ജനറേറ്റീവ് AI വെബ് ട്രാഫിക്കിൽ മുന്നേറി ജെമിനി; പതറി ചാറ്റ്ജിപിടി, ഗൂഗിളിന് വൻനേട്ടം

#ടെക്‌നോളജി ഡെസ്‌ക്
1. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 2.  ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ | Photo - PTI, AP
1. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ 2. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ | Photo - PTI, AP

നിർമിതബുദ്ധിയുടെ രംഗത്ത് 2025-ൽ വൻമുന്നേറ്റം നടത്തി ഗൂഗിൾ. കഴിഞ്ഞ 12 മാസത്തിനിടെ ജനറേറ്റീവ് AI വെബ് ട്രാഫിക്കിൽ ഗൂഗിളിന്റെ ജെമിനി അതിന്റെ വിഹിതം മൂന്നിരട്ടിയായി വർധിപ്പിച്ചതായാണ് ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ സിമിലർവെബ്ബിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്. 5.4 ശതമാനത്തിൽ നിന്ന് 18.2 ശതമാനമായാണ് വെബ് ട്രാഫിക്ക് വർധിച്ചത്.

എന്നാൽ എഐയിൽ ഗൂഗിളിന് വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്ന ചാറ്റ്ജിപിടിയുടെ സ്വാധീനം ഈ കാലയളവിൽ ഗണ്യമായി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഒരു കാലത്ത് 87.2 ശതമാനം വിഹിതം കൈവശം വെച്ചിരുന്ന ChatGPT യുടെ വിഹിതം 68 ശതമാനമായാണ് കുറഞ്ഞത്. 19 ശതമാനത്തിന്റേത് ഞെട്ടിക്കുന്ന കുറവാണെന്ന് വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

ചാറ്റ്ജിപിടിയെ ഗൂഗിൾ ഭയന്നിരുന്നു, പക്ഷെ പ്രവചനങ്ങൾ ഫലിച്ചില്ല

ഏകദേശം മൂന്ന് വർഷം മുൻപ് ChatGPT കമ്പനിയുടെ ഭാവിക്കുതന്നെ ഭീഷണിയാകുമെന്ന് ഗൂഗിൾ ഭയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് 'കോഡ് റെഡ്' മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ 2025-ന്റെ അവസാനത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ജെമിനി 3 മായി ഗൂഗിൾ രംഗത്തെത്തിയതോടെ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ജീവനക്കാർക്ക് ലമാനമായ മുന്നറിയിപ്പ് നൽകേണ്ടിവന്നു. ജെമിനി 3 ഗൂഗിൾ പുറത്തിറക്കി ദിവസങ്ങൾക്ക് ശേഷമായിരുന്നു സാം ആൾട്ട്മാൻ OpenAI ജീവനക്കാർക്ക് 'കോഡ് റെഡ്' മുന്നറിയിപ്പ് നൽകിയത്. ഗൂഗിളിന്റെ കോടിക്കണക്കിന് ഉപയോക്താക്കളിലേക്ക് അതിവേഗത്തിൽ വിന്യസിക്കപ്പെട്ട മോഡലായിരുന്നു ജെമിനി 3. അനലിസ്റ്റുകൾ ജെമിനി 3 യെ ഗൂഗിൾ സെർച്ചിലേക്കുള്ള ഏറ്റവും വേഗമേറിയ എഐ വിന്യാസമായി വിശേഷിപ്പിച്ചു.

എന്റർപ്രൈസ് ഉപഭോക്താക്കൾക്കിടയിലും ഓപ്പൺഎഐക്ക് തിരിച്ചടി

മെൻലോ വെഞ്ചേഴ്സിന്റെ സമീപകാല റിപ്പോർട്ടിലും എന്റർപ്രൈസ് ഉപഭോക്താക്കൾക്കിടയിൽ ഓപ്പൺഎഐക്ക് കാര്യമായ വിപണി വിഹിതം നഷ്ടപ്പെട്ടതായാണ് കാണുന്നത്. 27 ശതമാനമായാണ് വിപണി വിഹിതം കുറഞ്ഞത്. അതേസമയം ജെമിനിയുടെ വിപണി വിഹിതം 21 ശതമാനമായി ഉയരുകയും ചെയ്തു. വിപണിവിഹിതം 40 ശതമാനമായി ഉയർന്ന ആന്ത്രോപിക്കാണ് ഈ രംഗത്ത് മുന്നിട്ടുനിൽക്കുന്നത്. എന്നാൽ മെൻലോയുടെ കണക്കുകളെ OpenAI ചോദ്യം ചെയ്യുന്നുണ്ട്. ഈ വെഞ്ച്വർ ക്യാപിറ്റൽ കമ്പനിയിൽ ആന്ത്രോപിക്കിന് നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ജെമിനിക്ക് ലഭിച്ച സ്വീകാര്യത AI മത്സരത്തിലെ ഗൂഗിളിന്റെ മുന്നേറ്റത്തിൽ സുപ്രധാന പങ്കാണ് വഹിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഗൂഗിളിന്റെ നാനോ ബനാനയും ഈ വർഷം ആദ്യം ജെമിനിയുടെ പ്രചാരം വൻതോതിൽ വർധിപ്പിച്ചിരുന്നു.

Content Highlights: Google`s Gemini AI is rapidly gaining market share from ChatGPT. See how Gemini is reshaping the AI landscape and Google`s impressive growth.