ഗൂഗിൾ വർക്ക്‌സ്‌പേസിൽ പുതിയ എഐ വോയ്‌സ് ഫീച്ചറുകൾ; പറഞ്ഞാൽ മതി ജെമിനി ചെയ്യും

#ടെക്നോളജി ഡെസ്ക്
Photo: Google
Photo: Google

ഗൂഗിൾ വർക്ക്‌സ്‌പേസ് ഉപഭോക്താക്കൾക്കായി പുതിയ ജെമിനി എഐ വോയ്‌സ് ഫീച്ചറുകൾ അവതരിപ്പിച്ചു. ഇനിമുതൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിന് പകരം സംസാരിച്ചുകൊണ്ട് തന്നെ ജിമെയിൽ, ഗൂഗിൾ ഡോക്സ്, ഗൂഗിൾ കീപ്പ് എന്നിവയിൽ തിരച്ചിൽ നടത്താനും ഡോക്യുമെന്റുകൾ എഴുതാനും കാര്യങ്ങൾ ക്രമീകരിക്കാനും സാധിക്കും. ബിസിനസ് ഉപഭോക്താക്കൾക്ക് ഈ സേവനം ഉടൻ ലഭ്യമാകുമെന്നും ഗൂഗിൾ അറിയിച്ചു. ഗൂഗിൾ എഐ വരിക്കാർക്കായി ഇപ്പോൾ തന്നെ ഈ ഫീച്ചറുകൾ ലഭ്യമാണ്. ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തന്നെയാണ് ‘എക്സി’ൽ ഈ വിവരം പങ്കുവെച്ചത്.

മൂന്ന് പ്രധാന വോയ്‌സ് ഫീച്ചറുകളാണ് ഈ അപ്‌ഡേറ്റിലൂടെ ഗൂഗിൾ വർക്ക്‌സ്‌പേസിൽ എത്തിക്കുന്നത്:

  • ജിമെയിൽ ലൈവ്: ഈ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇൻബോക്‌സിലെ ഇമെയിലുകൾ സംസാരിച്ചുകൊണ്ട് തിരയാനാകും. നീണ്ട ഇമെയിലുകൾ തുറന്നു നോക്കാതെയും സ്ക്രോൾ ചെയ്യാതെയും "എന്റെ ഫ്ലൈറ്റിന്റെ ഗേറ്റ് നമ്പർ ഏതാണ്?" എന്നത് പോലുള്ള ചോദ്യങ്ങളിലൂടെ ജെമിനിയുടെ സഹായത്തോടെ ഇൻബോക്‌സ് പരിശോധിച്ച് ആവശ്യമായ വിവരങ്ങൾ അറിയാം.
  • ഡോക്സ് ലൈവ്: എഴുതുന്നതിനുള്ള ഒരു സഹായിയായിരിക്കും ഡോക്സ് ലൈവ്. മനസ്സിലുള്ള ആശയങ്ങൾ പറഞ്ഞാൽ അതിനെ ഒരു ഡോക്യുമെന്റാക്കി മാറ്റാൻ ജെമിനിക്ക് കഴിയും. ഉപഭോക്താക്കളുടെ അനുമതിയോടെ ജിമെയിൽ, ഡ്രൈവ്, ചാറ്റ്, വെബ് എന്നിവയിൽനിന്നുള്ള പ്രസക്തമായ വിവരങ്ങൾ ശേഖരിച്ച് ആശയരൂപീകരണത്തിനും ഔട്ട്‌ലൈൻ തയ്യാറാക്കാനും എഴുത്തിന്റെ ശൈലി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

കീപ്പ് ലൈവ്: മനസ്സിലുള്ള വിവരം വേഗത്തിൽ രേഖപ്പെടുത്താൻ ഗൂഗിൾ കീപ്പിൽ ഈ ഫീച്ചർ ഉപയോഗിക്കാം. പറയുന്ന കാര്യങ്ങളെ കൃത്യമായി ക്രമത്തിലുള്ള കുറിപ്പുകളായും ലിസ്റ്റുകളായും ചെയ്യാനുള്ള ടാസ്കുകളായും മാറ്റാൻ ജെമിനിക്ക് സാധിക്കും.

എപ്പോൾ ലഭിക്കും?

ഈ ആഴ്ച മുതൽതന്നെ വോയ്സ് ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങും. ജിമെയിൽ ലൈവ്, കീപ്പ് ലൈവ് എന്നിവ ഗൂഗിൾ എഐ പ്ലസ്, പ്രോ, അൾട്രാ വരിക്കാർക്ക് ലഭ്യമാണ്. ഡോക്സ് ലൈവ് ഫീച്ചർ പ്രോ, അൾട്രാ വരിക്കാർക്ക് മാത്രമാണ് ലഭിക്കുക. ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ് ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾ ഉടൻതന്നെ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Content Highlights: Google has rolled out new Gemini AI voice features—Gmail Live, Docs Live, and Keep Live—allowing Workspace users to search, draft, and organize their content using natural voice commands instead of typing.