ഗൂഗിൾ എർത്തിലെ പുതിയ എഐ ഫീച്ചർ വൻ ദുരന്തം; വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ സേവനം നിർത്തിവെച്ചു

ഗൂഗിൾ എർത്തിന്റെ വെബ് പതിപ്പിൽ അവതരിപ്പിച്ച പുതിയ എഐ ഫീച്ചർ വൻ ദുരന്തമായി മാറി. ഭൂപട ചിത്രങ്ങളിൽ ചരിത്ര സംഭവങ്ങൾ പുനരാവിഷ്കരിക്കാനും ഉപഭോക്താക്കളുടെ ഭാവനകൾ പങ്കുവെക്കാനും സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ഗൂഗിൾ ജെമിനി അധിഷ്ഠിതമായ നാനോ ബനാന 2 ഫീച്ചർ അവതരിപ്പിച്ചത്. എന്നാൽ ഉപഭോക്താക്കളുടെ കൈയിലെത്തിയതോടെ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും വൻതോതിൽ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങുകയും ചെയ്തു.
ഒറ്റ പ്രോംപ്റ്റിലൂടെ ഭൂപട ചിത്രങ്ങളിൽ മാറ്റം വരുത്താം എന്ന സൗകര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഗാസയിലെ ആശുപത്രികളിൽ ബോംബ് വീണുണ്ടായ കുഴികൾ, ഇറാനിൽ പുതുതായി ഉയർന്ന ആണവനിലയം, യു.എസ്-മെക്സിക്കോ അതിർത്തിയിലെ അഭയാർഥി പ്രവാഹം, വെള്ളപ്പൊക്കങ്ങൾ, കൂടാതെ 9/11 ആക്രമണത്തെ ഓർമിപ്പിക്കുന്ന വിധത്തിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ, ഈഫൽ ടവർ തകർന്നുവീണ ദൃശ്യം എന്നിവയൊക്കെ ഉപയോക്താക്കൾ നിമിഷനേരം കൊണ്ട് നിർമിച്ചെടുത്തു.
കഴിഞ്ഞ 20 വർഷമായി ലോകം വിവരങ്ങൾക്കായി വിശ്വസിച്ചുപോരുന്ന ഒരു സംവിധാനത്തിൽ ഗൂഗിൾ വ്യാജ വിവരങ്ങൾ സൃഷ്ടിക്കുന്ന ഒരു ബട്ടനാണ് ഇപ്പോൾ കൂട്ടിച്ചേർത്തതെന്ന് എഐ ഗവേഷകനായ ഹെങ്ക് വാൻ എസ് രൂക്ഷമായി വിമർശിച്ചു.
ഗവേഷകർക്കും നഗരവികസനം പഠിക്കുന്നവർക്കും ഓപ്പൺ സോഴ്സ് ഇന്റലിജൻസിനും ഭൂപ്രദേശങ്ങളുടെ ഭൂതകാലവും വർത്തമാനകാലവും താരതമ്യം ചെയ്യാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസ്തവുമായ ഉപകരണമാണ് ഗൂഗിൾ എർത്ത്. എന്നാൽ പുതിയ എഐ ഫീച്ചർ ഭൂപ്രദേശങ്ങളെക്കുറിച്ച് വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത് ആഗോളതലത്തിൽ തെറ്റായ വിവരങ്ങൾ പടരാൻ ഇടയാക്കുമെന്ന ആശങ്ക ഉയർത്തി.
എഐ നിർമിത ചിത്രങ്ങൾ തിരിച്ചറിയാൻ ഗൂഗിളിന്റെ 'സിന്ത്ഐഡി' (SynthID) വാട്ടർമാർക്കിങ് സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ചില ചിത്രങ്ങളിൽ എഐ നിർമിതമാണെന്നത് തിരിച്ചറിയാൻ അതിന് സാധിച്ചില്ലെന്നതും തിരിച്ചടിയായി.
ഉപയോക്താക്കൾ ഗൂഗിളിന്റെ നയങ്ങൾ ലംഘിക്കുന്ന രീതിയിൽ ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതോടെ ഫീച്ചർ താൽക്കാലികമായി നിർത്തിവെക്കാൻ കമ്പനി നിർബന്ധിതമാകുകയായിരുന്നു. ഗൂഗിൾ എർത്തിന്റെ വിശ്വസ്തത നിലനിർത്തുന്നതിനായി കൂടുതൽ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നത് വരെ സേവനം പിൻവലിക്കുകയാണെന്ന് ഗൂഗിൾ എക്സിലൂടെ വ്യക്തമാക്കി. ജനങ്ങൾക്കായി ലഭ്യമായ പ്രധാന ഗൂഗിൾ എർത്ത് പ്ലാറ്റ്ഫോമിൽ ഈ ചിത്രങ്ങൾ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ലെന്നും, നിർമിച്ച ചിത്രങ്ങളിൽ എഐ വാട്ടർമാർക്ക് ഉണ്ടായിരുന്നുവെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.
Content Highlights: Google was forced to suspend its new Gemini-powered 'Nano Banana 2' AI feature on Google Earth after users exploited the tool to generate and spread hyper-realistic, fake geographical and historical disaster images, highlighting significant flaws in its SynthID watermarking system.