വൈന്‍ ആപ്പിന് പുതുജീവന്‍ നല്‍കി ജാക്ക് ഡോര്‍സി, diVine എന്ന പേരില്‍ തിരിച്ചുവരുന്നു

Photo: Vine
Photo: Vine

ടിക് ടോക്കും ഇന്‍സ്റ്റഗ്രാമും വരുന്നതിന് മുമ്പ് ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകളിലൂടെ ജനപ്രീതിയാര്‍ജിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോം ആയിരുന്നു വൈന്‍ (Vine). 2012 ല്‍ അവതരിപ്പിക്കപ്പെട്ട ഈ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥര്‍ ട്വിറ്റര്‍ ആയിരുന്നു. 2017 ലാണ് വൈന്‍ ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡിവൈന്‍ എന്ന പേരില്‍ ആ പഴയ വൈന്‍ ആപ്പ് പുനര്‍ജനിക്കുകയാണ്. ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ പിന്തുണയിലാണ് ആപ്പ് പുതിയ പേരില്‍ തിരികെയെത്തുന്നത്. പ്രവര്‍ത്തനം അവസാനിക്കും മുമ്പ് വൈന്‍ പ്ലാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഒരുലക്ഷത്തിലേറെ വീഡിയോകള്‍ ആര്‍ക്കൈവില്‍ നിന്നെടുത്ത് പുതിയ ആപ്പില്‍ തിരികെയെത്തും.

പഴയ വൈന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീഡിയോകള്‍ തിരികെ ലഭിക്കുമെന്ന് മാത്രമല്ല പുതിയ അക്കൗണ്ടുകള്‍ തുറക്കാനും പുതിയ വീഡിയോകള്‍ അപ് ലോഡ് ചെയ്യാനും സാധിക്കും. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായി ഡിവൈനില്‍ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ അനുവദിക്കില്ല. അവ കണ്ടെത്തി തടയാനുള്ള സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

നേരത്തെ ജാക്ക് ഡോര്‍സിയുടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘനയായ ആന്റ് അതര്‍ സ്റ്റഫിന്റെ പിന്തുണയില്‍ ആ വൈന്‍ വീഡിയോകളുടെ ആര്‍ക്കൈവ് ലഭ്യമാക്കുന്ന ഒരു വെബ്‌സൈറ്റ് പുറത്തിറക്കിയിരുന്നു.

ആര്‍ക്കൈവ് ടീം ഇന്റര്‍നെറ്റ് വെബ്‌സൈറ്റ് ആര്‍ക്കൈവ് സൂക്ഷിക്കുന്ന കൂട്ടായ്മയുടെ സഹായത്തോടെയാണ് വൈന്‍ വീഡിയോകള്‍ വീണ്ടെടുത്തതെന്ന് ട്വിറ്റര്‍ ജീവനക്കാരനായിരുന്ന ഇവാന്‍ ഹെന്‍ഷോ പ്ലാത്ത് പറഞ്ഞു. വൈന്‍ വീഡിയോകളുടെ ബൈനറി വീഡിയോകളുടെ വലിയൊരു ശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു. ഈ വീഡിയോകളാണ് എക്‌സ്ട്രാക്ട് ചെയ്ത് ഡിവൈന്‍ ആപ്പില്‍ അപ്ലോഡ്‌ചെയ്തത്. 1.5 ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വീഡിയോകള്‍ ഈ രീതിയില്‍ വീണ്ടെടുത്തിട്ടുണ്ട്.

നേരത്തെ നിങ്ങള്‍ക്ക് വൈന്‍ അക്കൗണ്ട് ഉണ്ടായിരുന്നുവെങ്കില്‍ ആ അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം തെളിയിച്ച് അക്കൗണ്ട് വീണ്ടെടുക്കാവുന്നതാണ്. ഡിഎംസിഎ ഉപയോഗിച്ച് വീഡിയോകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെടാം. ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ്ബിലും ഡിവൈന്‍ ലഭ്യമാണ്.

Content Highlights: diVine app official name, diVine short video platform Jack Dorsey, diVine vs TikTok Instagram, diVine old Vine videos archive, Jack Dorsey's diVine app, diVine AI content policy