സ്‌പേസ്എക്‌സ് IPO: തായ്‌വാനെ മറികടന്ന് മസ്‌കിന്റെ സമ്പത്ത്‌; ഇന്ത്യയുടെ നാലിലൊന്ന്‌

#ടെക്‌നോളജി ഡെസ്‌ക്
ഇലോണ്‍ മസ്‌ക് | Photo - AP
ഇലോണ്‍ മസ്‌ക് | Photo - AP

ലോകത്തിലെ ആദ്യത്തെ ട്രില്യണയർ (ഒരു ലക്ഷം കോടിയിലധികം ആസ്തിയുള്ള വ്യക്തി) ആകാൻ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. സ്‌പേസ്എക്‌സിന്റെ പ്രാരംഭ ഓഹരി വിൽപ്പന (IPO) അദ്ദേഹത്തിന്റെ വിപുലമായ ബിസിനസ് സാമ്രാജ്യത്തിന്റെ മൂല്യം വർദ്ധിപ്പിച്ചതോടെയാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ലോകത്ത് ഇതുവരെ ഒരു വ്യക്തിയും നേടിയിട്ടില്ലാത്തതാണ് ട്രില്യണയർ എന്ന പദവി.

റോയിട്ടേഴ്‌സിന്റെ വിലയിരുത്തൽ പ്രകാരം സ്‌പേസ്എക്‌സ് ട്രേഡിങ് ആരംഭിക്കുമ്പോൾ മസ്‌കിന്റെ ഓഹരികളുടെ മൂല്യം 1.1 ട്രില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ലയിലെയും മറ്റ് സംരംഭങ്ങളിലെയും അദ്ദേഹത്തിന്റെ ഓഹരികളുടെ മൂല്യം കണക്കാക്കുമ്പോഴാണിത്. റോക്കറ്റ്, സാറ്റലൈറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്‌പേസ് എക്‌സാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത്.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡെക്‌സ് അനുസരിച്ച് സ്‌പേസ്എക്‌സ് ഐപിഓയ്ക്ക് മുമ്പ് ഏകദേശം 971 ബില്യൺ ഡോളർ ആയിരുന്നു ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ മസ്‌കിന്റെ സമ്പാദ്യം. ഇതാണ് കുതിച്ചുയർന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

മസ്‌കിന്റെ സമ്പത്ത് ഇപ്പോൾ പല രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ ഉയർന്നതാണെന്ന് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കനുസരിച്ച് തായ്‌വാന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 976.7 ബില്യൺ ഡോളർ മൂല്യമുള്ളതാണ്. നിലവിൽ തായ്‌വാനെ മറികടന്നിരിക്കുകയാണ് ഇലോൺ മസ്‌ക്. ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം നാലിലൊന്നിന് തുല്യമാണ് മസ്‌കിന്റെ സമ്പത്തെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

അതിനിടെ, നിർമിതബുദ്ധിയും റോബോട്ടുകളും രൂപപ്പെടുത്തുന്ന ഭാവിയിൽ ജോലി, വരുമാനം, സമ്പത്ത് എന്നിങ്ങനെയുള്ള പരമ്പരാഗത ആശയങ്ങൾ ആകെ മാറിമറിയുമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മസ്‌ക് അഭിപ്രായപ്പെട്ടത്. എഐക്കും റോബോട്ടുകൾക്കും ഉത്പാദനം നടത്താൻ കഴിയും. അതിനാൽ സമ്പദ് വ്യവസ്ഥകൾ ഇന്ന് പ്രവർത്തിക്കുന്നതിൽനിന്ന് വളരെ വ്യത്യസ്തമായാവും പ്രവർത്തിക്കുക. ഭാവിയിൽ, ഒരു ഘട്ടത്തിൽ, പണത്തിന് പ്രസക്തിയില്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Elon Musk becomes the first person to reach a $1.1 trillion net worth., The record-breaking SpaceX IPO is the primary driver of his wealth., Musk's fortune exceeds the GDP of several major nations., The 'Elon premium' reflects investor confidence in his disruptive vision., Musk predicts a future of 'Universal High Income' driven by AI and robotics.