ക്രെഡ് എങ്ങനെ പണമുണ്ടാക്കുന്നു; കുനാൽ ഷായുടെ കമ്പനിയെ മെറ്റ ഏറ്റെടുത്തതിന് പിന്നിലെന്ത്?

#സ്വന്തം ലേഖകന്‍
1. പ്രതീകാത്മകചിത്രം 2. കുനാല്‍ ഷാ | Photo - AFP, X
1. പ്രതീകാത്മകചിത്രം 2. കുനാല്‍ ഷാ | Photo - AFP, X

മുംബൈ: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് സംവിധാനത്തിൽ വ്യത്യസ്തവും ദുരൂഹവുമായ വേറിട്ട വളർച്ചയാണ് ക്രെഡ് എന്ന സംരംഭത്തിന്റേത്. റിവാർഡ് പോയിന്റുമായി ക്രെഡിറ്റ് കാർഡ് ബില്ലുകളടയ്ക്കാൻ 2018-ൽ കുനാൽ ഷാ തുടക്കമിട്ട സ്റ്റാർട്ടപ്പ് കമ്പനി. വായ്പ, ഇൻഷുറൻസ്, പെയ്മന്റ് തുടങ്ങിയ മൂല്യവർധിത സേവനങ്ങൾ തുടർച്ചയായെത്തി. ഫിൻടെക് രംഗത്ത് വരുമാനം കണ്ടെത്താനാകാതെ സ്റ്റാർട്ടപ്പ് കമ്പനികളോരോന്നും വഴിമുട്ടി നിൽക്കുന്നിടത്ത് കുനാലിന്റെ ക്രെഡ് എങ്ങനെ പണമുണ്ടാക്കുന്നു, മൂല്യമേറിയ ഫിൻടെക് സ്റ്റാർട്ടപ്പായി മാറി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ സ്വാഭാവികം.

ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള പെയ്മന്റ് സേവനങ്ങളിൽനിന്നുള്ള തുച്ഛമായ കമ്മിഷൻ കൊണ്ടുമാത്രം ഈ മൂല്യത്തിലേക്ക് ക്രെഡിനു വളരാനാകില്ല. ഇപ്പോൾ ക്രെഡിന്റെ വരുമാനത്തിന്റെ 90 ശതമാനവും ഇൻഷുറൻസ്, വായ്പ, പെയ്മന്റ് സേവനങ്ങളാണ്. പക്ഷേ, ഇതിനെല്ലാം അടിസ്ഥാനമാകുന്നത് മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കളാണ്. കമ്പനിയുടെ കരുത്ത് ഈ ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് ഫലപ്രദമായി വിവിധ സേവനങ്ങൾ ക്രോഡീകരിച്ചു നൽകുന്നതാണ്.

ബിസിനസിന്റെ ഫിലോസഫി

കുനാലിന്റെ മൂന്നാമത്തെ കമ്പനിയാണ് ക്രെഡ്. 2018-ലാണ് ക്രെഡിന്റെ തുടക്കം. 2021 സാമ്പത്തിക വർഷം വെറും 100 കോടി രൂപ മാത്രമായിരുന്നു വിറ്റുവരവ്. പക്ഷേ, ഈ വരുമാനം കാട്ടി കമ്പനി സമാഹരിച്ചത് ഏകദേശം 100 കോടി ഡോളറാണ്. ഐ.പി.എൽ. ക്രിക്കറ്റ് സീരീസിൽ പരസ്യങ്ങളുമായി പ്രവർത്തനം വിപുലമാക്കി. 100 കോടി വിറ്റുവരവുള്ള കമ്പനിക്ക് 600 കോടി ഡോളറിന്റെ മൂല്യം വന്നത് സംശയ ദൃഷ്ടിയോടെയാണ് അന്ന് ഏവരും കണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം ക്രെഡിന്റെ വിറ്റുവരവ് 2,500 കോടി രൂപയിൽ നിന്ന് 3,200 കോടി രൂപയായി ഉയർന്നു. പ്രവർത്തനനഷ്ടം കുറയ്ക്കുകയും ചെയ്തു. ഐ.പി.ഒ. നടത്താൻ ലക്ഷ്യമിടുമ്പോഴാണ് മെറ്റ കമ്പനിയിൽ നിക്ഷേപകരായെത്തുന്നതും കുനാൽ ഷാ വാട്‌സാപ്പ് തലപ്പത്തേക്കു പോകുന്നതും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതിന് സുരക്ഷിതമായ പ്ലാറ്റ്‌ഫോം. അതിന് ചെറിയ പ്രതിഫലവും. ഇതാണ് ഏറ്റവും ചുരുക്കി ക്രെഡിന്റെ ബിസിനസ് മോഡൽ.

വരുമാനം?

ക്രെഡിറ്റ് കാർഡ് ബിൽ പേ ചെയ്യുന്നതിന് ഇൻവൈറ്റ് ഓൺലി ആപ്പായാണ് ക്രെഡ് എത്തിയത്. രാജ്യത്ത് അഞ്ചുകോടിയോളം സവിശേഷ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതിൽത്തന്നെ ഏറ്റവും മികച്ച ഉപഭോക്താക്കളെയാണ് ക്രെഡ് ലക്ഷ്യമിട്ടത്. ക്രെഡിന് 1.7 കോടി ഉപഭോക്താക്കളിൽ 1.1 കോടിയും മാസം മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിലുള്ള ഉപഭോക്താക്കളുടെ മൂന്നിലൊന്ന് മാത്രമാണ് കമ്പനിക്ക് വരുമാനമായി മാറിയിട്ടുള്ളതെന്നാണ് കണക്ക്. ഇത്തരം ഉപഭോക്താക്കളെ കണ്ടെത്തിയതാണ് കമ്പനിയുടെ കരുത്ത്.

വായ്പ, ഇൻഷുറൻസ്, ഷോപ്പിങ് പ്രമോഷൻ, ട്രാവൽ പാക്കേജുകൾ, നിക്ഷേപം, വെൽത്ത് മാനേജ്‌മെന്റ് അങ്ങനെ പോകുന്നു ക്രെഡിന് വരുമാനമെത്തുന്ന വഴികൾ. 90 ശതമാനം വരുമാനവും ഈവിധമാണ്. 2020 -ലാണ് ക്രെഡ് വായ്പാ സേവനങ്ങൾക്കു തുടക്കമിട്ടത്. നിലവിൽ 15,000 കോടിരൂപയാണ് മൊത്തം വായ്പകൾ. വാഹന ഇൻഷുറൻസ് പെയ്മന്റ്, പുതുക്കൽ, ട്രാഫിക് പിഴകൾ, പെട്രോൾ ബില്ലിന് കാഷ് ബാക്ക് എന്നിങ്ങനെ വാഹന രംഗത്തെ വിവിധ സേവനങ്ങൾക്കായി ക്രെഡിറ്റ് ഗാരേജ് എന്ന പ്ലാറ്റ്‌ഫോമുണ്ട്. 2024 സാമ്പത്തികവർഷം 42 ലക്ഷം വാഹനങ്ങളാണ് ഈ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നത്. യാത്രാ പാക്കേജുകളും ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണിനും ഫ്‌ളിപ്കാർട്ടിനുമായുള്ള പ്രോഡക്ട് പുഷ് നൽകുന്നതു വഴിയും വരുമാനമുണ്ടാക്കുന്നു. വെൽത്ത് മാനേജ്‌മെന്റ്, നിക്ഷേപ പ്ലാറ്റ്‌ഫോമായ കുവേരയെ ഏറ്റെടുത്ത് പുതിയ ബിസിനസിലേക്കു കടക്കുകയാണ് കമ്പനി.

അങ്ങനെ പുതിയ ആശയങ്ങളിലൂന്നിയുള്ള വേറിട്ട പ്ലാറ്റ്‌ഫോമായി ചുരുങ്ങിയകാലംകൊണ്ട് ക്രെഡ് മാറി. കുനാൽ ഷാ അതിനെ മാറ്റിയെടുത്തു. ഈ മാറ്റത്തിൽ ആകർഷകമായാണ് മെറ്റ ഒപ്പമെത്തുന്നതും കുനാലിനെ കൂടെച്ചേർക്കുന്നതും. യു.പി. ഐ. പേമെന്റ് രംഗത്ത് എങ്ങുമെത്താതെ മരവിച്ചുപോയ വാട്‌സാപ്പ് പേയ്‌ക്കൊപ്പം ഇന്ത്യയുടെ ഫിൻടെക് രംഗത്ത് മെറ്റയ്‌ക്കൊരു സ്ഥാനവും മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

Content Highlights: Evolution from a niche credit card bill payment app to a diversified fintech platform., Strategic focus on high-value, creditworthy customers., Revenue diversification via loans, insurance, and wealth management (Kuvera acquisition)., Significant reduction in operational losses and increase in turnover to 3,200 crore INR., Strategic alignment with Meta and WhatsApp Pay for future market expansion.