ശബ്ദംകൊണ്ട് നിയന്ത്രിക്കാവുന്ന ഡ്രോൺ വികസിപ്പിക്കാൻ പെന്റഗൺ; പിന്മാറി ഗൂഗിൾ

ശബ്ദംകൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോണമസ് ഡ്രോൺ കൂട്ടങ്ങളെ നിർമിക്കുന്നതിനുള്ള പെന്റഗണിന്റെ സംരംഭത്തിൽ നിന്ന് പിന്മാറി ഗൂഗിൾ. ഡ്രോൺ വികസനവുമായി ബന്ധപ്പെട്ട പ്രൈസ് ചലഞ്ചിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ സമർപ്പിച്ച പദ്ധതി തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകൾക്കുള്ളിലാണ് പിന്മാറ്റം. ഇന്റേണൽ എത്തിക്കൽ റിവ്യൂവിന് ശേഷം ചലഞ്ചിൽ പങ്കെടുക്കില്ലെന്ന് കമ്പനി യു.എസ് പ്രതിരോധ വകുപ്പിനെ അറിയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഡ്രോൺ വികസനത്തിനുള്ള 'വിഭവങ്ങളുടെ' അഭാവം കാരണം പിന്മാറുന്നു എന്നാണ് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
സൈനിക കമാൻഡർമാർക്ക് ശബ്ദത്തിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന ഡ്രോൺ കൂട്ടങ്ങൾ വികസിപ്പിക്കുക എന്നതായിരുന്നു പെന്റഗൺ ലക്ഷ്യമിട്ടിരുന്നത്. വാക്കാലുള്ള നിർദ്ദേശങ്ങളെ തത്സമയ ഡിജിറ്റൽ കമാൻഡുകളാക്കി മാറ്റിയാണ് ഡ്രോണുകളുടെ നിയന്ത്രണം സാധ്യമാക്കേണ്ടിയിരുന്നത്. 100 മില്യൺ (10 കോടി) ഡോളർ സമ്മാനത്തിനായി നിലവിൽ മത്സരരംഗത്തുള്ള കമ്പനികളിൽ ഓപ്പൺഎഐ, പാലന്റീർ, ഇലോൺ മസ്‌കിന്റെ എക്‌സ്എഐ എന്നിവ അടക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡും പ്രതിരോധ നവീകരണ വിഭാഗവും സംയുക്തമായാണ് പെന്റഗൺ സംരംഭത്തിന് നേതൃത്വം നൽകുന്നത്.
നിർമിതബുദ്ധി (എഐ)യുമായി ബന്ധപ്പെട്ട സൈനിക ഇടപാടുകൾ പരസ്യമായതോടെയാണ് ഗൂഗിളിന്റെ പിന്മാറ്റമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. രഹസ്യ സ്വഭാവമുള്ള സൈനിക കരാറുകൾ പൂർണമായി ഒഴിവാക്കാൻ അഭ്യർഥിച്ചുകൊണ്ട് 600-ൽ അധികം ഗൂഗിൾ ജീവനക്കാർ നേരത്തെ സിഇഒ സുന്ദർ പിച്ചൈയ്ക്ക് തുറന്ന കത്തയച്ചിരുന്നു. ഗൂഗിളിൽ ഇത്തരം ആന്തരിക സംഘർഷങ്ങൾ പുതിയ കാര്യമല്ല. ഡീപ് മൈൻഡ് എഐ ലാബിൽ നിന്നുള്ളവരും, ഡയറക്ടർമാരും വൈസ് പ്രസിഡന്റുമാരും അടക്കമുള്ളവർ ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സാങ്കേതികവിദ്യ അന്യായമോ, ഹാനികരമോ ആയ രീതികളിൽ ഉപയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് ജീവനക്കാർ കത്തിൽ ഉന്നയിച്ചത്. അതിനിടെ, ഡ്രോൺ വികസന പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന പല ജീവനക്കാരും കമ്പനിയുടെ പിന്മാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഗൂഗിളും പെന്റഗണും വിപുലമായ എഐ കരാറിൽ ഒപ്പുവെച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നീക്കങ്ങൾ. ഗൂഗിളിന്റെ ജെമിനി മോഡലുകൾ പ്രതിരോധ വകുപ്പിന് ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് കരാർ.
Content Highlights: Google withdrew from a $100M Pentagon autonomous drone swarm challenge., Internal ethics review cited as the primary reason for the exit., Companies like OpenAI, Palantir, and xAI remain in the competition., Over 600 Google employees signed a letter protesting classified military contracts., Google has a separate, broader contract allowing the DoD to use Gemini models.