ഇന്ത്യയില്‍ 1500 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഗൂഗിള്‍, യു.എസ്സിന് പുറത്ത് ഏറ്റവും വലിയ AI ഹബ് വരുന്നത് ആന്ധ്രയില്‍

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ (1500 കോടി) ഡോളര്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. യുഎസിന് പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ എഐ ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശില്‍ ഭീമന്‍ ഡാറ്റാ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രവും സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
വിശാഖപട്ടണത്താവും ഗിഗാവാട്ട് ഡാറ്റാ സെന്റര്‍ ക്യാമ്പസ് യുഎസ് ടെക് ഭീമന്‍ നിര്‍മ്മിക്കുക. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഓപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്.
യുഎസിന് പുറത്ത് ഗൂഗിള്‍ നിര്‍മിക്കാനൊരുങ്ങുന്ന ഏറ്റവും വലിയ എഐ ഹബ്ബാണിതെന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന്‍ പറഞ്ഞു. ഭാവിയില്‍ ഈ കേന്ദ്രം ഇനിയും വികസിപ്പിക്കാന്‍ ഗൂഗിളിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, അശ്വിനി വൈഷ്ണവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, സംസ്ഥാന ഐടി മന്ത്രി നാര ലോകേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിക്ഷേപത്തിന് അശ്വിനി വൈഷ്ണവ് ഗൂഗിളിന് നന്ദി പറഞ്ഞു. ഇന്ത്യയുടെ എഐ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എഐ രംഗത്തെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ഡാറ്റാ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുന്നതിന് കോടിക്കണക്കിന് പണം ചെലവഴിക്കുന്ന ടെക് ഭീമന്മാര്‍ക്കിടയിലെ മത്സരം ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. മൈക്രോസോഫ്റ്റും ആമസോണും ഇതിനകം ഇന്ത്യയില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഓപ്പണ്‍എഐ ഈ വര്‍ഷം അവസാനത്തോടെ ഒരു ഇന്ത്യന്‍ ഓഫീസ് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ചാറ്റ്ജിപിടിയുടെ ഉപയോഗം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയായി വര്‍ധിച്ചുവെന്ന് ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍ ചൂണ്ടിക്കാട്ടി.
Content Highlights: Google invests $10B in a 1GW data center & AI hub in Visakhapatnam, Andhra Pradesh. This landmark project aims to boost India`s AI cloud ecosystem and create over 180,000 jobs.