കൊറോണ പ്രതിരോധം; പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകളെ സഹായിക്കുന്ന ആശയവുമായി മലയാളി

-
-

കോഴിക്കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സഹായകമാവുന്ന ആശയവുമായി മലയാളി. ലോക്ക്ഡൗണ്‍ ചെയ്യപ്പെട്ട സാഹചര്യത്തില്‍  ആവശ്യങ്ങള്‍ എന്തുമാകാം. ആഹാരത്തിനാകാം, വൈദ്യസഹായത്തിനാകാം അങ്ങനെ എന്തിനും. പുതിയ ഒരു ആപ്ലിക്കേഷന്റെയും സഹായമില്ലാതെ വളരെ ലളിതമായി വാട്‌സാപ്പ് ഉപയോഗിച്ചുകൊണ്ട് വീട്ടിലിരിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍  പഞ്ചായത്തിനെ അറിയിക്കാം.

കോഴിക്കോട് പ്രവര്‍ത്തിക്കുന്ന കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് ആണ് ഓഫോ എന്നപേരില്‍ ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലൂടനീളമുള്ള പഞ്ചായത്തുകള്‍ക്കും മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങളുമായി വളരെ എളുപ്പം സംവദിക്കാനുള്ള വഴിയാണിത്. 

ഇതിനായി അധികൃതര്‍ ഒരു പ്രത്യേക ഇമെയില്‍ ഐഡി തയ്യാറാക്കുകയും അതില്‍ വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുമായി ഒരു സംവിധാനം ഒരുക്കുകയും ചെയ്താല്‍ മാത്രം മതി. 

ഒരേ ഒരു വാട്‌സാപ്പ് നമ്പര്‍ വഴി കേരളത്തിലുടനീളമുള്ള ഏത് പഞ്ചായത്ത് അധികൃതരുമായും ബന്ധപ്പെടാന്‍ ഇതിലൂടെ സാധിക്കും. സന്ദേശങ്ങള്‍ അയക്കുന്നയാളുടെ ലൊക്കേഷന്‍ വാട്‌സാപ്പില്‍ ലഭിക്കാനും അതുവഴി അയാള്‍ക്ക് വേണ്ട സഹായം എത്തിക്കാനും അധികൃതര്‍ക്ക് എളുപ്പമാവും. 

നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള ഈ സംവിധാനം തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ ലഭ്യമാക്കിയിട്ടുണ്ട് എന്ന് കണ്‍സോള്‍ ടെക്‌നോ സൊലൂഷന്‍സ് എഞ്ചിനീയറായ അരവിന്ദ് മംഗലശ്ശേരി പറഞ്ഞു. സര്‍ക്കാരിന്റെ അനുവാദം ലഭിച്ചാല്‍ മാത്രമേ ഈ സംവിധാനം പൊതു ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊറോണ ബോധവല്‍കരണത്തിനും വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ സമാനമായ ഒരു വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കിയിരുന്നു. ഇതുവഴി കൊറോണ പകര്‍ച്ചാവ്യാധിയെകുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് വളരെ എളുപ്പം സാധിക്കും.

Content Highlights: corona pandemic whatsapp number panchayat local governing bodies 

Content Highlights: