കുട്ടികളെ സോഷ്യൽമീഡിയയിൽനിന്ന് വിലക്കൽ: കേന്ദ്രസർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം 
| Gettyimages
പ്രതീകാത്മക ചിത്രം | Gettyimages

ന്യൂഡൽഹി: കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതും വിലക്കുന്നതും നയപരമായ കാര്യമാണെന്നും അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഡൽഹി ഹൈക്കോടതി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്നും കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്യുന്ന ദൃശ്യങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കിക്കൊണ്ട് പ്രതികരിക്കുകയായിരുന്നു കോടതി.

13 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിയമനിർമാണമോ മാർഗ്ഗനിർദ്ദേശങ്ങളോ കൊണ്ടുവരണം, 13 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് വ്യക്തമായ ഒരു ചട്ടക്കൂട് രൂപീകരിക്കണം എന്നങ്ങനെയുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.

ഹർജിയിലെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഒരു നിവേദനമായി പരിഗണിച്ച് ഇതിൽ അനുയോജ്യമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ വി. കാമേശ്വർ റാവു, മൻമീത് പി.എസ്. അറോറ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട കക്ഷികളുമായും ഹർജിക്കാരുമായും ചർച്ചകൾ നടത്തിയ ശേഷമായിരിക്കണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഈ പ്രക്രിയ പൂർത്തിയാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

ഇത്തരം കാര്യങ്ങളിൽ വിലക്കേർപ്പെടുത്താൻ നേരിട്ട് നിർദേശം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. കാര്യങ്ങൾ പരിശോധിച്ച് ഉചിതമായ ഉത്തരവിറക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കി.

വലിയ പ്രത്യാഘാതങ്ങളുണ്ടാവാം, ചർച്ചകൾ ആവശ്യം- കേന്ദ്രം

കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നത് പുതിയ നിയമനിർമാണംവരെ ആവശ്യമായി വന്നേക്കാവുന്ന വിപുലമായ ഒരു നയപരമായ വിഷയമാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക നിധി രാമൻ കോടതിയെ അറിയിച്ചു. ഇത്തരം തീരുമാനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നതിനാൽ ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും കക്ഷികളുമായി വിപുലമായ കൂടിയാലോചനകൾ ആവശ്യമാണ്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് രാജ്യം ഇതിനകംതന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും അവർ കോടതിയിൽ ചൂണ്ടിക്കാട്ടി.

‘വൻതോതിൽ അക്കൗണ്ടുകൾ നീക്കംചെയ്യുന്നുണ്ട് എന്നാൽ..’

തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ തടയാൻ കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു. കഴിഞ്ഞവർഷം മാത്രം ഫേസ്ബുക്കിൽനിന്ന് ആറ് ലക്ഷത്തിലധികം പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽനിന്ന് രണ്ട് ലക്ഷത്തിലധികം പോസ്റ്റുകളും ഇത്തരത്തിൽ നീക്കംചെയ്തിട്ടുണ്ട്.

ഇരു പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ദൃശ്യങ്ങൾ മറ്റ് ഉപയോക്താക്കൾ കാണുന്നതിന് മുൻപുതന്നെ കണ്ടെത്തുന്നതിന്റെ നിരക്ക് 99 ശതമാനമാണെന്നും അദ്ദേഹം കോടതിയിൽ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി വലിയ തോതിൽ അക്കൗണ്ടുകൾ റദ്ദാക്കപ്പെടുന്നുണ്ടെന്നും, ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ അതിൽനിന്ന് തടയുകയെന്നത് അസാധ്യമാണെന്നും അഭിഭാഷകൻ പറഞ്ഞു. സാങ്കേതികവിദ്യ വളരെ അധികം പുരോഗമിച്ചിട്ടുണ്ട്, അതുകൊണ്ട് അവ കണ്ടെത്താൻ എളുപ്പമാണ്. അതേസമയം, തങ്ങൾ നിരന്തരം പരിശ്രമിക്കുന്നുണ്ടെങ്കിലും ചിലത് പുറത്തുവരികയും അത് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: The Delhi High Court stated that framing regulations or restrictions on social media usage by children falls strictly under the policy domain of the Central Government, directing the Centre to treat the matter as a representation and take an appropriate decision after consulting relevant stakeholders, including social media platforms.