പെന്റഗൺ കരാർ: ജീവനക്കാർക്ക് ഗൂഗിളിന്റെ സന്ദേശം; 'സാങ്കേതികവിദ്യ ലോകത്തെ സുരക്ഷിതമാക്കാൻ'

#ടെക്‌നോളജി ന്യൂസ്
1. പ്രതീകാത്മകചിത്രം 2. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ | Photo - AP, AFP
1. പ്രതീകാത്മകചിത്രം 2. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ | Photo - AP, AFP

യുഎസ് പ്രതിരോധ വകുപ്പുമായി അടുക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ജീവനക്കാർക്ക് വിശദമായ മറുപടി നൽകി ഗൂഗിൾ. 2018-ൽ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു സൈനിക കരാറിൽനിന്ന് പിന്മാറിയ ഗൂഗിൾ അടുത്തിടെ പെന്റഗണുമായി വീണ്ടും ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതേക്കുറിച്ചാണ് ജീവനക്കാർ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. പെന്റഗണും റോബോട്ട് നിർമാതാക്കളായ ബോസ്റ്റൺ ഡൈനാമിക്‌സും അടക്കമുള്ളവയുമായുള്ള പങ്കാളിത്തം കമ്പനിയുടെ എഐ നയങ്ങൾക്ക് അനുസൃതമാണോ എന്ന ചോദ്യമാണ് ജീവനക്കാർ ചോദിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

കരാറുകൾ കമ്പനിയുടെ എഐ നയങ്ങളുമായി യോജിക്കുന്നതാണ് എന്നാണ് ഗൂഗിൾ ജീവനക്കാർക്ക് നൽകുന്ന വിശദീകരണം. ദേശീയ സുരക്ഷാ കരാറുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കമ്പനി ജീവനക്കാരെ അറിയിച്ചു. ഗൂഗിൾ നൽകുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം അവലോകനം ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനമുണ്ടെന്നും സുരക്ഷ, ഉത്തരവാദിത്തം, സ്വകാര്യത എന്നിവയ്ക്ക് സംരക്ഷണം ഉറപ്പാക്കുന്നുണ്ടെന്നും ഡീപ്മൈൻഡ് ഗ്ലോബൽ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ടോം ലൂ ജീവനക്കാരെ അറിയിച്ചു. 2025-ൽ ഗൂഗിൾ തങ്ങളുടെ എഐ നയങ്ങളിൽ മാറ്റംവരുത്തിയെന്നും ആയുധങ്ങൾക്കോ നിരീക്ഷണങ്ങൾക്കോ വേണ്ടി സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന മുൻ നിലപാട് തിരുത്തിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കൂടുതൽ സർക്കാർ കരാറുകൾ പ്രതീക്ഷിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് പറഞ്ഞു. ഗൂഗിളിന്റെ നീക്കങ്ങളിൽ സംതൃപ്തനാണെന്ന് ഡീപ്മൈൻഡ് സിഇഒ ഡെമിസ് ഹസാബിസും ജീവനക്കാരോട് പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും ലോകത്തെ സുരക്ഷിതമാക്കാൻ മികച്ച നിലവാരമുള്ള സാങ്കേതികവിദ്യ നൽകാനും കമ്പനി ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിലും പ്രതിരോധ രംഗത്തും ടെക് കമ്പനികളുടെ പങ്ക് തർക്കവിഷയമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ജീവനക്കാരോട് ഗൂഗിൾ കാര്യങ്ങൾ വിശദീകരിച്ചിട്ടുള്ളത്. എഐ കമ്പനിയായ ആന്ത്രോപിക് അടുത്തിടെ പെന്റഗണുമായി ഇടഞ്ഞിരുന്നു. ആന്ത്രോപിക്കിന്റെ എഐ ടൂളുകൾ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യം കമ്പനി അംഗീകരിക്കാതിരുന്നതാണ് ഭിന്നതയ്ക്ക് കാരണം. ഇതേത്തുടർന്ന് ആന്ത്രോപിക്കിനെ പെന്റഗൺ വിലക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിരുന്നു. ഈ നീക്കത്തിനെതിരെ ആന്ത്രോപിക് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ആമസോൺ, ഒറാക്കിൾ പോലുള്ള മറ്റ് ടെക് കമ്പനികളും പ്രതിരോധ കരാറുകൾക്കുവേണ്ടി മത്സരിക്കുകയാണ്.

രഹസ്യ സ്വഭാവമില്ലാത്തെ നെറ്റ്വർക്കുകളിൽ എഐ ഏജന്റുകളെ വിന്യസിക്കാനുള്ള കരാറിലാണ് ഗൂഗിളും പെന്റഗണും അടുത്തിടെ ഏർപ്പെട്ടത്. രേഖകൾ സംഗ്രഹിക്കുന്നത് അടക്കമുള്ള ഓഫീസ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണിത്. ലക്ഷ്യങ്ങൾ തിരിച്ചറിയാനോ ആക്രമിക്കാനോ ടൂളുകൾ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Google is actively pursuing more national security contracts with the US government., The company updated its AI principles in 2025 to allow for broader military engagement., Leadership emphasizes that AI tools are currently limited to clerical tasks, not weaponization., Google is positioning itself to compete with Amazon and Oracle for defense-sector dominance.