സമരക്കാരെ നിരീക്ഷിക്കാൻ മെറ്റ ഗ്ലാസ്; വീണ്ടും വിവാദത്തിലായി ഡൽഹി പോലീസ്‌

#ടെക്നോളജി ഡെസ്ക്
സിജെപി സമരത്തിനിടെ മെറ്റ ഗ്ലാസ് ധരിച്ചെത്തിയ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബ | Photo: Screenshot
സിജെപി സമരത്തിനിടെ മെറ്റ ഗ്ലാസ് ധരിച്ചെത്തിയ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബ | Photo: Screenshot

നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് യുവാക്കളുടെ പ്രതിഷേധ സമരം നിരീക്ഷിക്കാൻ ഡൽഹി പോലീസ് മെറ്റ ഗ്ലാസും ഉപയോഗിക്കുന്നതായി വിവരം. മെറ്റ ഗ്ലാസ് ധരിച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സമരക്കാരെ നിരീക്ഷിക്കാനും ദൃശ്യങ്ങൾ പകർത്താനും പോലീസ് പ്രത്യേക വിഭാഗത്തെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഫോണിലും മറ്റുമായി സമരക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നവരിൽ പോലീസിന്റെ ആളുകളും ഉണ്ടെന്ന് സമരാനുകൂലികൾ ആരോപിക്കുന്നു. ഇതിനു പുറമെയാണ് മെറ്റ ഗ്ലാസ് പോലുള്ള നൂതന സംവിധാനങ്ങളും പോലീസ് ഉപയോഗപ്പെടുത്തുന്നത്.

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ സമരത്തിനെത്തിയ പെൺകുട്ടിയുടെ മുഖത്തടിച്ചതിന്റെ പേരിൽ നടപടി നേരിട്ട അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബയാണ് മെറ്റ ഗ്ലാസ് ധരിച്ച് സമരക്കാർക്കിടയിലെത്തിയത്. ഇയാളുടെ പഴയ വീഡിയോ ദൃശ്യങ്ങളിൽ സാധാരണ കണ്ണടയാണ് ധരിച്ചിരിക്കുന്നതെന്ന് കാണാം. സമരം ശക്തമായതോടെ സമരക്കാരുടെ ദൃശ്യങ്ങൾ പകർത്താനും ഭാവിയിലേക്ക്‌ ഉപയോഗിക്കാനുമാവും മെറ്റ ഗ്ലാസ് ഉപയോഗിച്ചതെന്നാണ് വിമർശനം.

പ്രതിഷേധക്കാരിയുടെ മുഖത്തടിച്ച സംഭവം വിവാദമായതോടെ ഇയാളെ ജന്തർ മന്തർ ഡ്യൂട്ടിയിൽനിന്ന് നീക്കി സ്റ്റേഷൻ ചുമതലകളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഇതേ ഉദ്യോഗസ്ഥനാണ് വിദ്യാഭ്യാസ വിദഗ്ധയും സോനം വാങ്ചുക്കിന്റെ ഭാര്യയുമായ ഗീതാഞ്ജലി വാങ്ചുക്കിനെ അടിക്കാൻ ട്രക്കിന് മുകളിൽ കയറിയതെന്നും പിന്നീട് അവരുടെ മുടി പിടിച്ചു വലിച്ചിഴച്ചതെന്നും കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചിരുന്നു.

മെറ്റ ഗ്ലാസ്

ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടയാണെന്ന് തോന്നുമെങ്കിലും ക്യാമറ ഉൾപ്പെടെ നൂതനമായ സാങ്കേതിക സംവിധാനങ്ങളോടുകൂടിയുള്ള സ്മാർട് ഗ്ലാസ് ആണ് മെറ്റ സ്മാർട് ഗ്ലാസ്. പ്രശസ്ത ഐവെയർ ബ്രാൻഡുകളായ റേ-ബാൻ (Ray-Ban), ഓക്ലെ (Oakley) എന്നിവരുമായി സഹകരിച്ചാണ് മെറ്റ ഇത് നിർമ്മിച്ചിരിക്കുന്നത്.

കണ്ണടയുടെ ഫ്രെയിമിൽ നൽകിയിരിക്കുന്ന 12 MP ക്യാമറ ഉപയോഗിച്ച് HD ഫോട്ടോകളും വിഡിയോകളും പകർത്താം. ഈ ക്യാമറ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിലേക്ക് നേരിട്ട് പോയിന്റ്-ഓഫ്-വ്യൂ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. ഇൻ-ബിൽറ്റ് സ്പീക്കറുകളും മൈക്രോഫോണുകളും ഉള്ളതിനാൽ ഫോൺ കോളുകൾ സംസാരിക്കാനും പാട്ടുകൾ കേൾക്കാനും സാധിക്കും. ഡിസ്‌പ്ലേയില്ലാത്ത സാധാരണ മോഡലുകൾക്ക് പുറമെ, ലെൻസിൽതന്നെ സന്ദേശങ്ങളും അറിയിപ്പുകളും കാണാൻ സഹായിക്കുന്ന വിഷ്വൽ ഡിസ്‌പ്ലേ (In-lens display) ഉള്ള പുതിയ മോഡലുകളും ലഭ്യമാണ്. മെറ്റ നിർമിതബുദ്ധി നിയന്ത്രിക്കാനും സൗകര്യമുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തർ മന്തറിലെത്തിയ സമരക്കാർക്കു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. മർദനം നടത്തിയ പോലീസുകാരുടെ നെയിം ബാഡ്ജ് ഉൾപ്പെടെയുള്ളവ വെളിപ്പെടുത്തിയുള്ള വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സന്ദീപ് ലാംബയുടെ അത്തരം ഒരു വീഡിയോയാണ് വിവാദമായത്. ഇതേതുടർന്ന് പോലീസുകാർ തിരിച്ചറിയാതിരിക്കാൻ നെയിം ബാഡ്ജ് നീക്കം ചെയ്തും മുഖം മറച്ചും സമരക്കാർക്കിടയിൽ എത്തിയിരുന്നു.

സമരം അടിച്ചമർത്താനും നിരുത്സാഹപ്പെടുത്താനും അധികാരികളും പോലീസും ശ്രമിക്കുന്നുണ്ട്. പോലീസ് വേഷധാരികളും അല്ലാത്തവരും സമരക്കാരെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Content Highlights: To monitor protestors demanding action over the NEET exam irregularities, Delhi Police officers were spotted wearing high-tech Meta Smart Glasses equipped with cameras to record live footage.