ജെമിനി ഡെസ്ക്ടോപ്പ് ആപ്പ് വിൻഡോസ് ഉപയോക്താക്കൾക്കായി ഗൂഗിൾ പുറത്തിറക്കി

#ടെക്നോളജി ഡെസ്ക്
ജെമിനി ഐക്കൺ | Photo: Google
ജെമിനി ഐക്കൺ | Photo: Google

ഗൂഗിളിന്റെ എഐ അസിസ്റ്റന്റ് സേവനമായ ജെമിനിയുടെ വിൻഡോസ് ഒഎസിനുവേണ്ടിയുള്ള പ്രത്യേക ആപ്പ് പുറത്തിറക്കി. വിൻഡോസ് 10, വിൻഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്ക് വേണ്ടിയാണ് ഈ ആപ്പ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം ആദ്യം മാക് ഒഎസിനായി (macOS) ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതിലൂടെ വെബ് ബ്രൗസറിന്റെ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി ഡെസ്ക്ടോപ്പ് ആപ്പിലൂടെ ജെമിനി ഉപയോഗിക്കാൻ സാധിക്കും.

പ്രധാന സവിശേഷതകൾ:

ക്വിക്ക്-ആക്സസ് ഓവർലേ: ഉപയോക്താക്കൾക്ക് Alt + Space കീ അമർത്തിക്കൊണ്ട് എപ്പോൾ വേണമെങ്കിലും ജെമിനി ആപ്പ് തുറക്കാൻ സാധിക്കും. നിലവിൽ പ്രവർത്തിക്കുന്ന ആപ്പുകൾക്ക് മുകളിലായി ഇത് ഒരു ഓവർലേയായി പ്രത്യക്ഷപ്പെടുകയും, ഡോക്യുമെന്റ് പരിശോധിക്കൽ, മറുപടികൾ തയ്യാറാക്കൽ, പ്രസന്റേഷനുള്ള ആശയങ്ങൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ സഹായത്തോടെ ചെയ്യാം.

ഇന്റഗ്രേറ്റഡ് വർക്ക്സ്പേസ്: ലളിതമായ സംഭാഷണങ്ങൾക്കപ്പുറം, സങ്കീർണമായ ജോലികൾ ചെയ്യാനാവുന്ന ഒരു കേന്ദ്രീകൃത ഹബ്ബായി ആപ്പിന്റെ പ്രധാന വിൻഡോ പ്രവർത്തിക്കും. ഒന്നിലധികം ഘട്ടങ്ങളുള്ള ജോലികൾ ചെയ്യാൻ ജെമിനി സ്പാർക്കിനെ ചുമതലപ്പെടുത്താൻ ഇതിലാവും. ഒപ്പം ജിമെയിൽ, ഗൂഗിൾ ഡ്രൈവ് പോലെയുള്ള ഗൂഗിൾ വർക്ക്സ്പേസ് സേവനങ്ങളുമായി ബന്ധിപ്പിക്കാനും അതിലെ ഫയലുകളിൽ നിന്നുള്ള വിവരങ്ങൾ നേരിട്ട് എടുക്കാനും സാധിക്കും.

മൾട്ടിമീഡിയ ജനറേഷൻ: ഡെസ്ക്ടോപ്പ് ഇന്റർഫേസിൽ നിന്ന് തന്നെ നാനോ ബനാന വഴി ചിത്രങ്ങളും, ജെമിനി ഓമ്നി വഴി വീഡിയോകളും സൃഷ്ടിക്കാനുള്ള ക്രിയേറ്റീവ് ടൂളുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പശ്ചാത്തലത്തിൽ പ്രവർത്തിക്കുമ്പോഴും സിസ്റ്റത്തിന്റെ റിസോഴ്സുകൾ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുന്ന രീതിയിലാണ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് കംപ്യൂട്ടറിന്റെ പ്രവർത്തനവേഗത്തെ ഇത് കാര്യമായി ബാധിക്കില്ല. സെപ്റ്റംബർ 11 മുതൽ ആഗോളതലത്തിൽ ഈ ആപ്പ് ലഭ്യമാണ്. വിൻഡോസ് 10, 11 ഉപയോക്താക്കൾക്ക് gemini.google/desktop എന്ന വെബ്സൈറ്റിൽ നിന്ന് ഇൻസ്റ്റാളർ നേരിട്ട് ഡൗൺലോഡ് ചെയ്യാം.

Content Highlights: Google Launches Dedicated Gemini AI App for Windows 10 and 11: Top Features and Download Guide