൈറ്റ് തുടങ്ങിയാല്‍ അതിലേക്ക് ഉപഭോക്താക്കളെ എത്തിക്കാന്‍ വലിയ പ്രയാസമാണ്. 

സാധാരണ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളെ പോലെ തന്നെ എല്ലാ തരം ഉല്‍പന്നങ്ങള്‍ക്കും വേണ്ടിയുള്ള ഉപഭോക്താക്കള്‍ ഒ.എന്‍.ഡി.സിയിലുണ്ടാവും. നിലവിലുള്ള സ്വകാര്യ പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് കൂടുതല്‍ ചെറുകിട സംരംഭകര്‍ക്കും വിതരണക്കാര്‍ക്കും ഒ.എന്‍.ഡി.സിയിലൂടെ വില്‍പന നടത്താനാവും. 

യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിരിക്കുന്ന വിവിധ പേമെന്റ് സേവനങ്ങളിലൂടെ ഡിജിറ്റല്‍ പണമിടപാടുകളും നടത്താനാവും. ഉല്‍പന്നങ്ങളുടെ വിതരണത്തിനുള്ള ഡെലിവറി സേവനങ്ങളും ഒഎന്‍ഡിസി തന്നെ നല്‍കിയേക്കും. 

ഒഎന്‍ഡിസിയുടെ പ്രവര്‍ത്തനം

ഉപഭോക്താക്കളുടേയും വില്‍പനക്കാരുടേയും പ്ലാറ്റ്‌ഫോം ആണിത്. വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രത്യേകം ആപ്പുകളുണ്ടാവും. പ്രസ്തുത ആപ്പുകള്‍ ഉപയോഗിച്ച് കച്ചവടക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍പനയ്ക്ക് വെക്കാനും ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള സാധന സേവനങ്ങള്‍ തിരഞ്ഞ് കണ്ടുപിടിച്ച് വാങ്ങാനുമാവും.

2022-ല്‍ ഒരു സ്വകാര്യ നോണ്‍ പ്രോഫിറ്റ് കമ്പനിയായാണ് ഒ.എന്‍.ഡി.സിയ്ക്ക് സര്‍ക്കാര്‍  തുടക്കമിട്ടത്. സ്വകാര്യ ഇ കൊമേഴ്‌സ് കമ്പനികളുടെ കുത്തക ഇല്ലാതാക്കുകയെന്ന ലക്ഷ്യം ഈ പദ്ധതിയ്ക്കുണ്ട്. വിവിധ സ്ഥാപനങ്ങള്‍ ഇതിനകം ഒ.എന്‍.ഡി.സിയുടെ ഭാഗമായിട്ടുണ്ടെന്നാണ് വിവരം.

ഒ.എന്‍.ഡി.സി. പ്ലാറ്റ്‌ഫോം രൂപകല്‍പന ചെയ്ത് അവതരിപ്പിക്കുന്നതിന് ഇന്‍ഫോസിസ് സഹസ്ഥാപകനും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലെകനി, നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ. ആര്‍.എസ്. ശര്‍മ എന്നിവരടങ്ങുന്ന ഒമ്പതംഗ നിര്‍ദേശക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 

ആശങ്കകള്‍

ഉല്‍പന്നങ്ങളുടെ ഗുണമേന്മ എങ്ങനെ ഉറപ്പിക്കും. അതിനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ് തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പണമിടപാടുകള്‍, ഉല്‍പന്നങ്ങളുടെ ചരക്കുനീക്കം എന്നിവയുടെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ചും വ്യക്തതയില്ല. ഇ കൊമേഴ്‌സ് രംഗത്ത കുത്തക കമ്പനികള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ തന്നെ വിപണിയില്‍ വലിയ മത്സരം നേരിടേണ്ടിവരും. സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ആകര്‍ഷകമായ ഓഫറുകളോടും ഡീലുകളോടും ഒ.എന്‍.ഡി.സി. പ്ലാറ്റ്‌ഫോം എങ്ങനെ മത്സരിക്കുമെന്ന് കണ്ടറിയണം.

Content Highlights: ONDC, open network for digital commerce, eCommerce