പിക്‌സല്‍ 8എ, ആന്‍ഡ്രോയിഡ് 15 പ്രഖ്യാപിച്ചേക്കും-ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സ് മേയ് 14ന്

ഗൂഗിളിന്റെ ഈ വര്‍ഷത്തെ ഐ/ഒ ഡെവലപ്പര്‍ കോണ്‍ഫറന്‍സ് മെയ് 14 ന്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗൂഗിള്‍ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെ ഡെവലപ്പര്‍മാരെ ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ പുതിയ സാങ്കേതിക വിദ്യാ പ്രഖ്യാപനങ്ങളും ചര്‍ച്ചകളും നടക്കും.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഷോര്‍ലൈന്‍ ആംഫിതീയറ്ററിലാണ് പരിപാടി നടക്കുക. ഗൂഗിളിന്റെ എല്ലാ ഔദ്യോഗിക ചാനലുകളിലൂടെയും കമ്പനിയുടെ കീനോട്ട് ഇവന്റിന്റെ ലൈവ് സ്ട്രീമിങ് ഉണ്ടാവും. ഡെവലപ്പര്‍ സെഷനുകള്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ആന്‍ഡ്രോയിഡ് 15 ലെ പുതിയ ഫീച്ചറുകള്‍, ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ പദ്ധതികള്‍, ജിമെയില്‍, ഗൂഗിള്‍ ഫോട്ടോസ്, പോലുള്ള മറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ എല്ലാം കോണ്‍ഫറന്‍സില്‍ പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷത്തെ പരിപാടിയിലാണ് പിക്‌സല്‍ 7എ അവതരിപ്പിച്ചത്. അത് തുടര്‍ന്നാല്‍, പിക്‌സല്‍ 8എ പോലുള്ള പുതിയ ഹാര്‍ഡ് വെയര്‍ ഉല്പന്നങ്ങളും ഈ വര്‍ഷം കമ്പനി പുറത്തിറക്കിയേക്കും. കഴിഞ്ഞ വര്‍ഷം തന്നെയാണ് ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബള്‍ ഫോണായ പിക്‌സല്‍ ഫോള്‍ഡും അവതരിപ്പിച്ചത്.
Content Highlights: google io developer conference 2024, pixel 8a, android 15