ആരോഗ്യം വിലയിരുത്തും, നിർദേശങ്ങൾ നൽകും; സ്‌ക്രീനില്ലാത്ത ഫിറ്റ്ബിറ്റ് എയറുമായി ഗൂഗിൾ

സ്‌ക്രീൻ ഇല്ലാത്ത ഫിറ്റ്‌നസ് ട്രാക്കർ ആയ ഫിറ്റ്ബിറ്റ് എയർ അവതരിപ്പിച്ച് ഗൂഗിൾ. ഡിസ്പ്ലേ, നോട്ടിഫിക്കേഷനുകൾ, ക്ലോക്ക് എന്നിവ ഇല്ലാത്ത ഒരു ഭാരം കുറഞ്ഞ സ്ട്രാപ്പാണിത്. ഹെൽത്ത് ഡാറ്റ ഇത് നിശബ്ദമായി ട്രാക്ക് ചെയ്യും. ഗൂഗിളിന്റെ ജെമിനി-പവേർഡ് എഐ പിന്നീട് ആ വിവരങ്ങൾ വിശകലനം ചെയ്ത് വ്യക്തിഗത ഫിറ്റ്‌നസ് പ്ലാനുകൾ, ഉറക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ആരോഗ്യ നിർദ്ദേശങ്ങൾ എന്നിവ സൃഷ്ടിക്കും. 100 ഡോളറാണ് വില.
ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കളെ പിന്തുണയ്ക്കുന്ന ഇതിന്റെ പ്രീ-ഓർഡർ സൗകര്യം നിലവിൽ ലഭ്യമാണ്. മെയ് 26 മുതൽ വിൽപ്പന ആരംഭിക്കും. 130 ഡോളർ വിലയുള്ള പ്രത്യേക പതിപ്പും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്‌ക്രീനോ ബട്ടണുകളോ ഇല്ലാത്ത ഫിറ്റ്ബിറ്റ് എയർ എല്ലാ ദിവസവും കൈത്തണ്ടയിൽ ധരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നിരന്തരം ഹൃദയമിടിപ്പ് നിരീക്ഷിക്കാനും ഉറക്കത്തിന്റെ ഘട്ടങ്ങൾ ട്രാക്ക് ചെയ്യാനും സ്ലീപ്പ് സ്‌കോറുകൾ സൃഷ്ടിക്കാനും അസ്വാഭാവിക ഹൃദയമിടിപ്പ് മുന്നറിയിപ്പുകൾ അയയ്ക്കാനും ഇതിന് കഴിയും. ഹൃദയമിടിപ്പ് വ്യതിയാനം ഉപയോക്താക്കൾക്ക് മനസിലാക്കാനും കഴിയും. സമ്മർദ്ദ നിലകളടക്കം തിരിച്ചറിയാൻ ഇത് പ്രയോജനകരമാണ്.
ഓട്ടോമാറ്റിക് എക്‌സർസൈസ് ട്രാക്കിങ്ങും സാധ്യമാണ്. നടത്തം, ഓട്ടം, സൈക്ലിംഗ്, ജിം അധിഷ്ഠിത വ്യായാമങ്ങൾ എന്നിവയുൾപ്പെടെ 140-ൽ അധികം പ്രവർത്തനങ്ങൾ തിരിച്ചറിയാൻ ഇതിന് കഴിയും എന്ന് ഗൂഗിൾ പറയുന്നു. ഇതിലെ സ്മാർട്ട് വേക്ക് സംവിധാനം വ്യായാമത്തിനായി ഉപയോക്താക്കളെ ഉണർത്തും. മുമ്പത്തെ പതിപ്പുകളേക്കാൾ 15 ശതമാനം കൃത്യതയുള്ള പുതിയ മെഷീൻ ലേണിങ് മോഡലുകളാണ് ഫിറ്റ്ബിറ്റ് എയർ ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. ബാൻഡടക്കം ഇതിന് 12 ഗ്രാം മാത്രമേ ഭാരമുള്ളൂ.
മെയ് 19 മുതൽ ഫിറ്റ്ബിറ്റ് ആപ്പ് പുതിയ ഗൂഗിൾ ഹെൽത്ത് ആപ്പിലേക്ക് സ്വയം അപ്‌ഡേറ്റ് ചെയ്യുമെന്നും ഗൂഗിൾ സ്ഥിരീകരിച്ചു. നിലവിലുള്ള ഫിറ്റ്ബിറ്റ് ഉപയോക്താക്കൾ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അവരുടെ ഡാറ്റ കൈമാറ്റം ചെയ്യപ്പെടും. ഗൂഗിൾ ഫിറ്റ് ഉപയോക്താക്കൾ ഈ വർഷം അവസാനം ഇതേ പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഫിറ്റ്ബിറ്റ് എയർ ഇന്ത്യയിൽ പുറത്തിറക്കുമോ എന്ന് ഗൂഗിൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഫിറ്റ്ബിറ്റ് ഉൽപ്പന്നങ്ങൾ ഇതിനകം രാജ്യത്ത് വിൽക്കുന്നതിനാൽ, ഭാവിയിൽ റിലീസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
Content Highlights: Screenless 12g design focused on passive health tracking., Powered by Gemini AI for personalized fitness and sleep coaching., Fitbit app transitioning to the unified Google Health app on May 19, 2026., Features 140+ activity tracking and advanced heart health monitoring., Available for preorder at $100, with a Stephen Curry edition for $130.