സ്റ്റാർലിങ്കിൽ വിവാദം കത്തുന്നു; ആരോപണവുമായി മസ്‌കും നിഷേധിച്ച് സർക്കാരും

#സ്വന്തം ലേഖകന്‍
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Getty Images
1. ഇലോണ്‍ മസ്‌ക് 2. പ്രതീകാത്മകചിത്രം | Getty Images

ന്യൂഡൽഹി/ഹോത്തോൺ: ഇന്ത്യയിൽ തന്റെ കമ്പനിയുടെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ആരംഭിക്കുന്നത് ചില കുത്തകമുതലാളികൾ തടയുകയാണെന്ന് സ്‌പെയ്സ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ ആരോപണം.

ഗ്രാമീണമേഖലകളിൽ 11,000-ത്തിലധികം ഗ്രാമങ്ങൾക്ക് ഇപ്പോഴും 4ജി ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലെന്ന പോസ്റ്റ് പങ്കുെവച്ചായിരുന്നു മസ്‌കിന്റെ വെടിപൊട്ടിക്കൽ. ഇന്ത്യയിൽ ടെലികോം മേഖലയിൽ നിലവിലുള്ള കുത്തക നിലനിർത്താനാണ് സ്റ്റാർലിങ്കിനെ തടയുന്നതെന്നും ഇത് രാജ്യത്തെ ജനങ്ങൾക്കെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ ഉപഗ്രഹസിഗ്‌നലുകൾ നിലവിൽ പ്രവർത്തനരഹിതമാണെന്നും, മണിപ്പുരിലെ സായുധസംഘങ്ങൾ സ്റ്റാർലിങ്ക് ഉപയോഗിച്ചെന്ന ആരോപണം പൂർണമായും തെറ്റാണെന്നും മസ്‌ക് പറഞ്ഞു.

ഇന്ത്യൻ ടെലികോം മേഖലയിലെ ഏറ്റവും വലിയ സമ്മേളനമായ ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026 ആരംഭിച്ച ദിവസമാണ് രൂക്ഷപ്രതികരണവുമായി മസ്‌ക് രംഗത്തെത്തിയത്. ഇത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. മസ്‌കിന്റെ ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഇന്ത്യയിൽ നീതിപൂർവവും വിവേചനരഹിതവുമായ അനുമതി ചട്ടക്കൂടാണ് നിലവിലുള്ളതെന്ന് അവകാശപ്പെടുകയും ചെയ്തു. രാജ്യത്തെ ഓരോ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ ലൈസൻസിയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ടത് നിർബന്ധമാണെന്നും കൂട്ടിച്ചേർത്തു.

സ്റ്റാർലിങ്ക്, ജിയോ സാറ്റ്കോം, യൂറ്റൽസാറ്റ് വൺവെബ് എന്നീ മൂന്ന് കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും സേവനം ആരംഭിക്കുന്നതിന് സ്‌പെക്ട്രം അനുവദിക്കലും സുരക്ഷാ അനുമതിയും ആവശ്യമാണ്. മൂന്നുകമ്പനികളുടെയും സുരക്ഷാ പരിശോധന പുരോഗമിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ സേവനം ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞതായി സ്റ്റാർലിങ്ക് അറിയിച്ചു. 20 ഗേറ്റ്‌വേ സൈറ്റുകളും നൂറുകണക്കിന് ആന്റിനകളും സജ്ജമാക്കിയതായി ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സ്‌പെയ്‌സ് എക്‌സ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർപറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ ആവശ്യങ്ങളും മറ്റ് നിയന്ത്രണങ്ങളും കണക്കിലെടുത്താണ് സ്റ്റാർലിങ്ക് പ്രവർത്തന സംവിധാനം രൂപകല്പനചെയ്തതെന്നും വ്യക്തമാക്കി.

Content Highlights: Elon Musk claims Indian monopolies are blocking Starlink's entry into the country., The controversy erupted during the India Mobile Congress 2026., The central government denied the allegations, stating fair and non-discriminatory licensing frameworks., Starlink has reportedly set up 20 gateway sites and hundreds of antennas in India.