ഫ്രാൻസിനെ ഞെട്ടിച്ച സൈബറാക്രമണം; രണ്ടു ലക്ഷം പേരുടെ നികുതി വിവരങ്ങൾ ചോർന്നു, പരസ്യപ്പെടുത്തി ഹാക്കർ

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

സൈബറാക്രമണങ്ങളിലൂടെ രാജ്യത്തെ ലക്ഷക്കണക്കിനാളുകളുടെ നികുതി വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ച് ഫ്രാൻസിലെ നികുതി വകുപ്പായ ഡിജിഎഫ്ഐപി. 20 ലക്ഷത്തോളം നികുതിദായകരുടെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഒരു ഹാക്കർ രംഗത്തെത്തിയതിന് പിന്നാലെയാണ് അധികൃതരുടെ ഈ വെളിപ്പെടുത്തൽ.

എന്നാൽ ഡിജിഎഫ്‌ഐപിയുടെ ഔദ്യോഗിക സ്ഥിരീകരണമനുസരിച്ച് 6,78,000 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് ഈ ആക്രമണത്തിൽ ചോർന്നിരിക്കുന്നത്. ഇതിൽ 3,93,000 വ്യക്തികളും 2,86,000 ബിസിനസ് സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ടെന്നാണ് സൈബർ സുരക്ഷാ നിരീക്ഷണ പ്ലാറ്റ്‌ഫോമായ 'ഫ്രഞ്ച് ബ്രീച്ചസ്' നൽകുന്ന വിവരം. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ, ഐഡികൾ, പാസ്‌വേഡുകൾ എന്നിവയൊന്നും ചോർന്നിട്ടില്ലെന്ന് ഡിജിഎഫ്‌ഐപി വ്യക്തമാക്കിയിട്ടുണ്ട്.

"സീറോബൈറ്റ്സ്" (ZeroBytes) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഹാക്കറാണ് ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്കായി വെച്ചത്. ഡിജിഎഫ്‌ഐപിയിലെ ഒരു ജീവനക്കാരന്റെയും അനുമതിയുള്ള മറ്റൊരാളുടെയും ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ജൂൺ, ജൂലായ് മാസങ്ങളിലായി ഹാക്കർ സിസ്റ്റത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് ഡിജിഎഫ്‌ഐപി വ്യക്തമാക്കി. മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ മറികടന്നാണ് ഈ കടന്നുകയറ്റമെന്ന് ഹാക്കർ അവകാശപ്പെടുന്നു. തങ്ങൾക്ക് ഇപ്പോഴും സിസ്റ്റത്തിലേക്ക് പ്രവേശനമുണ്ടെന്ന് ഹാക്കർ അവകാശപ്പെടുന്നുണ്ടെങ്കിലും, അനധികൃതമായി ഉപയോഗിച്ച അക്കൗണ്ടുകളെല്ലാം ആക്രമണം കണ്ടെത്തിയ ഉടൻതന്നെ തടഞ്ഞതായി ഡിജിഎഫ്‌ഐപി അറിയിച്ചു.

ആക്രമണത്തിന്റെ സങ്കീർണത കാരണം തുടക്കത്തിൽ വിവരങ്ങൾ ചോർന്നത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Content Highlights: The French tax agency DGFiP has confirmed a major data breach compromising the tax information of over 6,78,000 individuals and businesses after a hacker known as 'ZeroBytes' bypassed authentication and put the stolen records up for sale.