കൊച്ചി GOCC 2026: ആർട്ടിഫിഷ്യൽ ഇന്റലിജൻസും സൈബർ സുരക്ഷയും ചർച്ചയായി; പ്രശാന്ത് ബാലകൃഷ്ണന് ആദരം

കൊച്ചി: കേരളത്തിലെ സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും വലിയ കൂട്ടായ്മയായ 'ഗോഡ്‌സ് ഓൺ സിഐഒ കോൺക്ലേവ്' (GOCC 2026) കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റവും സൈബർ സുരക്ഷാ വെല്ലുവിളികളും നിറഞ്ഞ ആധുനിക ലോകത്ത് സാങ്കേതികരംഗത്തെ നേതാക്കൾ എങ്ങനെ മുൻനിരയിൽ നിൽക്കണം എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിന്റെ പ്രധാന ചർച്ചാവിഷയം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഐഒ കൂട്ടായ്മയായ സിഐഒ അസോസിയേഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്.
ഡിജിറ്റൽ പരമാധികാരവും ഐഐ മുന്നേറ്റവും ‘Leading Through Disruption: AI, Cyber Resilience & the Sovereign Enterprise’ എന്ന പ്രമേയത്തിൽ നടന്ന ഈ കോൺക്ലേവിൽ 150-ലധികം സിഐഒമാർ ഉൾപ്പെടെ മുന്നൂറിലധികം പ്രമുഖ സാങ്കേതിക വിദഗ്ധർ പങ്കെടുത്തു. കേവലം ഡിജിറ്റൽ മാറ്റത്തെക്കുറിച്ച് മാത്രമല്ല, മറിച്ച് തടസ്സങ്ങളെ അതിജീവിച്ച് എങ്ങനെ സുരക്ഷിതവും സുസ്ഥിരവുമായ സംരംഭങ്ങൾ കെട്ടിപ്പടുക്കാം എന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചർച്ചകൾ.
വിജിലൻസ് ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം ഐപിഎസ്, മുൻ നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലഫ്റ്റനന്റ് ജനറൽ എം.യു നായർ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ തുടങ്ങിയ ചടങ്ങിൽ പങ്കെടുത്തു.
ഡിജിപി മനോജ് എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഐഓ പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷ പ്രസംഗം നടത്തി. ഈ വർഷത്തെ കോൺക്ലേവിന്റെ പ്രധാന ആകർഷണം ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നൽകിയ 'ടെക് ജുവൽ ഓഫ് ഇന്ത്യ അവാർഡ് 2026' ആയിരുന്നു. ഇന്ത്യയുടെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിലെ യാത്രികനായും, സുഖോയ്-30 എംകെഐ സ്ക്വാഡ്രൺ കമാൻഡിംഗ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സാങ്കേതിക കാഴ്ചപ്പാടുകളെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും ചടങ്ങിൽ ആദരിച്ചു. 2026-ലെ കീർത്തി ചക്ര ജേതാവ് കൂടിയായ അദ്ദേഹത്തിന്റെ സാന്നിധ്യം സദസ്സിൽ വലിയ ആവേശം സൃഷ്ടിച്ചു.
മാതൃഭൂമിയുമായി സഹകരിച്ച് നടന്ന 'സൈബർ റെസിലിയൻസ് - ഡിപിഡിപിഎ (DPDPA), ഐഡന്റിറ്റി & എഐ ഭീഷണികൾ' എന്ന വിഷയത്തിലെ പാനൽ ചർച്ച ശ്രദ്ധേയമായി. പുതിയ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമം നടപ്പിലാക്കുന്നതിലെ വെല്ലുവിളികളും എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെ നേരിടാനുള്ള വഴികളും പാനലിൽ ചർച്ചയായി.
ManageEngine (Zoho Corp), miniOrange, Crowdstrike, Fortinet, HPE തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാരുടെ പങ്കാളിത്തം കൊച്ചി എന്ന ഐടി ഹബ്ബിന്റെ വളർച്ചയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. അഞ്ച് ബില്യൺ ഡോളറിലധികം ഐടി നിക്ഷേപത്തിന് സ്വാധീനമുള്ള സിഐഒ അസോസിയേഷൻ, വരും വർഷങ്ങളിൽ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള തീരുമാനങ്ങളോടെയാണ് കോൺക്ലേവ് അവസാനിപ്പിച്ചത്.