ഗൂഗിളിൽ തിരഞ്ഞതെന്ത്?, പോലീസ് പരിശോധിക്കാം-US കോടതി; 'സ്വകാര്യത സംരക്ഷിക്കപ്പെടില്ല', എന്തുകൊണ്ട്?

ഗൂഗിൾ സെർച്ച് ഹിസ്റ്ററി പോലീസിന് പരിശോധിക്കാമെന്ന് അമേരിക്കയിലെ കോടതി. കേസ് അന്വേഷണത്തിന്റെ ഭാഗമായി വാറന്റില്ലാതെതന്നെ പോലീസിന് പരിശോധന നടത്താം. ഗൂഗിളിൽ തിരച്ചിൽ നടത്തുന്ന ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് അവയുമായി ബന്ധപ്പെട്ട സ്വകാര്യത പ്രതീക്ഷിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതാണ് പെൻസിൽവാനിയ സുപ്രീം കോടതിയുടെ സമീപകാല വിധി. അധിക സുരക്ഷ ഉറപ്പാക്കാത്തപക്ഷം ഗൂഗിളിൽ തിരയുന്ന കാര്യങ്ങൾ സ്വകാര്യമായിരിക്കുമെന്ന് ഉപയോക്താക്കൾ പ്രതീക്ഷിക്കരുതെന്ന് കോടതിവിധി ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ലൈംഗിക പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ് വിധി. കുറ്റകൃത്യം നടന്ന സമയത്ത് ഇരയുടെ പേരും വിലാസവും തിരഞ്ഞവരുടെ വിവരങ്ങൾ നൽകാൻ പോലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഗൂഗിൾ ഡാറ്റ നൽകി. പോലീസ് അത് പരിശോധിക്കുകയും എഡ്വേർഡ് കുർട്‌സ് എന്നയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയും അയാൾ അറസ്റ്റിലാകുകയും ചെയ്തു. ഇയാളെ വിചാരണയ്‌ക്കൊടുവിൽ കോടതി ശിക്ഷിച്ചു.
എന്തുകൊണ്ടാണ് സംരക്ഷണം ലഭിക്കാത്തത്?
ഉപയോക്താക്കൾ ഗൂഗിളിൽ ചോദ്യങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ അവർ ഒരു സ്വകാര്യ കമ്പനിയോട് ആ വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതിനാൽ തിരഞ്ഞ കാര്യങ്ങൾ സ്വകാര്യതയുടെ പരിധിയിൽ സംരക്ഷിക്കപ്പെടുന്നില്ലെന്ന് കോടതി നിഗമനത്തിലെത്തി.
എന്നിരുന്നാലും കോടതിയുടേത് ഭൂരിപക്ഷ വിധി ആയിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ആധുനിക ഡിജിറ്റൽ കാലഘട്ടത്തിലെ സ്വകാര്യതയെക്കുറിച്ച് ഗൗരവമായ ആശങ്കകൾ വിയോജിച്ച ജഡ്ജിമാർ ഉയർത്തി. അനാവശ്യ വിധിയാണെന്ന് അവർ അഭിപ്രായപ്പെട്ടു. സെർച്ച് ഹിസ്റ്ററിയെ ആശ്രയിക്കാതെ കേസ് തുടരാൻ പ്രോസിക്യൂട്ടർമാർക്ക് മതിയായ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. സ്വകാര്യ വ്യക്തിയുടെ ആരോഗ്യം, വിശ്വാസങ്ങൾ, ഭയം, ഉദ്ദേശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശദാംശങ്ങൾ ഇന്റർനെറ്റ് തിരയലുകൾക്ക് വെളിപ്പെടുത്താൻ കഴിയുന്ന ഒരു സമയത്ത് ഇത്തരം പോലീസ് പരിശോധന പ്രയോഗിക്കണോ എന്നും ജഡ്ജിമാർ ചോദ്യമുന്നയിച്ചു. അതിനിടെ ഉപയോക്തൃ ഡാറ്റയുടെ സംരക്ഷണത്തിൽ ഗൂഗിളിന്റെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ ഈ കേസ് വീണ്ടും സജീവമാക്കി. ഇത്തരം സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് പലരും അഭിപ്രായപ്പെട്ടു.
Content Highlights: PA Supreme Court rules Google searches lack privacy. Law enforcement can access search history without a warrant. Learn more about your digital privacy.