ഇങ്ങനെ ആയാല്‍ എന്ത് ചെയ്യും ? ജിമെയില്‍ ഉപഭോക്താക്കളെ കുഴക്കുന്ന ഫിഷിങ് ആക്രമണം

ആഗോളതലത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഇമെയില്‍ സേവനങ്ങളിലൊന്നാണ് ജിമെയില്‍. ഉപഭോക്താക്കള്‍ക്ക് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ജിമെയിലില്‍ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായി നിരവധി സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ട്. എങ്കില്‍ പോലും ജിമെയില്‍ ഉപഭോക്താക്കള്‍ക്കുനേരെ സൈബറാക്രമണങ്ങളുണ്ടാവാറുണ്ട്. സൈബറാക്രമണങ്ങള്‍ക്ക് ഒരു മാര്‍ഗമടയുമ്പോള്‍ പുതിയ വഴി സ്വീകരിക്കുന്നതാണ് സൈബര്‍ കുറ്റവാളികളുടെ രീതി. അക്കൗണ്ടുകള്‍ നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയോ, വിവരങ്ങള്‍ മോഷ്ടിക്കുന്നതിനും പണം തട്ടുന്നതിനും ഉപയോഗപ്പെടുത്തുകയോ ചെയ്‌തേക്കാം.
ഇപ്പോഴിതാ സങ്കീര്‍ണമായ ഒരു ഫിഷിങ് ആക്രമണത്തിന് ഇരയായ അനുഭവം എക്‌സില്‍ പങ്കുവെച്ചിരിക്കുകയാണ് നിക്ക്‌സ് ഡി ജോണ്‍സണ്‍ എന്ന ഉപഭോക്താവ്. സ്ഥാപനങ്ങളുടെയോ വ്യക്തികളുടേയോ പേരില്‍ ആള്‍മാറാട്ടം നടത്തി ലിങ്കുകള്‍, മാല്‍വെയറുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് നടത്തുന്ന സൈബറാക്രമണമാണ് ഫിഷിങ് ആക്രമണം (Phishing Attack). ഗൂഗിളിന്റെ തന്നെ പേരില്‍ വ്യാജ ഇമെയിലും വെബ് പേജും സൃഷ്ടിച്ചാണ് ഈ നീക്കം നടന്നത്. അതിന് ഉപയോഗപ്പെടുത്തിയതും ഗൂഗിളിന്റെ തന്നെ സംവിധാനങ്ങളാണ്.
ഏപ്രില്‍ 15 ന് no-reply@google.com എന്ന ഇമെയില്‍ ഐഡിയില്‍ നിന്ന് നിക്കിന് ഒരു ഇമെയില്‍ സന്ദേശം ലഭിച്ചു. നിക്കിന്റെ ഗൂഗിള്‍ അക്കൗണ്ട് കണ്ടന്റിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഇമെയില്‍ സന്ദേശം. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ സപ്പോര്‍ട്ട് പോര്‍ട്ടല്‍ എന്ന പേജിലേക്കാണ് പോയത്. sites.google.com എന്ന ഡൊമൈനിലുള്ളതായിരുന്നു അത്. ഒറ്റനോട്ടത്തില്‍ അതൊരു നിയമപരമായ വെബ്‌സൈറ്റ് ആണെന്ന് തോന്നും.
ഇമെയില്‍ സന്ദേശം വന്ന ഐഡി വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സ്ഥിരീകരിക്കുന്നതിനും വേണ്ടിയുള്ള ഡൊമൈന്‍ കീസ് ഐഡന്റിഫൈഡ് മെയില്‍ (ഡികെഐഎം) പരിശോധനയില്‍ പാസാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇമെയില്‍ ഐഡിയും പിന്നീട് വന്ന സപ്പോര്‍ട്ട് പോര്‍ട്ടിലിന്റെ ഡൊമൈനും വ്യാജമായിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഗൂഗിളിന്റേതിന് സമാനമായ വെബ്‌സൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിളിന്റെ തന്നെ sites.google.com എന്ന പോര്‍ട്ടലില്‍ ഹോസ്റ്റ് ചെയ്തതാണ് ഈ വ്യാജ വെബ് പേജ്. ആര്‍ക്കും ഗൂഗിള്‍ സബ് ഡൊമൈന്‍ ഉപയോഗിച്ച് കണ്ടന്റ് ഹോസ്റ്റ് ചെയ്യാനാകുന്ന പോര്‍ട്ടല്‍ ആണിതെന്ന് നിക്ക് പറയുന്നു. ഒപ്പം ഗൂഗിളിന്റേത് എന്ന് തോന്നുന്ന വ്യാജ ഇമെയില്‍ ഐഡിയും നിര്‍മിച്ചു. ഈ പ്രശ്‌നം നിക്ക് ഗൂഗിളിനെ അറിച്ചിട്ടുണ്ട്. കമ്പനി അത് പരിശോധിച്ചുവരികയാണ്.
എന്തായാലും ഇമെയില്‍ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകള്‍, അത് ഗൂഗിളിന്റെ ആണെങ്കില്‍ പോലും സൂക്ഷ്മതയോടെ നോക്കണം എന്ന് ഓര്‍മപ്പെടുത്തുന്നതാണ് നിക്ക് ജോണ്‍സണ്‍ എന്ന ഉപഭോക്താവിന്റെ അനുഭവം.
Content Highlights: A Gmail user details a sophisticated phishing attack using a fake Google support portal.