പ്രപഞ്ചോത്പത്തിയോളം വര്‍ഷമെടുത്ത് ചെയ്യേണ്ട ജോലി 5 മിനിറ്റില്‍- പുതിയ ചിപ്പ് വികസിപ്പിച്ച് ഗൂഗിള്‍

പ്രതീകാത്മക ചിത്രം | Photo: Ai generated
പ്രതീകാത്മക ചിത്രം | Photo: Ai generated

വാഷിങ്ടണ്‍: വലുപ്പം നാലുചതുരശ്രസെന്റീമീറ്ററേയുള്ളൂ. പക്ഷേ, പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വര്‍ഷംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കും. ഗൂഗിള്‍ വികസിപ്പിച്ച പുതിയ കംപ്യൂട്ടര്‍ചിപ്പാണ് ഈ അതിവേഗ പണിയാള്‍. പേര് 'വില്ലോ'.ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ പ്രധാനപരിമിതികള്‍ മറികടക്കുന്നതാണ് ഈ കണ്ടെത്തലെന്ന് ഗൂഗിള്‍ പറയുന്നു. 

ലോകത്ത് പരമ്പരാഗതമായുപയോഗിച്ചുവരുന്ന വേഗരാജാക്കളായ കംപ്യൂട്ടറുകള്‍ 10 സെപ്റ്റില്യണ്‍ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലിയാണ് ഈ ചിപ്പ് അഞ്ചുമിനിറ്റുകൊണ്ടു ചെയ്തുതീര്‍ക്കുക.

ഇന്നത്തെ ഏറ്റവും വേഗമേറിയ കംപ്യൂട്ടറുകളേക്കാള്‍ കംപ്യൂട്ടിങ് വേഗം ഉറപ്പ് നല്‍കുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മൈക്രോസോഫ്റ്റ്, ഐബിഎം പോലുള്ള മറ്റ് വന്‍കിടക്കാരും ഈ രംഗത്ത് സജീവമാണ്. 

കാലിഫോര്‍ണിയയിലെ സാന്റ ബാര്‍ബാറയിലാണ് ചിപ്പ് നിര്‍മിച്ചത്. 'ആഫ്റ്റര്‍ എയ്റ്റ് മിന്റ്' എന്ന ചോക്ലറ്റിന്റെ വലുപ്പമാണതിന്. താരതമ്യേന കുറഞ്ഞ തെറ്റുകളേ വരുത്തുന്നുള്ളൂവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. കംപ്യൂട്ടറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും മരുന്നുഗവേഷണത്തിലും നിര്‍മിതബുദ്ധിയിലും ചിപ്പ് വിപ്ലവകരമായമാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ നിര്‍ണായക കണ്ടെത്തല്‍ കൂടിയാണിത്.

ക്യൂബിറ്റുകളെ കൂട്ടിയിണക്കാന്‍ വഴി കണ്ടെത്തി ഗൂഗിള്‍

105 ക്യുബിറ്റുകള്‍ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിര്‍മിച്ചിരിക്കുന്നത്. സാധാരണ കംപ്യൂട്ടറുകള്‍ 'ബിറ്റ്'  (Bit- ബൈനറി ഡിജിറ്റ് എന്നതിന്റെ ചുരുക്കം ) അടിസ്ഥാനമാക്കിയുള്ളവയാണെങ്കില്‍, ക്വാണ്ടം കംപ്യൂട്ടറുകളില്‍ ക്യുബിറ്റുകളാണ്. സാധാരണ ബിറ്റുകള്‍ 0 അല്ലെങ്കില്‍ 1 നെ പ്രതിനിധീകരിക്കുമ്പോള്‍, ക്യുബിറ്റുകള്‍ക്ക് 0, 1 എന്നിവയ്‌ക്കൊപ്പം രണ്ടിന്റെയും സൂപ്പര്‍പോസിഷനെയും പ്രതിനിധീകരിക്കാന്‍ കഴിയും. ഇക്കാരണത്താല്‍ ക്വാണ്ടം കംപ്യൂട്ടറുകളുടെ വേഗം വര്‍ധിക്കും. 

എന്നാല്‍ ചുറ്റുമുള്ള പരിസ്ഥിതികള്‍ ക്യുബിറ്റുകളെ എളുപ്പം സ്വാധീനിക്കും. അതായത് താപ വ്യതിയാനം, അണുവിനേക്കാള്‍ ചെറിയ പദാര്‍ഥങ്ങള്‍ പോലുള്ള ബാഹ്യ ഇടപെടലുകൾ എന്നിവ ക്യുബിറ്റുകളെ സ്വാധീനിക്കും. ഇത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇക്കാരണത്താല്‍ പിഴവുകള്‍ സംഭവിക്കാതെ കൂടുതല്‍ ക്യുബിറ്റുകളെ ഒന്നിച്ചുചേർത്ത് ശക്തിയേറിയ ക്വാണ്ടം കംപ്യൂട്ടിങ് ഒരുക്കുന്നതും പിഴവുകളുണ്ടായാല്‍ അത് പരിഹരിക്കുന്നതും വലിയൊരു വെല്ലുവിളിയാണ്.

എന്നാല്‍ ക്യുബിറ്റുകളെ പരസ്പരം ഫലപ്രദമായി ബന്ധിപ്പിക്കാന്‍ വില്ലോ ചിപ്പില്‍ ഒരു വഴി കണ്ടെത്തിയെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മുകളില്‍ പറഞ്ഞ വെല്ലുവിളി പരിഹരിക്കാനും വേഗമേറിയ ക്വാണ്ടം കംപ്യൂട്ടിങ് സാധ്യമാക്കാനും ഇതുവഴി സാധിക്കും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ അപ്പോള്‍ തന്നെ കണ്ടെത്തി പരിഹരിക്കാന്‍ ഗൂഗിളിന്റെ പുതിയ സംവിധാനത്തിന് സാധിക്കും.
 

Content Highlights: Google`s new Willow quantum computing chip completes tasks in minutes