ഫോണുകളടക്കം ഉപകരണങ്ങള്‍ക്കെല്ലാം ഒരേ ചാര്‍ജര്‍ മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍; ആപ്പിളിന് വെല്ലുവിളി

രാജ്യത്ത് വില്‍പനയ്‌ക്കെത്തുന്ന എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും ഒരേ ചാര്‍ജിങ് പോര്‍ട്ടുകള്‍ തന്നെയാക്കാന്‍ നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് കനത്ത വെല്ലുവിളിയാകുന്ന നീക്കമാണിത്.
ഈ തീരുമാനത്തിന് ഏറെ പാരിസ്ഥിതിക നേട്ടമുണ്ടന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധി പറയുന്നു.
സ്മാര്‍ട്‌ഫോണുകള്‍, ടാബ് ലെറ്റുകള്‍, ക്യാമറകള്‍, ഹെഡ്‌ഫോണുകള്‍, പോര്‍ട്ടബിള്‍ സ്പീക്കറുകള്‍, വീഡിയോ ഗെയിം കണ്‍സോളുകള്‍ പോലുള്ള ഉപകരണങ്ങളിലെല്ലാം യുഎസ്ബി-സി പോര്‍ട്ട് മതിയെന്നാണ് പുതിയ നിര്‍ദേശം. ചാര്‍ജറുകള്‍ ഉപകരണങ്ങള്‍ക്കൊപ്പമല്ലാതെ പ്രത്യേകമായി വില്‍ക്കാം.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യൂറോപ്യന്‍ യൂണിയന്‍ ഇതിനായി ശ്രമിക്കുന്നുണ്ട്. ആപ്പിളിനെ ലക്ഷ്യമിട്ടുള്ള നീക്കമല്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു. ഒരു ദശാബ്ദം നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ കമ്പനികള്‍ക്ക് പരിഹാരം കാണാനായിട്ടില്ല.
അതേസമയം ഒരേ കണക്ടര്‍ തന്നെ നിര്‍ബന്ധിതമാക്കാനുള്ള നീക്കത്തില്‍ ആശങ്കയുണ്ടെന്ന് ആപ്പിള്‍ പ്രതികരിച്ചു. നൂതന ആശയങ്ങളെ ഇത് പിന്തുണയ്ക്കില്ലെന്നും ഈ നീക്കം യൂറോപ്യന്‍ ജനതയ്ക്കും ലോകത്താകമാനമുള്ള ഉപഭോക്താക്കള്‍ക്കും ദോഷം ചെയ്യുമെന്നും ആപ്പിള്‍ പറയുന്നു.
ഏകീകൃത ചാര്‍ജറില്‍ തീരുമാനമായാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ അത് നടപ്പില്‍ വരുത്തണമെന്ന നിര്‍ദേശത്തിലും ആപ്പിള്‍ ആശങ്ക പ്രകടിപ്പിച്ചു.
എന്നാല്‍ യൂറോപ്യന്‍ കമ്മീഷന്‍ ഇന്‍ഡസ്ട്രി ചീഫ് തിയറി ബ്രെട്ടന്‍ ആപ്പിളിന്റെ വാദങ്ങളെ നിഷേധിച്ചു.
'എനിക്ക് ഈ കമ്പനികളെ വര്‍ഷങ്ങളായി അറിയാവുന്നതാണ്. ഞങ്ങള്‍ ഓരോതവണ ഒരോ നിര്‍ദേശം മുന്നോട്ടുവെക്കുമ്പോഴും അത് മാറ്റത്തിന് എതിരാണെന്ന് അവര്‍ പറഞ്ഞുതുടങ്ങും. ഇത് നൂതന ആശയങ്ങള്‍ക്ക് എതിരല്ല. ആര്‍ക്കും എതിരല്ല. കമ്മീഷന്‍ എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് ഇതും ചെയ്യുന്നത്.' അദ്ദേഹം പറഞ്ഞു.
അതേസമയം വ്യത്യസ്തങ്ങളായ ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നതില്‍ ഉപഭോക്താക്കളില്‍ നിന്ന് നിരന്തരം പരാതികളുയരുന്നുണ്ട്. ആപ്പിള്‍ ഫോണുകളില്‍ ലൈറ്റ്‌നിങ് കേബിളാണ് ചാര്‍ജിങിനുള്ളത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ യുഎസ്ബി സി ടൈപ്പ് കണക്റ്ററുകളാണുള്ളത്.
നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫോണുകളിലെല്ലാം ഏകീകൃത ചാര്‍ജിങ് പോര്‍ട്ട് കൊണ്ടുവരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. ഇന്ത്യയുള്‍പ്പടെയുള്ള ആഗോള വിപണിയിലും ഈ തീരുമാനത്തിന്റെ പ്രതിഫലനങ്ങളുണ്ടായേക്കും.
Content Highlights: