സൈബര്‍ തട്ടിപ്പിന് കളമൊരുക്കി ചൈനീസ് ആപ്പുകള്‍

കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബര്‍ കൊള്ളയ്ക്കു പിന്നില്‍ ചൈനീസ് ആപ്പുകള്‍ക്കും പങ്ക്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം വ്യാജ ആപ്പുകള്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നവര്‍ ഉപയോഗിക്കുന്നു. വിവിധ കമ്പനികളുടെ വിവരങ്ങളിലേക്കും വ്യക്തികളുടെ ബാങ്ക് ഡേറ്റയിലേക്കും നുഴഞ്ഞുകയറാനും എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ആളുകളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പ്രായം, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ ഇത്തരം ആപ്പുകള്‍ വഴി ശേഖരിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ വിതരണ ശൃംഖലയെ നിരീക്ഷിക്കാനും ഉറവിടത്തില്‍നിന്ന് നേരിട്ട് ഡേറ്റ ശേഖരിക്കാനുമാണ് വ്യാജ ആപ്പുകള്‍ ഉപയോഗിക്കുന്നത്.
ഇതോടൊപ്പം സൈബര്‍ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡേറ്റകള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ ബാങ്ക് കാര്‍ഡുകളുടെ വിവരങ്ങള്‍ അറിയാനും തട്ടിപ്പ് സംഘങ്ങള്‍ ഇത്തരം ഡേറ്റാ ശേഖരം വിലയ്ക്കു വാങ്ങുന്നുണ്ട്. ധനകാര്യ-ഓഹരി ഇടപാട് കമ്പനികളുടെ വെബ് സൈറ്റിനു സമാനമായി വ്യാജ സൈറ്റുകള്‍ നിര്‍മിക്കാനും വ്യാജ പ്രൊൈഫലുകളും ഐ.ഡി.കളും ഉണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു.
ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, പ്ലേസ്റ്റോറുകളില്‍ ലഭിക്കാത്ത ഇത്തരം ആപ്പുകള്‍ ഡാര്‍ക്ക് വെബില്‍ നിന്നും മറ്റും സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ എടുക്കുന്നുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖ വെച്ചെടുക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ച് കോള്‍ സെന്ററുകള്‍ വഴിയുള്ള തട്ടിപ്പിനു പിന്നിലും ചൈനീസ് ബന്ധമുണ്ട്. കംബോഡിയ, മ്യാന്‍മാര്‍, ലാവോസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാകും വിളികള്‍ എത്തുക. ഇവിടെ ജോലിചെയ്യുന്ന മലയാളി സംഘങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നവരുമുണ്ട്. യഥാര്‍ഥ യു.ആര്‍.എല്ലിന് സമാനമായ ഒരു യു.ആര്‍.എല്‍. ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്. ഓഹരിനിക്ഷേപ രംഗത്താണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകം.
Content Highlights: Fake Chinese apps, unavailable on Play Store, are used for cyber theft, accessing bank details