പാതിരാത്രി ഉറക്കെ അലാം മുഴക്കുന്നു; ലണ്ടൻകാരുടെ ഉറക്കം കെടുത്തി ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകൾ

#Technology Desk
വെയ്മോ ഡ്രൈവറില്ലാ കാറുകൾ - പ്രതീകാത്മക ചിത്രം | Photos: facebook.com/Waymo
വെയ്മോ ഡ്രൈവറില്ലാ കാറുകൾ - പ്രതീകാത്മക ചിത്രം | Photos: facebook.com/Waymo

എല്ലാവരും അത്ഭുതത്തോടെ കാണുന്ന ഒന്നാണ് ഡ്രൈവർ ഇല്ലാതെ താനെ ഓടുന്ന കാറുകൾ. പല രാജ്യങ്ങളിലും ഡ്രൈവറില്ലാ കാറുകളുടെ സേവനം നിലവിൽ വന്നുകഴിഞ്ഞു. ഇത്തരത്തിൽ ഡ്രൈവറില്ലാ കാറുകളോടിക്കുന്ന മുൻനിര കമ്പനികളിലൊന്നാണ് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വെയ്‌മോ. ഇപ്പോഴിതാ, ലണ്ടൻ നിവാസികളുടെ സൈ്വര്യജീവിതം കെടുത്തുകയാണ് വെയ്‌മോയുടെ ഡ്രൈവറില്ലാ കാറുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കിഴക്കൻ ലണ്ടനിൽ നിന്നാണ് ഈ 'ഹൈടെക് ശല്യം' റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇടുങ്ങിയ തെരുവുകളിലൂടെ സ്വയം സഞ്ചരിക്കുന്ന വെയ്‌മോ കാറുകൾ എവിടെയെങ്കിലും കുടുങ്ങിപ്പോകുന്നത് പതിവാണ്. ഇങ്ങനെ കുടുങ്ങിയാൽ കാർ ഉറക്കെ അലാം മുഴക്കാൻ തുടങ്ങും. ഇതാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നതെന്ന് ബ്രിട്ടീഷ് മാധ്യമമായ ദി ടൈംസ് റിപ്പോർട്ട് ചെയ്തു.

സെൻസറുകളുടേയും ക്യാമറകളുടേയും സഹായത്തോടെയാണ് വെയ്‌മോ കാർ തനിയെ ഓടുന്നത്. എന്നാൽ ഇടുങ്ങിയ റോഡുകളിലെ ഡെഡ് എൻഡുകളിലെത്തുമ്പോൾ കാർ യാത്ര തുടരാൻ ബുദ്ധിമുട്ടും. ഇതോടെ കാറിലെ അലാം ഉച്ചത്തിൽ ശബ്ദിക്കാൻ തുടങ്ങും. ഒരറ്റം അടഞ്ഞരീതിയിലുള്ള തെരുവുകളിലാണ് ഈ പ്രശ്‌നമുള്ളത്. ഈ തെരുവുകളുടെ അറ്റത്ത് ലോഹ ബാരിയറുകളുണ്ട് എന്ന് അറിയാവുന്ന ഡ്രൈവർമാർ വാഹനം ഇങ്ങോട്ട് കൊണ്ടുപോകില്ല. എന്നാൽ വെയ്‌മോ കാറുകൾ ഇത് തിരിച്ചറിയാതെ ഇത്തരം തെരുവുകളിലേക്ക് പോകുകയും കുടുങ്ങുകയും ചെയ്യുന്നതാണ് പ്രശ്‌നത്തിന് കാരണം.

ഡ്രൈവറില്ലാതെയാണ് കാർ ഓടുന്നതെങ്കിലും ബ്രിട്ടീഷ് നിയമപ്രകാരം സുരക്ഷയ്ക്കായി ഒരു ഡ്രൈവർ കാറിലുണ്ടാകണം. എന്നിട്ടും ഇത് സംഭവിക്കുന്നത് ഒരു പ്രദേശവാസി ചോദ്യം ചെയ്തതോടെയാണ് സംഭവം വാർത്തയായത്. സൈൻ ബോർഡുണ്ടായിട്ടും അവഗണിച്ചത് എന്താണെന്ന് ചോദിച്ചപ്പോൾ, കാർ തെറ്റ് വരുത്തിയാലേ തനിക്ക് അത് തിരുത്താൻ കഴിയൂ എന്നാണ് മറുപടി ലഭിച്ചത്.

Content Highlights: Waymo driverless cars owned by Alphabet are disturbing residents in East London by triggering loud alarms when getting stuck in narrow dead-end streets. Despite having safety drivers, the vehicles fail to recognize metal barriers.