അലി എക്‌സ്പ്രസില്‍ ചെയ്ത ഓര്‍ഡര്‍ ഡല്‍ഹി സ്വദേശിക്ക് കിട്ടിയത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം

വളരെ വിലക്കുറവില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് അലി എക്‌സ്പ്രസ്. അതില്‍ പല ഉല്‍പന്നങ്ങളും ഇന്ത്യയില്‍ ലഭ്യമല്ലാത്തവ. അലി എക്‌സ്പ്രസ് വഴി അവ ചൈനയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അലി എക്‌സ്പ്രസ് ഇന്ത്യയില്‍ നിരോധിക്കപ്പെട്ട പ്ലാറ്റ്‌ഫോമുകളിലൊന്നാണ്.
നാല് വര്‍ഷം മുമ്പ് ഡല്‍ഹി സ്വദേശിയായ ഒരാള്‍ അലി എക്‌സ്പ്രസില്‍ ഒരു ഉല്പന്നം ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ആ ഓര്‍ഡര്‍ കുറേ വൈകിയാണ് വന്നത്. ഒരു നാല് വര്‍ഷത്തിന് ശേഷം.
ഡല്‍ഹി സ്വദേശിയായ നിതിന്‍ അഗര്‍വാള്‍ എന്ന സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ക്കാണ് ഇങ്ങനെ അസാധാരണമായ ഒരനുഭവം. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം അത് പങ്കുവെച്ചത്. നാല് വര്‍ഷം മുമ്പ് 2019 ല്‍ അലി എക്‌സ്പ്രസില്‍ ഓര്‍ഡര്‍ ചെയ്ത ഉല്പന്നം ഇപ്പോഴാണ് കിട്ടിയത്. രണ്ട് ഉല്പന്നങ്ങളാണ് നിതിന്‍ ഓര്‍ഡര്‍ ചെയ്തത്. അതും അലി എക്‌സ്പ്രസ് നിരോധിക്കപ്പെടുന്നതിനും മുമ്പ് ചെയ്ത ഓര്‍ഡര്‍. എന്താണ് ഓര്‍ഡര്‍ ഇത്ര വൈകാനുള്ള കാരണം എന്ന് നിതിന്‍ വ്യക്തമാക്കിയില്ല.
ജൂണ്‍ 21 നാണ് നിതിന്‍ ഈ വിവരം ട്വീറ്റ് ചെയ്തത്. പ്രതീക്ഷ കൈവിടരുത് എന്ന കുറിപ്പോടെയാണ് നിതിന്‍ ഈ വിവരം പങ്കുവെച്ചത്.
'2019 ല്‍ അലി എക്‌സ്പ്രസില്‍ (ഇപ്പോള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു) ഓര്‍ഡര്‍ ചെയ്തതാണിത്. പാര്‍സല്‍ കിട്ടിയത് ഇന്നാണ്.' നിതിന്‍ ട്വീറ്റ് ചെയ്തു. ടെക്ക് വ്‌ളോഗര്‍ കൂടിയാണ് നിതിന്‍.
2020 ജൂണിലാണ് ഇന്ത്യന്‍ ഭരണകൂടം അലി എക്‌സ്പ്രസ് ഉള്‍പ്പടെ 58 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതേസമയം വിപിഎന്‍ ഉപയോഗിച്ചും അലി എക്‌സ്പ്രസ് വഴി സാധനങ്ങള്‍ വാങ്ങാനാവുമെന്നാണ് വിവരം. നിരോധിക്കപ്പെട്ട ആപ്പുകളിലേക്കും സൈറ്റുകളിലേക്കും വിപിഎന്‍ സേവനങ്ങള്‍ പ്രവേശനം അനുവദിക്കുന്നതിനെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
Content Highlights: Delhi man received order from AliExpress after 4 years