കൊക്കോണ്‍ 2024; സൈബര്‍ സുരക്ഷാ മത്സരത്തില്‍ ആദ്യ 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി UST

കൊക്കോണ്‍ 2024 സൈബര്‍ സുരക്ഷാ മത്സരത്തില്‍ വിജയികളായ യുഎസ്ടി ടീം
കൊക്കോണ്‍ 2024 സൈബര്‍ സുരക്ഷാ മത്സരത്തില്‍ വിജയികളായ യുഎസ്ടി ടീം

തിരുവനന്തപുരം: അന്തരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സായ കൊക്കോണ്‍ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചര്‍ ദ ഫ്‌ലാഗ് (സി ടി എഫ്) മത്സരത്തില്‍ വിജയം നേടി യു എസ് ടി. ഇന്ത്യയിലെമ്പാടു നിന്നുമുള്ള  35 ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ്  യുഎസ് ടി കേരള കേന്ദ്രങ്ങളിലെ ടീമുകള്‍ വിജയികളായത്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദ ലീല ഹോട്ടലില്‍ വച്ചു നടന്ന മത്സരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷന്‍ (ഇസ്ര) ആണ് സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വച്ചു നടന്ന കൊക്കോണ്‍ 2023 ലെ മത്സരങ്ങളിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത് യു എസ് ടി യില്‍ നിന്നുള്ള ടീമുകളാണ്.

യു എസ് ടിയുടെ കേരളത്തിലെ ഓഫീസുകളിലെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം പ്രൊഫഷനലുകളാണ് ആദ്യ മൂന്ന് പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡായ ഷൈന്‍ മുഹമ്മദ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് ആനന്ദ് ശ്രീകുമാര്‍ എന്നിവരടങ്ങിയ ടീം ആര്‍38007 ഒന്നാം സമ്മാനത്തിന് അര്‍ഹമായപ്പോള്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡ് ഷിബിന്‍ ബി ഷാജി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് ഗോകുല്‍ കൃഷ്ണ എസ് എന്നിവരുടെ ടീം ലോക്കല്‍ഗോസ്റ്റ് ആദ്യ റണ്ണര്‍ അപ്പ് ആയി. 

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡ് വിഷ്ണു പ്രസാദ് ജി, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് അതുല്‍ നായര്‍ എന്നിവരടങ്ങിയ ടീം സൈബര്‍ നിഞ്ചാസ് രണ്ടാം റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളായ ടീമിന് ഇ ആര്‍ എന്‍ ഡബ്ലിയു ജര്‍മനിയിലെ ഗവേഷകനായ ഡേവിഡ് ബാപ്ടിസ്റ്റെ, ബീഗിള്‍ സെക്യൂരിറ്റി സി ഇ ഒ റെജാഹ് റഹിം എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.  ഇന്‍ഫര്‍മേഷന്‍ സുരക്ഷ, സ്വകാര്യത തുടങ്ങിയവയെപ്പറ്റിയുള്ള വിദ്യാഭ്യാസം, പുത്തന്‍ കണ്ടുപിടുത്തങ്ങള്‍, അവബോധം  സൃഷ്ടിക്കല്‍ എന്നിവയാണ് കൊക്കോണ്‍ ലക്ഷ്യമിടുന്നത്. ഗാന്ധിനഗറില്‍ നടന്ന 17 -ാമത് കൊക്കോണ്‍ കോണ്‍ഫറന്‍സില്‍ ലോകത്തെമ്പാടുനിന്നുമുള്ള സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, തുടങ്ങിയര്‍ പങ്കെടുത്തു.
 

Content Highlights: Cocoon 2024; UST wins top 3 positions in cyber security competition