AI ആവേശം തകര്‍ന്നാല്‍ ഒരു കമ്പനിക്കും പിടിച്ചുനില്‍ക്കാനാകില്ല; ഗൂഗിളിനും അടിപതറുമെന്ന് പിച്ചൈ

#ടെക് ഡെസ്‌ക്
1. സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AFP, PTI
1. സുന്ദര്‍ പിച്ചൈ 2. പ്രതീകാത്മകചിത്രം | Photo - AFP, PTI

നിര്‍മിതബുദ്ധിയുടെ മേഖലയില്‍ ഇന്നുകാണുന്ന ആവേശം തകര്‍ന്നാല്‍ ഗൂഗിള്‍ ഉള്‍പ്പെടെ ഒരു കമ്പനിക്കും രക്ഷപ്പെടാനാവില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. നിലവിലെ എഐ ഭ്രമം യുക്തിരഹിതമായ നിരവധി ഘടകങ്ങള്‍ നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു. 1990-കളുടെ അവസാനത്തിലെ ഡോട്ട് കോം ബബിള്‍ കാലഘട്ടത്തില്‍ 'യുക്തിരഹിതമായ ആവേശം' സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയ സാമ്പത്തിക വിദഗ്ധരുടെ വാക്കുകളെയാണ് പിച്ചൈയുടെ പ്രസ്താവന ഓര്‍മ്മിപ്പിക്കുന്നത് എന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

എഐയെ ചുറ്റിപ്പറ്റിയുള്ള ആവേശം ടെക് വ്യവസായ മേഖലയില്‍ റെക്കോര്‍ഡ് കുതിപ്പിനും നിക്ഷേപത്തിനും കാരണമായതോടെ ഈ ആവേശം എത്രകാലം നിലനില്‍ക്കുമെന്ന ചര്‍ച്ചകള്‍ വ്യാപകമായ സാഹചര്യത്തിലാണ് വിഷയത്തില്‍ പിച്ചൈയുടെ പ്രതികരണം. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയുമായും മറ്റ് അതിവേഗം വളരുന്ന എതിരാളികളുമായും മത്സരിക്കാനുള്ള ഗൂഗിളിന്റെ കഴിവില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസം കാരണം ഈ വര്‍ഷം ആല്‍ഫബെറ്റിന്റെ ഓഹരികള്‍ക്ക് മാത്രം ഏകദേശം 46 ശതമാനം വര്‍ധനവുണ്ടായിരുന്നു.

'ഒരു കമ്പനിക്കും പിടിച്ചുനില്‍ക്കാനാകില്ല'

ഈ കുമിള പൊട്ടിയാല്‍ ആല്‍ഫബെറ്റിന്റെ അവസ്ഥ എന്താകും എന്ന ചോദ്യത്തിനാണ് പിച്ചൈ മറുപടി നല്‍കിയത്. ഒരു കമ്പനിക്കും അതിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ അതിജീവിക്കാന്‍ ചില കമ്പനികള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും പ്രത്യാഘാതങ്ങള്‍ ഈ മേഖലയിലാകെ അലയടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തൊക്കെയാണെങ്കിലും ഇപ്പോഴത്തെ എഐ കുതിപ്പ് യഥാര്‍ത്ഥ സാങ്കേതിക പരിവര്‍ത്തനത്തിന്റെ ഒരു കാലഘട്ടത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പിച്ചൈ ഉറപ്പിച്ചു പറയുന്നു. യുക്തിരഹിതമായ ചില ഘടകങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായ നൂതനാശയങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.

ടെക് മേഖലയിലെ മറ്റ് പ്രമുഖ വ്യക്തികള്‍ പലരും എഐ രംഗത്തെ അമിതാവേശത്തെക്കുറിച്ച് നേരത്തെതന്നെ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. നിക്ഷേപകരുടെ അമിതാവേശത്തിന്റെ ലക്ഷണങ്ങള്‍ ഈ വ്യവസായ രംഗത്ത് കാണാന്‍ തുടങ്ങിയിട്ടുണ്ടെന്ന്ന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ആര്‍ക്കെങ്കിലും ഭീമമായ തുക നഷ്ടപ്പെട്ടേക്കാം. അത് ആരാണെന്ന് അറിയില്ല. ഒരുപാട് പേര്‍ ഭീമമായ പണം സമ്പാദിക്കാനും പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് ജനങ്ങളില്‍ വളരെ ആവേശം ഉള്ളതിനാല്‍ എല്ലാ പരീക്ഷണങ്ങള്‍ക്കും ഫണ്ട് ലഭിക്കും. ഈ ഘട്ടത്തില്‍ നല്ല ആശയങ്ങളെയും മോശം ആശയങ്ങളെയും വേര്‍തിരിച്ചറിയാന്‍ നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടാണെന്ന് ബെസോസ് പറഞ്ഞിരുന്നു.

Content Highlights: Google CEO Sundar Pichai cautions against AI`s `irrational exuberance,` warning no company, not even Google, is immune to a potential market collapse. Learn more.