ചാറ്റ് ജിപിടിക്ക് വെല്ലുവിളി, ജെമിനൈ 3 പ്രോയുടെ പിന്തുണയില്‍ Nano Banana Pro പുറത്തിറക്കി ഗൂഗിള്‍

ജനപ്രിയമായി എഐ ഇമേജ് എഡിറ്റിങ് ടൂള്‍ നാനോ ബനാനയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി 3 പ്രോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാനോ ബനാന പ്രോയാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജെമിനി 3 പ്രോ ഗൂഗിള്‍ പുറത്തിറക്കിയത്. ഇതോടെ ഓഹരിവിപണിയില്‍ ആല്‍ഫബെറ്റിന് വ്യാഴാഴ്ച നാല് ശതമാനം വളര്‍ച്ചയുണ്ടായി.
ജെമിനൈ തുറക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ നാനോ ബനാന പ്രോ അപ്‌ഗ്രേഡ് സംബന്ധിച്ച ബാനര്‍ കാണാന്‍ സാധിക്കും. ഇതില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് നാനോ ബനാനയില്‍ നിര്‍മിക്കുന്ന ചിത്രങ്ങളിലെ എഴുത്തുകള്‍ ഇനി കൂടുതല്‍ വ്യക്തതയുള്ളതായി മാറും. ഏത് ഇമേജ് സ്റ്റൈലുകളും പ്രയോഗിക്കാം. ഒന്നിലധികം ചിത്രങ്ങളെ കൂട്ടിച്ചേര്‍ക്കാം, ആശയങ്ങളെ പ്രൊഫഷണല്‍ ഗുണമേന്മയുള്ള ദൃശ്യങ്ങളാക്കി മാറ്റുകയും ചെയ്യാം.
ഓഗസ്റ്റില്‍ അവതരിപ്പിച്ച ആദ്യ പതിപ്പില്‍ നിന്ന് നാനോ ബനാനയുടെ കഴിവുകള്‍ കൂടുതല്‍ വികസിച്ചതായ ഗൂഗിള്‍ ലാബ്‌സ് ആന്റ് ജെമിനൈ വൈസ് പ്രസിഡന്റ് ജോഷ് വുഡ് വാര്‍ഡ് പറഞ്ഞു. ഇന്‍ഫോഗ്രാഫിക്‌സിന്റെ കാര്യത്തില്‍ ഇത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റില്‍ പുറത്തിറക്കിയ നാനോ ബനാനയുടെ ആദ്യ പതിപ്പ് ആഗോളതലത്തില്‍ വൈറലായി മാറിയിരുന്നു. ലളിതമായ പ്രോംറ്റുകളിലൂടെ പുതിയ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനേക്കാളുപരി നമ്മുടെ യഥാര്‍ത്ഥ ചിത്രങ്ങളെ അതിമനോഹരമാക്കി എഡിറ്റ് ചെയ്യാനും പശ്ചാത്തലം മാറ്റാനും അതിമനോഹരമായ വസ്ത്രങ്ങള്‍ അണിയിക്കാനുമെല്ലാം ഇതുവഴി സാധിച്ചത് ആളുകളുടെ സ്വീകാര്യത നേടിയെടുക്കുന്നതില്‍ സഹായകമായി. സൗജന്യമായി നാനോ ബനാനയില്‍ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ വാട്ടര്‍മാര്‍ക്കുകളുണ്ടാവും എന്നാല്‍ ഗൂഗിള്‍ എഐ അള്‍ട്രാ വരിക്കാര്‍ക്ക് വാട്ടര്‍മാര്‍ക്കില്ലാതെ ചിത്രങ്ങള്‍ നിര്‍മിക്കാനാവും.
ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷന്‍ ടൂളുകള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് നാനോ ബനാന. ചാറ്റ് ജിപിടിയേക്കാള്‍ വേഗത്തില്‍ ചിത്രങ്ങള്‍ നിര്‍മിക്കാമെന്നതും നിലവിലുള്ള ചിത്രങ്ങളില്‍ രൂപമാറ്റം വരാതെ ആവശ്യമായ എഡിറ്റുകള്‍ കൊണ്ടുവരാമെന്നതും നാനോ ബനാനയുടെ സവിശേഷതയാണ്
Content Highlights: Discover NanoBanana Pro, Google`s latest AI image editor powered by Gemini 3 Pro. Enhance photos, add text, and create professional visuals. Upgrade now!