കുതിരകൾക്ക് പണിയില്ലാതാകുമോ! ഏതുവഴിയും താണ്ടും കാവസാക്കിയുടെ ഈ റോബോ; കരുത്തേകുന്നത് ഹൈഡ്രജൻ | വീഡിയോ

സഞ്ചാരത്തിനായി പ്രാചീനകാലം മുതല്‍ മനുഷ്യന്‍ ഉപയോഗിക്കുന്നതാണ് കുതിരകളെ. ഇന്നും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത പലയിടങ്ങളിലും മനുഷ്യന്‍ കുതിരപ്പുറത്തേറിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ആ കുതിരകളുടെ 'പണി പോകു'മെന്നാണ് ടെക് ലോകത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.
ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച നാല്‍ക്കാലി റോബോട്ടാണ് ഭാവിയില്‍ കുതിരകള്‍ക്ക് പകരക്കാരനായേക്കുക. കോര്‍ലിയോ എന്നാണ് ഈ റോബോയുടെ പേര്. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍ലിയോയ്ക്ക് എത്ര ദുര്‍ഘടമായ വഴിയും താണ്ടാന്‍ കഴിയുമെന്നാണ് കാവസാക്കി പറയുന്നത്.
ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന എക്‌സ്‌പോ 2025-ലാണ് കോര്‍ലിയോയുടെ കണ്‍സപ്റ്റ് കാവസാക്കി അവതരിപ്പിച്ചത്. കോര്‍ലിയോയുടെ കഴിവുകള്‍ പ്രകടമാക്കുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് ബൈക്കിന്റേതിന് സമാനമാണ് കോര്‍ലിയോയുടെ മുന്‍ഭാഗം. പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ മോണ്‍സ്റ്ററിന്റെ ലോഗോയ്ക്ക് സമാനമായ മൂന്ന് പച്ച വരകള്‍ റോബോയുടെ നെഞ്ചിന്റെ മുന്‍ഭാഗത്തായി കാണാം.
രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ കാട്ടിലൂടെയും പാറക്കെട്ട് നിറഞ്ഞ മലനിരകളിലൂടെയും മഞ്ഞിലൂടെയുമെല്ലാം കുതിച്ചുപായുന്ന കോര്‍ലിയോയെ വീഡിയോയില്‍ കാണാം. ദുര്‍ഘടമായ വഴികളില്‍ സുഗമമായി സഞ്ചരിക്കാനും ഗ്രിപ്പ് ലഭിക്കാനുമായി കോര്‍ലിയോയുടെ നാല് കാലുകളിലും റബ്ബര്‍ 'കുളമ്പുകള്‍' ഘടിപ്പിച്ചിട്ടുണ്ട്.
ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന 150 സിസി ശേഷിയുള്ള എഞ്ചിന്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണ് കോര്‍ലിയോയുടെ നാല് കാലുകള്‍ക്കും കരുത്തേകുന്നത്. മുന്നിലെ രണ്ട് കാലുകള്‍ക്കിടയിലാണ് ഹൈഡ്രജന്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. പിന്‍ഭാഗത്താണ് ഹൈഡ്രജന്‍ ടാങ്കുകള്‍.
ഇന്ധനത്തിന്റെ നില, നാവിഗേഷന്‍ വിവരങ്ങള്‍, സെന്റര്‍ ഓഫ് ഗ്രാവിറ്റി സ്ഥാനം തുടങ്ങിയ എല്ലാ വിവരങ്ങളും മുന്നിലുള്ള ഇന്‍സ്ട്രുമെന്റ് പാനലില്‍ കാണാം. രാത്രി സഞ്ചരിക്കുമ്പോള്‍ നാവിഗേഷന്‍ മാര്‍ക്കുകള്‍ മുന്നിലെ വഴിയിലേക്ക് പ്രൊജക്റ്റ് ചെയ്ത് കാണിക്കാനും കോര്‍ലിയോയ്ക്ക് കഴിയും.
എന്തായാലും നിലവില്‍ കാവസാക്കിയുടെ സങ്കല്‍പ്പം മാത്രമാണ് കോര്‍ലിയോ. പുറത്തുവിട്ട വീഡിയോ പൂര്‍ണമായി കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെയാണ് നിര്‍മ്മിച്ചതെന്നാണ് വിവരം. കോര്‍ലിയോയുടെ പ്രോട്ടോടൈപ്പ് എപ്പോള്‍ വരുമെന്നോ ഉത്പാദനം എപ്പോള്‍ തുടങ്ങുമെന്നോ എത്ര വില വരുമെന്നോ തുടങ്ങി മറ്റൊരു വിവരവും കമ്പനി ഇപ്പോള്‍ പറഞ്ഞിട്ടില്ല. കോര്‍ലിയോയുടെ കുതിപ്പിനായി നമുക്കും കാത്തിരിക്കാം.
Content Highlights: Kawasaki Corleo: The Robotic Motorcycle That’s Half Bike