ക്യൂബെറ്റിന്റെ പുതിയ ഓഫീസും AI ഗവേഷണ കേന്ദ്രവും ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചു

കൊച്ചി: ഐടി കമ്പനിയായ ക്യൂബെറ്റിന്റെ പുതിയ ഓഫീസും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ കേന്ദ്രമായ എഐ ക്യൂബ് സ്റ്റുഡിയോയും ഇൻഫോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. ഐഎസ്ആർഒ ഗഗൻയാൻ ദൗത്യസംഘാംഗവും ബഹിരാകാശ യാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ എയർ കമ്മോഡോർ പ്രശാന്ത് ബി. നായർ ഉദ്ഘാടനം നിർവഹിച്ചു.
ബിസിനസ്, സാങ്കേതിക മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക സാധ്യതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമാണ് പുതിയ എഐ ക്യൂബ്ഡ് സ്റ്റുഡിയോയിലൂടെ ക്യൂബെറ്റ് മുൻഗണന നൽകുന്നത്. ക്യൂബെറ്റ് സിഇഒ ലവ്ജിൻ ജോൺ, ജി-ടെക് ചെയർമാൻ ജിജോ ജോൺ, ഇൻഫോപാർക്കിലെ വിവിധ കമ്പനികളുടെ മേധാവികൾ, വ്യവസായ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ 'അപ്പോജി' എന്ന പേരിൽ ടെക്-ലീഡർഷിപ്പ് സെഷനും സംഘടിപ്പിച്ചു. ജി-ടെക്കിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയിൽ'രാഷ്ട്ര നിർമ്മാണത്തിനായി ഒരു ബഹിരാകാശ യാത്രികന്റെ മാനസികാവസ്ഥ വളർത്തിയെടുക്കുക എന്ന വിഷയത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി. നായർ മുഖ്യപ്രഭാഷണം നടത്തി.
ഗഗൻയാൻ ദൗത്യത്തിലെ തന്റെ പങ്കാളിത്തവും ഫൈറ്റർ-ടെസ്റ്റ് പൈലറ്റായുള്ള അനുഭവങ്ങളും ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് സദസ്സുമായി പങ്കുവെച്ചു. പ്രതിസന്ധികളെ നേരിടാൻ അച്ചടക്കം, കൂട്ടായ്മ, മാനസികക്കരുത്ത്, ശരിയായ സമയത്തെ തീരുമാനങ്ങൾ എന്നിവ അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ഔദ്യോഗിക ജീവിതത്തിലും ഈ മൂല്യങ്ങൾ എങ്ങനെ പ്രായോഗികമാക്കാമെന്നും വിശദീകരിച്ചു. ഇൻഫോപാർക്കിലെ സാങ്കേതിക വിദഗ്ധർക്കും വ്യവസായ പ്രമുഖർക്കുമൊപ്പം വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും പരിപാടിയുടെ ഭാഗമായി.
Content Highlights: Cubet inaugurated its new office and AI Cubed Studio at Infopark., The inauguration was led by ISRO Gaganyaan astronaut Group Captain Prashanth B. Nair., AI Cubed Studio focuses on practical AI research and business development., An 'Apogee' tech-leadership session was held in collaboration with G-TEC.