ആപ്പിള്‍ ഇന്റലിജന്‍സിന് വെല്ലുവിളി; പിക്‌സല്‍ 9 സീരീസ് ഫോണുകളിലെ 10 ഫീച്ചറുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ മത്സരിക്കുകയാണ് ആഗോള കമ്പനികള്‍. ഗൂഗിള്‍, സാംസങ്, ഓപ്പണ്‍ എഐ, മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പിള്‍ തുടങ്ങി നിരവധി കമ്പനികള്‍ ആ പട്ടികയില്‍ മുന്‍നിരയിലുണ്ട്. തുടക്കത്തില്‍ എഐ രംഗത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാതിരുന്ന ആപ്പിള്‍ അടുത്തിടെയാണ് എഐ രംഗത്തേക്ക് പുതിയ പ്രഖ്യാപനങ്ങളുമായി വന്നത്. വരാനിരിക്കുന്ന ഐഫോണ്‍ 16 സീരീസുകളുടേയും ഐഒഎസ് 18 ന്റെയും മുഖ്യ സവിശേഷത ജനറേറ്റീവ് എഐ അധിഷ്ഠിതമായ 'ആപ്പിള്‍ ഇന്റലിജന്‍സ് ' ഫീച്ചറുകളാണ്.
എന്നാല്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ക്ക് വെല്ലുവിളിയാവുന്ന പ്രഖ്യാപനങ്ങളണാണ് ചൊവ്വാഴ്ച ഗൂഗിള്‍ നടത്തിയതെന്ന് എക്‌സ് യൂസറായ ഐയിങ് എഐ പറയുന്നു. ആപ്പിള്‍ ഇന്റലിജന്‍സ് വെല്ലുവിളി സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ള ഗൂഗിള്‍ പിക്‌സല്‍ 9 സീരീസിലെ 10 ഫീച്ചറുകളാണ് ഐയിങ് എഐ ചൂണ്ടിക്കാണിക്കുന്നത്. അവ താഴെ വിശദമാക്കുന്നു.
1. ലോകത്തെ ആദ്യ എഐ പിന്തുണയോടെയുള്ള ക്യാമറ അനുഭവം
മെച്ചപ്പെട്ട എച്ചഡിആര്‍ + സംവിധാനത്തോടെ കൂടുതല്‍ കൃത്യമായ സ്‌കിന്‍ ടോണുകളും ടെക്‌സ്ചറും ഷാഡോയുമെല്ലാം ചിത്രങ്ങള്‍ക്ക് ലഭിക്കുന്നു. കൂടുതല്‍ ആധികാരികതയോടെ ചിത്രങ്ങള്‍പകര്‍ത്താനാവുന്നു.
2. ആഡ് മീ
ചിത്രങ്ങളില്‍ കടന്നുകൂടിയിട്ടുള്ള അനാവശ്യ വസ്തുക്കളെയും പശ്ചാത്തലത്തില്‍ നില്‍ക്കുന്ന അപരിചിതരായ ആളുകളെയുമെല്ലാം നീക്കം ചെയ്യാനാകുന്ന മാജിക് ഇറേസര്‍ ഫീച്ചര്‍ ഇതിന് മുമ്പ് ഫോണുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിന് വിപരീതമായി ചിത്രങ്ങളില്‍ ആളുകളെ ഫലപ്രദമായി കൂട്ടിച്ചേര്‍ക്കാന്‍ 'ആഡ് മീ' എന്ന ഫീച്ചറിലൂടെ സാധിക്കും.
ഉദാഹരണത്തിന് യാത്രകള്‍ക്കിടയില്‍ കൂടെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഒരു ഫോട്ടോ എടുക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. കാരണം ഫോണില്‍ ചിത്രം എടുത്ത് തരാന്‍ സമീപത്തുള്ള ആരെയെങ്കിലും ആശ്രയിക്കണം, അല്ലെങ്കില്‍ ടൈമര്‍ സെറ്റ് ചെയ്ത് ഫോണ്‍ എവിടെയെങ്കിലും വെച്ച് ഒരാള്‍ ഓടി ചെന്ന് ഫ്രെയിമില്‍ കയറി നില്‍ക്കണം. ആ ചിത്രം ശരിയായോ എന്ന് അറിയണമെങ്കില്‍ ഫോണില്‍ ചെന്ന് നോക്കണം.
എന്നാല്‍ ആഡ് മീ ഫീച്ചര്‍ ഈ പ്രശ്‌നം പരിഗരിക്കുന്നു. ഒരേ ഫ്രെയിമില്‍ രണ്ട് തവണയായി ചിത്രങ്ങള്‍ എടുക്കാനും ആ ചിത്രങ്ങള്‍ സംയോജിപ്പിച്ച് യാതൊരു തെളിവുമില്ലാതെ എഐയുടെ സഹായത്തോടെ ഒറ്റ ചിത്രമാക്കി മാറ്റാനും സാധിക്കും. അത് എങ്ങനെയാണെന്ന് താഴെ കാണുന്ന വീഡിയോ വ്യക്തമാക്കും.
3. പിക്‌സല്‍ സ്റ്റുഡിയോ
ഓണ്‍ ഡിവൈസ് ഡിഫ്യൂഷന്‍ മോഡല്‍ ഉപയോഗപ്പെടുത്ത് എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ഇമേജ് ജനറേറ്റര്‍ ടൂള്‍ ആണ് പിക്‌സല്‍ സ്റ്റുഡിയോ.
4. സൂം എന്‍ഹാന്‍സ്
സാധാരണ ചിത്രങ്ങള്‍ സൂം ചെയ്ത് ക്രോപ്പ് ചെയ്‌തെടുക്കുമ്പോള്‍ ആ ചിത്രത്തിന്റെ വ്യക്തത കുറഞ്ഞേക്കാം. എന്നാല്‍ പിക്‌സല്‍ 9 ഫോണുകളിലെ സൂം എന്‍ഹാന്‍സ് ഫീച്ചറിന്റെ സഹായത്തോടെ എഐ ഉപയോഗിച്ച് സൂം ചെയ്ത ഭാഗങ്ങള്‍ കൂടുതല്‍ ഷാര്‍പ്പ് ആക്കി വ്യക്തത ഉള്ളതാക്കിമാറ്റാന്‍ സാധിക്കും.
5. 8കെ വീഡിയോ ചിത്രീകരണം
വീഡിയോകളെ 8 കെ റെസലൂഷനിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇതുവഴി സാധിക്കും. വീഡിയോകളിലെ നിറം, പ്രകാശം, സ്റ്റെബിലൈസേഷന്‍ ഉള്‍പ്പടെ ക്രമീകരിക്കാനും മികച്ച ഗുണമേന്മയുള്ള വീഡിയോകള്‍ പകര്‍ത്താനും സാധിക്കും.
6. എന്തും എവിടേക്കും മാറ്റിവെക്കാം
ചിത്രങ്ങളുടെ ഫ്രെയിമിലെ വസ്തുക്കളെ എവിടെക്കും മാറ്റിവെക്കാനാവും. എഐയുടെ സഹായത്തോടെ ഇത് ചെയ്യുന്നതിനാല്‍ അത്തരം ഒരു എഡിറ്റിങ് നടന്നതായ സൂചന ലഭിക്കില്ല. ഉദാഹരണം താഴെയുള്ള വീഡിയോയില്‍ കാണാം.
7. പിക്‌സല്‍ സ്‌ക്രീന്‍ഷോട്ടുകള്‍
ഫോണില്‍ ഒരു സ്‌ക്രീന്‍ഷോട്ട് എടുത്താല്‍ അതിലുള്ള എന്തിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അതിവേഗം അറിയാന്‍ എഐയുടെ സഹായത്തോടെ സാധിക്കും.
8. കോള്‍ അസിസ്റ്റ്
കോള്‍ അസിസ്റ്റ് സംവിധാനത്തിന് ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്യാന്‍ അനുമതി നല്‍കിയാല്‍. ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ കുറിച്ചെടുക്കാന്‍ എഐ സഹായിക്കും. ഫോണില്‍ ഇരുവരും എന്തിനെ കുറിച്ചാണ് സംസാരിച്ചത് എന്നതിന്റെ സംഗ്രഹമാണ് എഐ തയ്യാറാക്കുക. ഈ സംവിധാനം തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്നും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നു.
9 പിക്‌സല്‍ വെതര്‍
കൂടുതല്‍ കൃത്യതയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ പിക്‌സല്‍ വെതര്‍ ഫീച്ചറിലൂടെ ലഭിക്കും. യുവി, വിന്‍ഡ്, ഹ്യുമിഡിറ്റി, എയര്‍ ക്വാളിറ്റി എന്നിവയ്ക്കായുള്ള പ്രത്യേകം വിഡ്ജറ്റുകള്‍ ഉപയോഗിച്ച് വെതര്‍ ആപ്പ് കസ്റ്റമൈസ് ചെയ്യാനും സാധിക്കും.
10 ജെമിനി നാനോയും മള്‍ടി മോഡാലിറ്റിയും ആദ്യമെത്തുന്ന ഫോണ്‍
ഓണ്‍ ഡിവൈസ് എഐ മോഡലാണ് ജെമിനി നാനോ. കഴിഞ്ഞ വര്‍ഷം അവതിരിപ്പിച്ച പതിപ്പിനേക്കാള്‍ മികച്ചതാണിത്. സെക്കന്റില്‍ 45 ടോക്കനുകള്‍ വരെ ജനറേറ്റ് ചെയ്യാന്‍ ഇതിനാവും. വിപണിയിലെ തന്നെ മികച്ച പ്രകടനമാണിത്. എഐ നിര്‍മിക്കുന്ന വാക്കുകള്‍, ചിഹ്നങ്ങള്‍ പോലുള്ളവയെ ആണ് ടോക്കനുകള്‍ എന്ന് വിളിക്കുന്നത്.
Content Highlights: google pixel 9 series features, apple intelligence,