Badbox 2.0 മാൽവെയർ വ്യാപിക്കുന്നു , മുന്നറിയിപ്പുമായി FBI, ഇരകളിൽ ഇന്ത്യൻ ആന്‍ഡ്രോയിഡ് യൂസർമാരും

Representational Image | Photo: MBI
Representational Image | Photo: MBI

യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന പുതിയ മാല്‍വെയര്‍ സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കി. ബാഡ്ബോക്‌സ് 2.0 എന്ന ഈ മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി എഫ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. 2023-ല്‍ ആമസോണില്‍ ലഭ്യമായ ടി95 ആന്‍ഡ്രോയിഡ് ടിവി ബോക്‌സില്‍ ആദ്യമായി ഈ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ചൈനീസ് നിര്‍മിത ബ്രാന്‍ഡഡ് അല്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ബോക്‌സുകള്‍, ടാബ്ലെറ്റുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയില്‍ ഈ മാല്‍വെയര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിലയിലാണ് വരുന്നത്.

ഇതുവരെ 16 ലക്ഷം ഉപകരണങ്ങളെ ഈ മാല്‍വെയര്‍ ബാധിച്ചതായാണ് വിവരം. ഹൈസെന്‍സ്, യാന്‍ഡെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ടിവികളും ഈ മാല്‍വെയറിന്റെ പിടിയിലാണ്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, യുക്രൈന്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലെ ഉപകരണങ്ങളാണ് ബാഡ്ബോക്‌സ് മാല്‍വെയര്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ബിറ്റ്‌സൈറ്റ് വ്യക്തമാക്കി.

എന്താണ് ബാഡ്ബോക്‌സ് 2.0 ?

ബാഡ്ബോക്‌സ് 2.0 ട്രൈയാഡ കുടുംബത്തില്‍പ്പെട്ട ഒരു മാല്‍വെയര്‍ ആണെന്നാണ് കരുതപ്പെടുന്നത്. പരസ്യ തട്ടിപ്പുകളിലൂടെയും വിവരങ്ങള്‍ മോഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക ലാഭം നേടുകയാണ് ഈ മാല്‍വെയറിന്റെ പ്രധാന ലക്ഷ്യം. പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ക്ലിക്കുകള്‍ സൃഷ്ടിച്ച് വരുമാനം നേടാനും, ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ഈ മാല്‍വെയര്‍ ഉപയോഗിക്കപ്പെടുന്നു.

ഉപയോക്താവിന്റെ അറിവോടെയല്ല ഇത് സംഭവിക്കുന്നത്. പഴയ സോഫ്റ്റ്വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ട്രീമിംഗ് ഉപകരണങ്ങളും മീഡിയാ പ്ലെയറുകളും ഈ മാല്‍വെയറിന്റെ ലക്ഷ്യമാണ്. ഉപകരണം അമിതമായി ചൂടാവുക, സിപിയു അമിതമായി പ്രവര്‍ത്തിക്കുക, ഉപകരണത്തിന്റെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുക തുടങ്ങിയവ ബാഡ്ബോക്‌സ് 2.0-ന്റെ ലക്ഷണങ്ങളാണ്. കൂടാതെ, മാര്‍ക്കറ്റ്പ്ലേസ് ആപ്പുകള്‍ സ്വയം ഇന്‍സ്റ്റാള്‍ ചെയ്യുക, ഗൂഗിള്‍ പ്ലേ പ്രൊട്ടക്ട് നിര്‍ജ്ജീവമാക്കുക തുടങ്ങിയവയും ഈ മാല്‍വെയറിന്റെ സൂചനകളാണ്. സൗജന്യ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡഡ് അല്ലാത്ത സ്ട്രീമിംഗ് ഉപകരണങ്ങളിലും ഈ മാല്‍വെയര്‍ ഉണ്ടാകാനിടയുണ്ട്.

പഴയ ബാഡ്ബോക്‌സ് നെറ്റ്വര്‍ക്കില്‍ നിന്ന് ബാഡ്ബോക്‌സ് 2.0-ന് നിരവധി മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികള്‍ ഈ ബോട്ട്നെറ്റ് തടയാന്‍ ശ്രമിച്ചെങ്കിലും, അത് തടസ്സമില്ലാതെ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: FBI warns of BadBox 2.0, a new Android malware affecting millions of devices globally