പ്രായമായവര്‍ക്കടക്കം അനായാസം നടക്കാം, ഓടാം; വൈറലായി ചൈനയിലെ റോബോട്ടിക് കാലുകള്‍

ഏവരെയും അമ്പരപ്പിച്ചുകൊണ്ട് വെയറബിള്‍ ടെക്നോളജിയുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. അത്തരത്തില്‍ ഒന്നാണ് ചലനശേഷി വര്‍ധിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത റോബോട്ടിക് കാലുകള്‍. അമേരിക്കന്‍ കണ്ടന്റ് ക്രിയേറ്ററായ ക്രിസ്റ്റ്യന്‍ ഗ്രോസി ചൈന സന്ദര്‍ശനത്തിനിടെ ഈ റോബോട്ടിക് കാലുകള്‍ പരീക്ഷിക്കുകയും അനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. വന്‍ പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
1.8 കിലോഗ്രാം മാത്രം ഭാരമുള്ള റോബോട്ടിക് കാലുകളാണ് വീഡിയോയില്‍ ഗ്രോസി ധരിക്കുന്നത്. ഒരു ജീവനക്കാരന് ഈ ഉപകരണം അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ക്ക് ചുറ്റും ശ്രദ്ധാപൂര്‍വ്വം ഘടിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. വൈകാതെ റോബോട്ടിക് കാലുകള്‍ അദ്ദേഹത്തിന്റെ നടത്തത്തെ സഹായിക്കാന്‍ തുടങ്ങി. 'ഇത് എനിക്കുവേണ്ടി ചലിക്കുന്നു' എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം നടക്കാനും ഓടാനും തുടര്‍ന്നപ്പോള്‍ റോബോട്ടിക് കാലുകള്‍ അദ്ദേഹത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച് തത്സമയം ക്രമീകരിക്കപ്പെടുകയും ശാരീരികാധ്വാനം കുറയ്ക്കുകയും ചെയ്തു. ഉപകരണം സ്വതന്ത്രമായി ചലിക്കുകയും വലിയ പ്രയത്നം ആവശ്യമില്ലാതെതന്നെ ഓടാന്‍ ഗ്രോസിയെ അനുവദിക്കുകയും ചെയ്തു. നടത്തം എളുപ്പമാക്കി എന്നും അദ്ദേഹം വീഡിയോയില്‍ പറയുനനുണ്ട്.
ചലനശേഷിയില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വലിയ കായികാധ്വാനം ആവശ്യമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഈ ഉപകരണം സഹായകരമാകുമെന്ന് കരുതപ്പെടുന്നു. ഇത് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വളരെ പ്രയോജനകരമാകും എന്നാണ് വീഡിയോ കണ്ട് പലരും അഭിപ്രായപ്പെട്ടത്. ലോകത്തിലെ ഏറ്റവും മുന്‍നിരയിലുള്ളതും നൂതനവുമായ സാങ്കേതികവിദ്യ ചൈനയുടെ കൈവശമാണെന്ന് വൈകാതെ തന്നെ യുഎസ്എ തിരിച്ചറിയേണ്ടിവരും എന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Content Highlights: Explore China`s revolutionary robotic assistive legs that help you walk & run with ease