ഹൈടെക്കാകാൻ ഇന്ത്യയിലെ ഗ്രാമങ്ങള്‍; കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സ്റ്റാര്‍ലിങ്ക് തയ്യാറെന്ന് ഇലോണ്‍ മസ്ക്

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം സ്റ്റാര്‍ലിങ്ക് സജ്ജമാണെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. റൂറല്‍ കണക്ടിവിറ്റിക്കായി സഹായിക്കാന്‍ തയ്യാറാണെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. നിക്ഷേപകനായ നിഖില്‍ കാമത്തിനോട് പീപ്പിള്‍ ഓഫ് ഡബ്ല്യുടിഎഫ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നഗരങ്ങളില്‍ നിങ്ങള്‍ക്ക് സെല്‍ ടവറുകളുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ ടവറുകള്‍ കാര്യക്ഷമമല്ല. അവിടങ്ങളില്‍ ഉയര്‍ന്ന ബാന്‍ഡ്‌വിഡ്ത്തുള്ള ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും സ്ഥാപിക്കുന്നത് ദുഷ്‌കരവും ചെലവേറിയ കാര്യവുമാണ്. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ മോശം ഇന്റര്‍നെറ്റ് സേവനമാണ് ലഭിക്കുന്നത്.' -ഇലോണ്‍ മസ്‌ക് പറഞ്ഞു.
'സ്റ്റാര്‍ലിങ്കിന് നിലവിലുള്ള ടെലകോം കമ്പനികളുമായി ചേര്‍ന്ന് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയും. മികച്ച ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കാത്ത എല്ലാവര്‍ക്കും സ്റ്റാര്‍ലിങ്ക് അത് ലഭ്യമാക്കും.' -ഇലോണ്‍ മസ്‌ക് നിഖില്‍ കാമത്തിനോട് പറഞ്ഞു. സ്റ്റാര്‍ലിങ്ക് എന്താണ്, അത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അദ്ദേഹം പോഡ്കാസ്റ്റില്‍ വിശദീകരിച്ചു.
Don’t Miss: തേജസ് അപകടത്തിന് പിന്നാലെ ചര്‍ച്ചയായി പോളണ്ടിലെ അപകടം; എഫ്-16 തകർന്നത് മൂന്നുമാസം മുമ്പ് | വീഡിയോ
താഴ്ന്ന ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങളാണ് സ്റ്റാര്‍ലിങ്കിന്റെ കരുത്ത്. ഈ ഉപഗ്രഹങ്ങളാണ് ലാറ്റന്‍സി കുറഞ്ഞ അതിവേഗ ഇന്റര്‍നെറ്റ് ലോകമെമ്പാടും പ്രദാനം ചെയ്യുന്നത്. സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ലേസര്‍ മുഖേന പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ഉപഗ്രഹങ്ങളും ചേര്‍ന്നൊരു 'ലേസര്‍ മെഷ്' രൂപപ്പെടും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ തകരാറാകുകയോ മുറിഞ്ഞുപോകുകയോ ചെയ്തുവെന്ന് കരുതുക. ഉപഗ്രഹങ്ങള്‍ വഴി കണക്ടിവിറ്റി ലഭ്യമാക്കാന്‍ കഴിയും. -ഇലോണ്‍ മസ്‌ക് പറഞ്ഞു.
Also Read: ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു; ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകള്‍
ഭൂമിയില്‍ നിന്ന് 36,000 കിലോമീറ്റര്‍ അകലെയുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളേക്കാള്‍ വളരെ താഴ്ന്ന് 550 കിലോമീറ്ററോളം മാത്രം ഉയരത്തിലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഭൂമിയെ ചുറ്റുന്നത്. ഇത് ഉയര്‍ന്ന വേഗത ലഭ്യമാക്കാന്‍ സഹായിക്കും. 'വെള്ളപ്പൊക്കം, ഭൂമികുലുക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നിടത്ത് ഭൂമിയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അത്തരം പ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്ക് സഹായകമാകും. അത്തരം ദുരന്തബാധിത പ്രദേശങ്ങളില്‍ സ്റ്റാര്‍ലിങ്കിന്റെ സേവനം തികച്ചും സൗജന്യമായിരിക്കും.' -മസ്‌ക് പറഞ്ഞു.
ചെങ്കടലിലൂടെ കടന്നുപോകുന്ന കേബിളുകള്‍ മുറിഞ്ഞപ്പോള്‍ അത് കണക്ടിവിറ്റിയെ ബാധിച്ചെന്നും അപ്പോഴും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം തടസമില്ലാതെ തുടര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: 'Starlink is Ready for Rural India': Elon Musk Offers High-Bandwidth Satellite Internet to Aid Indian Villages