വളയ്ക്കാം, മടക്കാം ഈ കുഞ്ഞു സൂപ്പർബാറ്ററി; വികസിപ്പിച്ചത് മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം

മലപ്പുറം: വളയ്ക്കാനും മടക്കാനുമെല്ലാം കഴിയുന്ന, ഭാരംകുറഞ്ഞ ബാറ്ററി വികസിപ്പിച്ച് സ്‌കോട്ട്ലൻഡിലെ എഡിൻബറോ നേപ്പിയർ സർവകലാശാല. സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ പ്രൊഫ. ലിബു മഞ്ചക്കലിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് നേട്ടം കൈവരിച്ചത്. 'നാനോ എനർജി ജേർണലി' ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചു.
ഇന്ന് കാണുന്നതരത്തിലുള്ളതല്ല, മറിച്ച് വളരെ നേർത്ത പ്രതലമുള്ളതും ഏറെ വഴക്കമുള്ളതുമാണ് പുതിയ ബാറ്ററി. മാത്രമല്ല, പൂക്കളോട് സാദൃശ്യമുള്ള'നാനോ ഫ്‌ളവർ' മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. ഉയർന്ന അളവിൽ ഊർജം സംഭരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ലിബു മഞ്ചക്കൽ 'മാതൃഭൂമി'യോട് പറഞ്ഞു.
ഇപ്പോഴുള്ള ബാറ്ററികളെക്കാൾ കുറഞ്ഞഭാരവും വലിപ്പവുമുള്ള ഈ കുഞ്ഞൻ ബാറ്ററികൾ സ്മാർട്ട് വാച്ചുകൾ, ബ്രേസ്ലെറ്റുകൾ, വസ്ത്രങ്ങൾ, ക്യാമറകളടക്കമുള്ള മറ്റ് ചെറു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലൊക്കെ കൂടുതൽ സൗകര്യപൂർവം ഉപയോഗിക്കാം. ദേഹത്ത് ഒട്ടിച്ചുവെച്ചും ഉപയോഗിക്കാം.
വിയർപ്പിലെ ഘടകങ്ങളെ മനസ്സിലാക്കി നമ്മുടെ അസുഖങ്ങൾ തിരിച്ചറിയാനും രക്തത്തിലെ പഞ്ചസാരയുടെ അളവറിയാനുമൊക്കെ ഇതിലെ സെൻസറുകൾക്ക് കഴിയും. പുതിയകാലത്തെ ഉയർന്ന ഊർജആവശ്യം നിറവേറ്റാനുമാവും.
കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിപ്രദേശമായ പെരിങ്ങാവ് സ്വദേശിയാണ് ലിബു. പ്രശസ്തശാസ്ത്ര ജേണലുകളിൽ 101 പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ശാസ്ത്ര ജേണലായ 'കെമിക്കൽ എൻജിനിയറിങ്ങി'ന്റെ എഡിറ്റർ കൂടിയാണ്.
പിഎച്ച്.ഡി. ഗവേഷകനായ ഫെബിൻ പോളും ഈ ഗവേഷണത്തിലെ പങ്കാളിയാണ്. ലോഹ-രാസ സംയുക്തമുപയോഗിച്ച്, കുറഞ്ഞവലിപ്പവും കൂടിയ ഊർജസംഭരണശേഷിയുമുള്ള ജലാധിഷ്ഠിത ഊർജ സംരക്ഷണസംവിധാനം രൂപകല്പന ചെയ്തിട്ടുണ്ട് ഫെബിൻ.
Content Highlights: Development of a lightweight, flexible battery inspired by 'nano-flowers'., High energy storage capacity compared to conventional batteries., Ideal for wearable electronics like smartwatches and medical sensors., Sensors can detect health markers like sweat composition and blood sugar., Led by Prof. Libu Manakkal and researcher Febin Paul.