അഞ്ച് ലക്ഷം രൂപയ്ക്ക് ചൈനയുടെ ഹ്യൂമനോയ്ഡ് റോബോട്ട്; ടെസ്‌ലയ്ക്കടക്കം വെല്ലുവിളി

വിലകുറഞ്ഞതും എന്നാല്‍ നിരവധി കഴിവുകള്‍ ഉള്ളതുമായ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ചൈനീസ് കമ്പനി. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മുകളില്‍ (6,000 ഡോളര്‍) വില വരുന്ന ഈ റോബോട്ട് സമാനമായ ബോട്ടുകള്‍ നിര്‍മ്മിക്കുന്ന മറ്റ് കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.
യൂണിട്രീ റോബോട്ടിക്‌സിന്റെ പുതിയ R1 റോബോട്ട് വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്. ഇത് കൈകുത്തി നില്‍ക്കുകയും തുടര്‍ച്ചയായി ഇടിക്കുകയും ചെയ്യുന്നതടക്കമുള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 55 പൗണ്ട് ഭാരമുള്ളതാണ് R1 റോബോട്ട്. ചലനങ്ങള്‍ സാധ്യമാക്കുന്നതിനായി ഇതിന് 26 ജോയിന്റുകളുമുണ്ട്. ശബ്ദവും ചിത്രവും തിരിച്ചറിയാനുള്ള കഴിവ് ഉള്‍പ്പെടെ മള്‍ട്ടിമോഡല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.
റോബോട്ടിക് ചലനത്തിലും ബാലന്‍സിലും ഒരു സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നതാണ് R1. മികച്ച ബോക്‌സിംഗ് കഴിവുകളാണ് റോബോട്ട് പ്രകടിപ്പിക്കുന്നത്. മലര്‍ന്നു കിടക്കുന്ന അവസ്ഥയില്‍നിന്ന് കൈകള്‍ ഉപയോഗിക്കാതെ എഴുന്നേറ്റ് നില്‍ക്കാനും കഴിയും.
വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയയില്‍ R1 നെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയും ഉയര്‍ന്നുവന്നിട്ടുണ്ട്. റോബോട്ടിന് ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു വീഡിയോ കണ്ട ഭൂരിഭാഗം പേരുടെയും ചോദ്യം. നായയെ നടക്കാന്‍ കൊണ്ടുപോകാനും കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കാനും ഇതിന് കഴിയുമോ? എന്നും ആരാഞ്ഞവരുണ്ട്. അതിനിടെ, പലരും ഇലോണ്‍ മസ്‌കിനെയും അദ്ദേഹത്തിന്റെ ടെസ്ല ഒപ്റ്റിമസ് കമ്പനിയെയും ടാഗ് ചെയ്തു. ജോലികള്‍ ചെയ്യാന്‍ കഴിവുള്ള, രണ്ടുകാലില്‍ നില്‍ക്കുന്ന ഹ്യൂമനോയിഡുകളെയാണ് ഈ കമ്പനിയും വികസിപ്പിക്കുന്നത്. നിങ്ങള്‍ ഇപ്പോഴും മത്സര രംഗത്തുണ്ടോ? അടുത്ത വര്‍ഷം ഇവര്‍ (യൂണിട്രീ) റോബോട്ടിനെ വിപണിയിലിറക്കുമ്പോള്‍ നിങ്ങള്‍ ഇനിയും കുറച്ച് വര്‍ഷങ്ങള്‍കൂടി ലാബില്‍ തുടരുമെന്ന് കരുതുന്നുവെന്നും ചിലര്‍ പറഞ്ഞു.
മസ്‌കിന്റെ കമ്പനിക്ക് പുറമെ യുഎസ് സ്ഥാപനമായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് അതിന്റെ അറ്റ്‌ലസ് റോബോട്ടുകളുമായി ഹ്യൂമനോയിഡ് റോബോട്ട് വിപണിയിലെത്തുന്നുണ്ട്. എന്നിരുന്നാലും, വെറും 5 ലക്ഷം രൂപയ്ക്ക് നൂതനമായ മനുഷ്യരൂപമുള്ള ഒരു റോബോട്ട് വിജയകരമായി വിപണിയിലെത്തിച്ചാല്‍ റോബോട്ടിക്‌സ് - എഐ മത്സരത്തില്‍ അത് ചൈനയ്ക്ക് ഒരു പ്രധാന നാഴികക്കല്ലായി മാറും. നിലവില്‍ യൂണിട്രീയുടെ വലുതും കൂടുതല്‍ നൂതനവുമായ H1 എന്ന ഹ്യൂമനോയിഡ് റോബോട്ട് 77 ലക്ഷം രൂപയ്ക്ക് (90,000 ഡോളര്‍) മുകളിലാണ് വില്‍ക്കുന്നത്. 13.8 ലക്ഷം രൂപ (16,000 ഡോളര്‍) വിലയുള്ള യൂണിട്രീയുടെ പഴയ G1 ഹ്യൂമനോയിഡ് ഗവേഷണശാലകളിലും സ്‌കൂളുകളിലും ഉപയോഗിച്ചതിന് പിന്നാലെ പ്രശസ്തി നേടിയിരുന്നു.
Content Highlights: Unitree Robotics unveils affordable R1 humanoid robot with impressive boxing and gymnastic skills