ചൈനയുടെ നീക്കം ഫലംകാണില്ല; ബെംഗളൂരുവിലും iPhone 17 ഉത്പാദനം തുടങ്ങി ഫോക്‌സ്‌കോണ്‍

പ്രതീകാത്മകചിത്രം | AP
പ്രതീകാത്മകചിത്രം | AP

മുംബൈ: ചെന്നൈയ്ക്കു പുറമേ ബെംഗളൂരുവിലെ പുതിയ ഫാക്ടറിയിലും ഐഫോണ്‍ 17 ഉത്പാദനത്തിനു തുടക്കമിട്ട് ആപ്പിളിന്റെ കരാര്‍ക്കമ്പനിയായ ഫോക്‌സ്‌കോണ്‍. ചൈനയ്ക്കു പുറത്ത് ആപ്പിളിന്റെ രണ്ടാമത്തെ വലിയ ഉത്പാദനകേന്ദ്രമാണ് ബെംഗളൂരുവിലെ ദേവനഹള്ളിയില്‍ തായ്‌വാനീസ് കരാര്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഒരുക്കിയിട്ടുള്ളത്. ചെറിയതോതിലാണ് ഇവിടെ ഉത്പാദനം തുടങ്ങിയിരിക്കുന്നതെന്നാണ് വിവരം.

25,000 കോടിരൂപ ചെലവിലാണ് ഇവിടെ ഫാക്ടറിക്കു രൂപം നല്‍കിയിരിക്കുന്നത്. ബെംഗളൂരുവില്‍ ഉത്പാദനം തുടങ്ങിയതു സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനയില്‍നിന്നുള്ള വിദഗ്ധരെ തിരിച്ചുവിളിച്ചതിനെത്തുടര്‍ന്ന് ഇവിടെ ഉത്പാദനത്തില്‍ ചെറിയ തടസ്സങ്ങളുണ്ടായിരുന്നു. എന്നാല്‍, തായ്‌വാനില്‍നിന്നും മറ്റു കേന്ദ്രങ്ങളില്‍നിന്നും വിദഗ്ധരെ എത്തിച്ച് കമ്പനി പ്രതിസന്ധി മറികടന്നതായി സൂചനയുണ്ട്.

ചൈനയ്ക്ക് ശേഷം ഫോക്സ്‌കോണിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ യൂണിറ്റായി ബെംഗളൂരു ഫാക്ടറി മാറുന്നത് ഇന്ത്യയില്‍ ആപ്പിളിന്റെ ഉത്പാദന ശൃംഖലയിലെ ഒരു സുപ്രധാന ചുവടുവെപ്പാകും. ബെംഗളൂരു യൂണിറ്റ് പ്രവര്‍ത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എങ്കിലും ഫോക്സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റില്‍ നിലവിലുള്ള ഉത്പാദനത്തിന് പുറമെ ഐഫോണ്‍ 17 പരിമിതമായ തോതില്‍ അസംബ്ലി ലൈനില്‍ നിന്ന് പുറത്തിറങ്ങാന്‍ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആപ്പിളും ഫോക്സ്‌കോണും ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യയെ ഒരു പ്രധാന ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള ആപ്പിളിന്റെ ത്വരിതഗതിയിലുള്ള ശ്രമങ്ങള്‍ക്ക് ഈ നീക്കം അടിവരയിടുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ആദ്യം ഒരുവിഭാഗം ചൈനീസ് എഞ്ചിനീയര്‍മാര്‍ അപ്രതീക്ഷിതമായി പോയതിനെ തുടര്‍ന്ന് ബെംഗളൂരു പ്ലാന്റിലെ ഉത്പാദനം താത്കാലികമായി നിലച്ചിരുന്നു. എന്നിരുന്നാലും, തായ്‌വാനില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമുള്ള സാങ്കേതിക വിദഗ്ധരെ എത്തിച്ച് ഫോക്സ്‌കോണ്‍ പെട്ടെന്ന് തന്നെ ഈ വിടവ് നികത്തുകയും കാര്യമായ തടസ്സങ്ങള്‍ ഒഴിവാക്കുകയും ചെയ്തു.

Content Highlights: Foxconn begins iPhone 17 production at its new Bengaluru factory